
ഇന്ത്യയിലെ ട്രാഫിക്കും ട്രെയിൻ വൈകുന്നതും എല്ലാം ആളുകളുടെ ജീവിതത്തിന്റെ ഭാഗം ആയിക്കഴിഞ്ഞു. മിക്ക ട്രെയിനുകളും വൈകിയാണ് മിക്കവാറും എത്തുക. എന്നാൽ ഇന്ത്യയിലെ ഈ സാഹചര്യത്തെ ജപ്പാനുമായി താരതമ്യം ചെയ്യുകയാണ് ഒരു ഇന്ത്യൻ യുവതി. 'ഇന്ത്യയിൽ 15 മിനിറ്റ് ട്രെയിൻ വൈകുന്നത് പോലും വളരെ സാധാരണയായ ഒരു കാര്യം ആയിട്ടാണ് കാണുന്നത്. എന്നാൽ ജപ്പാനിൽ 10 സെക്കന്റ് ട്രെയിൻ വൈകിയാലും അതിനു ഔദ്യോഗികമായി ക്ഷമാപണം നടത്തും' എന്നാണ് യുവതി പറയുന്നത്.
ഇന്ത്യൻ റോഡുകളിൽ അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ചും യുവതിയുടെ പോസ്റ്റിൽ പറയുന്നുണ്ട്. റാലികൾ, പ്രതിഷേധങ്ങൾ, പണിമുടക്കുകൾ എന്നിവ കാരണം ഗതാഗതക്കുരുക്ക് ഇവിടെ സാധാരണമാണ്, ഇത് ദിവസേനയുള്ള നമ്മുടെ യാത്രകൾ മണിക്കൂറുകൾ നീണ്ടതാക്കുന്നു. എന്നാൽ, ജപ്പാനിൽ, 10 കിലോമീറ്റർ ഡ്രൈവ് ചെയ്യാൻ 12 മിനിറ്റ് മാത്രമേ എടുക്കൂ എന്നാണ് പോസ്റ്റിൽ പറയുന്നത്.
വിമാനയാത്രയുടെ കാര്യവും മറിച്ചല്ല എന്നും യുവതി കുറിക്കുന്നു. ഇന്ത്യയിൽ 25 ശതമാനം വിമാനങ്ങളും വൈകാറുണ്ട് എന്നാണ് യുവതി പറയുന്നത്. ഇന്ത്യയിൽ നമ്മുടെ സമയത്തിന് യാതൊരു വിലയും ഇല്ല എന്ന് പറഞ്ഞു കൊണ്ടാണ് യുവതി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. യുവതി എക്സിൽ (ട്വിറ്റർ ) കുറിച്ചിരിക്കുന്ന പോസ്റ്റ് വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ പോസ്റ്റിനു കമന്റുകളും നൽകിയിട്ടുണ്ട്. ചിലരൊക്കെ തമാശയായിട്ടാണ് ഇതിന് കമന്റുകൾ നൽകിയത്. എന്നാൽ, മറ്റ് ചിലർ എന്തായിരിക്കാം ഇതിന് കാരണം എന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടുള്ള കമന്റുകൾ നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ജനസംഖ്യ കൂടുതലാണ്, നിയമങ്ങൾ പാലിക്കുന്നതിൽ ആളുകൾ വിമുഖതയാണ്, ഇതൊക്കെ ഇന്ത്യക്കാർക്ക് ജീവിതത്തിന്റെ ഭാഗമായി തുടങ്ങിയ കമന്റുകളാണ് പലരും നൽകിയത്.