ജാപ്പനീസ് ചെന്നായ മിഥ്യയോ, സത്യമോ? യാഗിയുടെ അന്വേഷണങ്ങള്‍

By Web TeamFirst Published Nov 22, 2019, 3:44 PM IST
Highlights

എന്നാൽ, 100 വർഷമായി വംശനാശം സംഭവിച്ചു എന്ന് കരുതിയ വേട്ടക്കാരനായ ഒരു ചെന്നായ ഇപ്പോഴും ജാപ്പനീസ് പർവതങ്ങളിൽ ഉണ്ടെന്നു കേട്ടാലോ?  വിശ്വസിക്കാൻ പ്രയാസമായിരിക്കും. പക്ഷേ, സത്യമാണ്. അതിനെ ചുറ്റിപ്പറ്റി വലിയ ചില അന്വേഷണ യാത്രകളും നടക്കുന്നുണ്ട്.
 

രാത്രിയുടെ അന്ത്യയാമങ്ങളിൽ എപ്പോള്‍ വേണമെങ്കിലും വന്ന് കടിച്ചുകുടഞ്ഞേക്കാവുന്ന ചെന്നായയുടെ മുഖവും മനുഷ്യന്‍റെ ശരീരവുമുള്ള രക്തദാഹിയായ വെയർവോൾഫിന്‍റെ കഥകൾ നമ്മൾ കുട്ടിക്കാലത്തു കേട്ടിട്ടുണ്ട്. പല രാത്രികളിലും അതിന്‍റെ കാലൊച്ച കാതോർത്ത് ഭീതിയോടെ കിടന്നിട്ടുണ്ട്. പക്ഷേ, വലുതായപ്പോൾ അതൊക്കെ വെറും സങ്കല്പമാണെന്ന് തിരിച്ചറിഞ്ഞു. 

ജപ്പാന്‍റെ കഥകളിയും വിശ്വാസങ്ങളിലും ചെന്നായയുടെ സാന്നിധ്യം വളരെ അധികമായി കാണാം. അവയ്ക്കായി ജപ്പാനിൽ നിരവധി ആരാധനാലയങ്ങൾ ഉണ്ട്. മിത്സുമൈൻ ദേവാലയം അത്തരമൊന്നാണ്. അത് സ്ഥാപിച്ചത് ഒരു രാജകുമാരനാണ്. അന്ന് പർവതനിരയിലെ മൂടൽമഞ്ഞിൽ വഴിതെറ്റിപ്പോയ ആ രാജകുമാരനെ സുരക്ഷിതമായി തിരിച്ചെത്തിച്ച ഒരു വലിയ വെളുത്ത ചെന്നായയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ടതാണത്. 

എന്നാൽ, 100 വർഷമായി വംശനാശം സംഭവിച്ചു എന്ന് കരുതിയ വേട്ടക്കാരനായ ഒരു ചെന്നായ ഇപ്പോഴും ജാപ്പനീസ് പർവതങ്ങളിൽ ഉണ്ടെന്നു കേട്ടാലോ?  വിശ്വസിക്കാൻ പ്രയാസമായിരിക്കും. പക്ഷേ, സത്യമാണ്. അതിനെ ചുറ്റിപ്പറ്റി വലിയ ചില അന്വേഷണ യാത്രകളും നടക്കുന്നുണ്ട്.

ചിചിബു താമ കായ് ദേശീയോദ്യാനത്തിലൂടെ ഹിരോഷി യാഗി എന്ന പർവതാരോഹകൻ വണ്ടിയോടിച്ചു പോകുകയായിരുന്നു. പെട്ടെന്ന് ഇടതുവശത്തുള്ള പുഴയുടെ തീരത്തുനിന്ന് ഒരു മൃഗം അവന്‍റെ മുന്നിലൂടെ കടന്നുപോയി. ആ മൃഗത്തിന്‍റെ നിരവധി ചിത്രങ്ങൾ അയാൾ എടുത്തു. അത് ഒരു ചെന്നായ ആണെന്ന് മാത്രം അയാൾക്കു മനസിലായി. യാഗി മധ്യ ജപ്പാനിലെ ചിച്ചിബുവിനു ചുറ്റുമുള്ള പർവതങ്ങളിൽ ഒരുപാടു യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ, തന്റെ ജീവിതത്തിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു മൃഗത്തെ മുഖാമുഖം കാണുന്നത്. അദ്ദേഹമതിന്‍റെ നേരെ ഒരു അരിപ്പപ്പടം നീട്ടി. പക്ഷേ, അതവന്‍ സ്വീകരിച്ചില്ല. അതിന് ഒരു കാട്ടുമൃഗത്തിന്‍റെ മണമുണ്ടോ എന്നും യാഗി മണത്തുനോക്കി. പക്ഷേ, അതിന് മണമേ ഇല്ലായിരുന്നു. അതുപോലെത്തന്നെ അപകടഭീതിയും ഇല്ലായിരുന്നു. 

ജപ്പാനിൽ കുറഞ്ഞത് 100 വർഷമായി ജാപ്പനീസ് ചെന്നായ്ക്കൾക്കു വംശനാശം സംഭവിച്ചതായിട്ടാണ് ശാസ്ത്രീയ രേഖകൾ പറയുന്നത്. അവസാനമായി അറിയപ്പെടുന്ന ജാപ്പനീസ് ചെന്നായയുടെ അവശിഷ്ടങ്ങൾ ഒരു സുവോളജിസ്റ്റ് 1905 -ൽ ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്ക് അയച്ചിരുന്നു. എന്നാൽ, യാഗി പകർത്തിയ ചിത്രങ്ങൾ ജാപ്പനീസ് കാടുകളിൽ അവയുടെ സാന്നിധ്യമുണ്ടെന്നതിന്‍റെ സൂചന നല്‍കുന്നതായിരുന്നു.

ജാപ്പനീസ് ചെന്നായയെ യാഗി പിന്തുടരുന്നത് അതിനെ കാണുന്നതിന് 20 വർഷങ്ങൾക്ക് മുമ്പാണ്. അദ്ദേഹം ഒരു പർവതാരോഹണ സംഘത്തിൽ രാത്രി വാച്ച് ഡ്യൂട്ടിയിലായിരുന്നു. അപ്പോഴാണ് എന്തോ ഒന്ന് ഓരിയിടുന്ന ശബ്‌ദം കേട്ടത്.  “1912 മുതൽ ജാപ്പനീസ് ചെന്നായയ്ക്ക് വംശനാശം സംഭവിച്ചതായി എനിക്കറിയാം, പക്ഷേ, ജീവനോടെയില്ലാത്ത ഒന്നിന്‍റെ ഒച്ച കേൾക്കാൻ കഴിയിലല്ലോ?'' അയാൾ പറഞ്ഞു. അതോടെ അവയ്ക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്നും അത് എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും തോന്നിയ യാഗി അവയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു. 

ആ രാത്രിയിൽ അദ്ദേഹം പകർത്തിയ ഫോട്ടോഗ്രാഫുകൾ ഒരു പ്രമുഖ ജാപ്പനീസ് സുവോളജിസ്റ്റ് പരിശോധിക്കാൻ ഇടയായി. പരിശോധിച്ച ശേഷം സുവോളജിസ്റ്റ് ആ മൃഗം ചെന്നായയെപ്പോലെയാണ് എന്ന് പറഞ്ഞു. പല അക്കാദമിക് വിദഗ്ധരും അവയുടെ  നിലനിൽപ്പിനെക്കുറിച്ച് സംശയം പ്രകടിപ്പിക്കുമ്പോൾ, യാഗിയുടെ ഫോട്ടോകളിലെ മൃഗങ്ങൾ ജാപ്പനീസ് ചെന്നായയുമായി സാമ്യമുണ്ടെന്ന് ചില വിദഗ്ധർ ഉറപ്പിച്ച് പറഞ്ഞു. ഈ മൃഗം “ചിച്ചിബു യാക്കെൻ” (അല്ലെങ്കിൽ ചിച്ചിബു കാട്ടുനായ്) എന്നാണ് അറിയപ്പെടുന്നത്. ചിത്രങ്ങൾ പരസ്യമാക്കിയപ്പോൾ, ചെന്നായയുടെ നിലവിളി കേട്ടതായും അതിനെ കണ്ടതായും ഉള്ള കഥകൾ പങ്കിടാൻ മറ്റ് നിരവധി ആളുകൾ മുന്നോട്ട് വന്നു.

ഇപ്പോൾ യാഗിയുടെ ഗവേഷണത്തിനു അദ്ദേഹത്തെ സഹായിക്കാൻ 20 ഓളം വ്യക്തികൾ മുന്നോട്ടു വന്നിട്ടുണ്ട്. എന്നെങ്കിലും ചെന്നായയെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിൽ യാഗിയും നാട്ടുകാരും ഇന്നും മലരനിരകളിൽ  അതിനെ തിരയുന്നു. ഏകാന്തരാത്രികളിൽ അതിന്‍റെ ഓരിയിടൽ പർവത നിരകളിൽ ഇന്നും മുഴങ്ങുന്നു.  


 

click me!