അമ്മയെ കൊന്ന ശേഷം സ്വയം വെടിവെച്ചു മരിച്ച അച്ഛന്‍; രണ്ട് മാസം മാത്രം പ്രായമുള്ള അനിയനെ ചേര്‍ത്തുപിടിച്ച് മൂന്ന് വയസ്സുകാരി

By Web TeamFirst Published May 2, 2019, 10:49 AM IST
Highlights

മെത്തയിൽ അച്ഛന്റെ വെടിയേറ്റു തല പിളർന്നു കിടക്കുന്ന അമ്മ. സ്വയം വെടിവെച്ചു മരിച്ച് തറയിൽ കിടക്കുന്ന അച്ഛൻ.  വീടിന്റെ വാതിലുകൾ അടഞ്ഞു കിടക്കുകയാണ്. അടുത്തെങ്ങും ഒരു വീടുമില്ല. മൂന്നുവയസ്സുകാരിയായ ആ പെൺകുട്ടിയുടെ മുന്നിൽ വന്നുപെട്ട ദുർഘടസന്ധിയുടെ വ്യാപ്തി നിങ്ങളൊന്നാലോചിച്ചു നോക്കണം! 
 

ലോസ് എയ്ഞ്ചലസിൽ, മൂന്നു വയസ്സുമാത്രം പ്രായമുള്ള ഒരു  കൊച്ചു പെൺകുട്ടിയുടെ ധീരമായ പ്രവൃത്തിയെ എത്ര അഭിനന്ദിച്ചിട്ടും അധികാരികൾക്ക് മതിവരുന്നില്ല. സ്വന്തം ജീവിതത്തിൽ ഒരു ദുരന്തം സംഭവിച്ചപ്പോൾ അതിൽ മനസ്സ് പതറാതെ അതിനെ നേരിട്ടു എന്നത് മാത്രമായിരുന്നില്ല ഈ പെൺകുഞ്ഞിന്റെ മഹത്വം. ആ സംഭവത്തിനുശേഷം തന്റെ രണ്ട് മാസം മാത്രം പ്രായമുള്ള അനിയനെ അവൾ ഒരാളുടെയും സഹായമില്ലാതെ മൂന്നു ദിവസത്തോളം പോറ്റി എന്നതായിരുന്നു. 

അവിശ്വസനീയമായ സംഭവങ്ങളാണ് ഇവിടെ നടന്നിരിക്കുന്നത്. ഈ പെൺകുട്ടിയുടെ അച്ഛൻ ഡേവിഡ് കൂറോസ് പാഴ്‌സ, തന്റെ ഭാര്യയായ മിഹോകോ കോയികെയെ ഷോട്ട് ഗൺ കൊണ്ട് വെടിവെച്ചു കൊന്നശേഷം സ്വന്തം നിറുകയിലേക്ക് വെടിയുതിർത്തത് ആത്മാഹുതി ചെയ്തു. സംഭവം നടന്ന് മൂന്നു ദിവസങ്ങൾക്കു ശേഷമാണ് ഇതേപ്പറ്റി പൊലീസിനു വിവരം കിട്ടുന്നതും അവർ സ്ഥലത്തെത്തുന്നതും. 

സ്വന്തം ഭാര്യയോട് വഴക്കിട്ട് അവളെ വെടിവെച്ചു കൊന്ന് ഉടനടി  സ്വയം വെടിവെച്ചു മരിക്കുന്നതിനിടെയുള്ള ആ അഞ്ചു നിമിഷങ്ങളിൽ ഡേവിഡ് ഓർക്കാതെ പോയ ഒരു കാര്യമുണ്ടായിരുന്നു. അവരുടെ രണ്ടു കുഞ്ഞുങ്ങൾ ഇതിനെല്ലാം മൂകസാക്ഷികളായിക്കൊണ്ട് ആ വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. അല്പം വിദൂരമായ ഒരു ലൊക്കേഷനിലായിരുന്നു ഇവരുടെ വീടെന്നതിനാൽ ആരും തന്നെ സംഭവമറിഞ്ഞില്ല. മൂന്നുവയസ്സുള്ള പെൺകുഞ്ഞും, അവളുടെ രണ്ട് മാസം മാത്രം പ്രായമുള്ള അനിയനും. 

മെത്തയിൽ അച്ഛന്റെ വെടിയേറ്റു തല പിളർന്നു കിടക്കുന്ന അമ്മ. സ്വയം വെടിവെച്ചു മരിച്ച് തറയിൽ കിടക്കുന്ന അച്ഛൻ.  വീടിന്റെ വാതിലുകൾ അടഞ്ഞു കിടക്കുകയാണ്. അടുത്തെങ്ങും ഒരു വീടുമില്ല. മൂന്നുവയസ്സുകാരിയായ ആ പെൺകുട്ടിയുടെ മുന്നിൽ വന്നുപെട്ട ദുർഘടസന്ധിയുടെ വ്യാപ്തി നിങ്ങളൊന്നാലോചിച്ചു നോക്കണം! 

"ഈ കുഞ്ഞു മാലാഖ ഇത്രയും ദിവസം അവനവനെയും, രണ്ടുമാസം പ്രായമുള്ള അനിയനെയും ചാവാതെ കാത്തു.. എങ്ങനെ എന്ന് നിശ്ചയമില്ലെങ്കിലും.." ലോസ് എയ്ഞ്ചലസ്  പോലീസ് ക്യാപ്റ്റനായ മൗറീൻ റയാൻ മാധ്യമങ്ങളോട് പറഞ്ഞു. "രണ്ടു മാസം മാത്രം പ്രായമുള്ള ആ കുഞ്ഞ് ഇത്രയും നേരം തളരാതെ  പിടിച്ചു നിന്നു എന്നത് ആശ്ചര്യജനകമാണ്. അവന്റെ ചേച്ചി ഒരു ഹീറോ ആണ്.. ശരിക്കും ഒരു ഹീറോ.." 

വിളിച്ചിട്ട് ആരും ഫോൺ എടുക്കാതിരുന്നപ്പോൾ ബന്ധുക്കളിൽ ആരോ ഒരാൾ പൊലീസിനെ അറിയിച്ചപ്പോൾ പൊലീസ് ആ വീട്ടുവാതിൽക്കലെത്തി. പലകുറി മുട്ടിയിട്ടും  ആരും വാതിൽ തുറന്നില്ല. എന്നിട്ടും, ഒരു നടപടിയ്ക്കും മുതിരാതെ അന്വേഷിക്കാൻ വന്ന പോലീസുകാർ സ്റ്റേഷനിലേക്ക് മടങ്ങിപ്പോയി. 

എന്നാൽ അവിടെ പോലീസ് വന്നപ്പോൾ അയൽക്കാരായ ഒളിവിയയ്ക്കും ജെയിംസിനും സംശയമായി. കാരണം, കുറച്ചു ദിവസങ്ങളായി വീടിനകത്തും പുറത്തുമായി തമ്മിൽ തർക്കിക്കുകയും വഴക്കിടുകയും ചെയ്യുന്ന ആ ദമ്പതികളെ അവർ കാണുന്നു. 

വിശേഷിച്ചൊന്നും തന്നെ ചെയ്യാതെ പൊലീസ് മടങ്ങിയ ശേഷം ഇവർ ആ വീട്ടിലേക്ക് ചെന്നു. വീടിനു ചുറ്റും നടന്നു നോക്കിയ അവർ കിടപ്പുമുറിയുടെ ജനലിലൂടെ അകത്തു നോക്കിയപ്പോഴാണ്  തന്റെ രണ്ടുമാസം മാത്രം പ്രായമുള്ള അനിയനേയും ചേർത്തുപിടിച്ചിരുന്നു കരയുന്ന മൂന്നുവയസ്സുകാരിയെ കാണുന്നത്. അതോടെ അവർ വാതിൽ തകർത്ത് അകത്തുകേറി അവരെ രക്ഷപ്പെടുത്തുകയായിരുന്നു. അവളുടെയും അനിയന്റെയും ദേഹത്ത് നിന്നും രൂക്ഷമായ മൂത്രഗന്ധം വമിക്കുന്നുണ്ടായിരുന്നു. രണ്ടുപേരും ആകെ അവശനായിരുന്നു. അവൾ വളരെ വളരെ ശാന്തയായിരുന്നു. 

അച്ഛനും അമ്മയും എവിടെ എന്ന് ജെയിംസ് അവളോട് ചോദിച്ചപ്പോൾ, "അച്ഛനും അമ്മയും മുകളിലെ മുറിയിലുണ്ട്.. അവർക്ക് വയ്യ..! "  എന്നായിരുന്നു അവളുടെ മറുപടി. അതുകേട്ടപ്പോൾ തന്നെ എന്തോ പ്രശ്നമുണ്ടെന്നു താനൂഹിച്ചു എന്ന്  ഒളിവിയ പറഞ്ഞു. 

അവർ വീണ്ടും പൊലീസിനെയും ഫയർഫോഴ്‌സിനെയും വിളിച്ചുവരുത്തി. കുഞ്ഞുങ്ങളെ അടുത്തുളള ആശുപത്രിയിൽ എത്തിച്ചു. കുറച്ചുദിവസം ആശുപത്രിയിൽ നിരീക്ഷണത്തില്‍ ക ശേഷം  ശിശുക്ഷേമ വകുപ്പിന്റെ പരിചരണ കേന്ദ്രത്തിലേക്ക് അവരെ മാറ്റി. 

പോലീസ് ആ കൊലപാതകത്തിന്റെയും തുടർന്നുള്ള ആത്മഹത്യയുടേയും പിന്നിലെ കാരണം അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ തുമ്പൊന്നും കിട്ടിയിട്ടില്ല. 


 

tags
click me!