
മദ്യപിച്ച് സൈക്കിളോടിച്ചതിന് പിന്നാലെ ജപ്പാനിൽ ഏകദേശം 900 പേരുടെ കാർ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി. കറോടിക്കുമ്പോൾ ഇവർ അപകടം വരുത്താനുള്ള സാധ്യതയുണ്ട് എന്ന് കാണിച്ചാണ് ഇവരുടെ ലൈസൻസ് റദ്ദ് ചെയ്തിരിക്കുന്നത്. സൈക്കിൾ യാത്രക്കാർക്ക് കർശനമായ പിഴ ചുമത്തുന്ന ട്രാഫിക് നിയമങ്ങൾ അടുത്തിടെയാണ് ജപ്പാനിൽ നിലവിൽ വന്നത്. പിന്നാലെ, ജനുവരി മുതൽ സെപ്റ്റംബർ വരെ സസ്പെൻഡ് ചെയ്ത കാർ ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണം പരിശോധിച്ചാൽ അവ കഴിഞ്ഞ വർഷത്തേക്കാൾ കുത്തനെ വർദ്ധിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ നിലവിൽ വന്ന പുതിയ നിയമങ്ങൾ പ്രകാരം, മദ്യപിച്ച് സൈക്കിൾ ചവിട്ടുന്നവർക്ക് മൂന്ന് വർഷം വരെ തടവോ പരമാവധി 500,000 യെൻ (3,200 ഡോളർ) പിഴയോ ലഭിക്കും. ബ്രീത്ത് ആൽക്കഹോൾ പരിശോധനയിൽ ലിറ്ററിന് 0.15 മില്ലിഗ്രാമോ അതിൽ കൂടുതലോ കണ്ടെത്തിയാൽ സൈക്കിളോടിച്ചവർക്കെതിരെ പിഴ ചുമത്താമെന്നും ഈ നിയമം പറയുന്നു. പുതിയ നിയമം വരുന്നതിന് മുമ്പ്, മദ്യപിച്ച് സൈക്കിൾ ശരിക്കും ഓടിക്കാൻ കഴിയാത്തവർക്ക് മാത്രമാണ് പിഴ അടക്കേണ്ടിയിരുന്നത്. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ മാറി.
സൈക്കിൾ യാത്രക്കാർക്ക് മദ്യം നൽകുന്നവർക്കും, മദ്യപിച്ച് സൈക്കിൾ ഓടിക്കുന്നവർക്ക് സൈക്കിൾ നൽകാൻ തയ്യാറാവുന്നവർക്കും പിഴകൾ ബാധകമായേക്കാം. 2024 നവംബറിനും ഈ വർഷം ജൂണിനും ഇടയിൽ ജപ്പാനിലുടനീളം 4,500 -ലധികം പേർ മദ്യപിച്ച് സൈക്കിൾ ചവിട്ടിയതായിട്ടാണ് പൊലീസ് കണക്കുകൾ പറയുന്നതെന്നാണ് മൈനിച്ചി പത്രം റിപ്പോർട്ട് ചെയ്യുന്നത്.
പകർച്ചവ്യാധിയുടെ സമയത്താണ് സൈക്കിളുകൾക്ക് പ്രിയമേറിയത്. എന്നാൽ, പിന്നാലെ നിയമം വരികയും ചെയ്തു. പക്ഷേ, അപകടങ്ങളും അതുപോലെ കൂടി വരികയാണ്. 2023 -ൽ ജപ്പാനിൽ 72,000 -ത്തിലധികം സൈക്കിൾ അപകടങ്ങളാണ് രേഖപ്പെടുത്തിയത്. ഇത് രാജ്യത്തെ എല്ലാ ഗതാഗത അപകടങ്ങളുടെയും 20% -ത്തിലധികമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.