വെള്ളക്കാർ കണ്ടെത്തിയാൽ ആഹാ.. ഇന്ത്യൻ സൈന്യം കണ്ടെത്തിയാൽ അയ്യേ...; ഇതെന്തു ന്യായം..!

By Babu RamachandranFirst Published May 1, 2019, 4:20 PM IST
Highlights

നിരവധി അന്വേഷണങ്ങൾക്ക് പാത്രമായി, ഇന്നും നിഗൂഢതയായി അവശേഷിക്കുന്ന യതി എന്ന ഹിമാലയൻ ജീവിയുടെതെന്ന പേരിൽ ഇന്ത്യൻ സൈന്യം ഒരു കാലടിപ്പാടിന്റെ ചിത്രം പ്രസിദ്ധീകരിക്കുമ്പോഴേക്കും അതിനെ  പുച്ഛിച്ചു തള്ളുന്നതിനു പകരം, അതിന്മേൽ വസ്തുനിഷ്ഠമായ ഒരു അന്വേഷണം നടത്തുകയാവും ഉചിതം

ഷെർപ്പകളുടെ പ്രാചീന മിത്തുകളിൽ പലയിടത്തും പരാമർശിക്കപ്പെട്ടിട്ടുള്ള, പല ഹിമാലയൻ കൊടുമുടി കയറ്റക്കാരും നേരിൽ കണ്ടിട്ടുണ്ടെന്ന സാക്ഷ്യങ്ങൾ നൽകിയിട്ടുള്ള ഭീമാകാരനായ മഞ്ഞുമനുഷ്യന്‍ 'യതി'യുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ സേന ട്വീറ്റ് ചെയ്യുകയുണ്ടായി.  സേന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ  ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.  കഴിഞ്ഞ ഏപ്രില്‍ 9 ന് സേനയുടെ പര്‍വത നിരീക്ഷക സംഘമാണ് ഈ കാല്‍പ്പാടുകള്‍ കണ്ടതെന്നാണ് സേന ട്വീറ്റിൽ പറഞ്ഞത്. ആ ട്വീറ്റ് പ്രത്യക്ഷപ്പെട്ട നിമിഷം മുതൽ അതിൽ പറയുന്ന അവകാശവാദത്തിന്റെ മെറിറ്റ് പരിശോധിക്കാൻ പോലും മെനക്കെടാതെ അതിനെ അടിമുടി ട്രോൾമഴയിൽ മുക്കുകയാണ് സൈബർ ലോകം ചെയ്തത്.

For the first time, an Moutaineering Expedition Team has sited Mysterious Footprints of mythical beast 'Yeti' measuring 32x15 inches close to Makalu Base Camp on 09 April 2019. This elusive snowman has only been sighted at Makalu-Barun National Park in the past. pic.twitter.com/AMD4MYIgV7

— ADG PI - INDIAN ARMY (@adgpi)

 

ഇന്ത്യൻ ആർമിയെ വളരെയധികം പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു ആ ട്രോളുകളിൽ പലതും. ഷാ ഫൈസൽ എന്ന മുൻ കാശ്മീരി ഐഎഎസ് ഉദ്യോഗസ്ഥൻ പരിഹസിച്ചത് അത് ഒറ്റക്കാലുള്ള യതി ആണെന്നും, മിസ്സിങ്ങ് ആയിട്ടുള്ള കാൽ ഒരു പക്ഷേ, ബാലക്കോട്ടിൽ നടന്ന സർജിക്കൽ സ്ട്രിക്കിനിടെ നഷ്ടമായതാവും എന്നുമാണ്.  യതി വോട്ടുചെയ്യാനിറങ്ങിയതാവും എന്ന് മറ്റുചിലർ. യതിയെ സത്വം എന്ന് വിശേഷിപ്പിക്കരുത്, അത് ഇന്ത്യൻ ആണ് വേണമെങ്കിൽ മഞ്ഞുമനുഷ്യൻ എന്ന് വിളിച്ചോളൂ എന്ന് വേറെയും ചിലർ. ചിരഞ്ജീവിയായ അശ്വത്ഥാമാവാണ്  യതി എന്നുവരെ പറഞ്ഞവരുണ്ട്. എന്നാൽ ഭൂരിഭാഗം പേരും യതി എന്ന സാധ്യതയെ പാടെ തള്ളിക്കളഞ്ഞുകൊണ്ട്, ഇത്തരത്തിൽ ഒരു നുണപ്രചാരണം നടത്തുന്നത് ഇന്ത്യൻ സൈന്യത്തിന്റെ അന്തസ്സിനു ചേർന്നതല്ല എന്ന രീതീയിൽ ആകെ പുച്ഛത്തോടെ ആയിരുന്നു ഈ ട്വീറ്റിനെ ബിബിസിയും മറ്റു പാശ്ചാത്യമാധ്യമങ്ങളും വരവേറ്റത്.

യതി എന്ന പേര് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായിട്ടല്ല. നാഷണൽ ജോഗ്രഫിക് ചാനലും ഡിസ്കവറിയും അടക്കമുള്ള ചാനലുകളും, എഡ്‌മണ്ട് ഹിലാരിയെപ്പോലുള്ള വിഖ്യാതനായ പര്യവേക്ഷകരും മറ്റും വർഷങ്ങൾക്കു മുമ്പ് യതിയെ തിരഞ്ഞു നടത്തിയ യാത്രകളുടെ നേർക്ക് തികഞ്ഞ സഹിഷ്ണുതയോടെ പ്രതികരിച്ച പാശ്ചാത്യ മാധ്യമങ്ങൾ, യതിയുടെ അസ്തിത്വം സംശയാതീതമായി ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല എന്ന യാഥാർഥ്യം നിലനിൽക്കെ, ഇങ്ങനെ ഏകപക്ഷീയമായ പരിഹാസങ്ങൾ നടത്തുന്നത് തികച്ചും ദുരുപദിഷ്ടമാണ്. 

യതി അന്വേഷകരുടെ കുതൂഹലത്തിനു പാത്രമാവുന്നത് ഇത് ആദ്യമായൊന്നുമല്ല. 1954 -ൽ പങ്ക്‌ബോച്ചേ ബുദ്ധവിഹാരത്തിനടുത്തുവെച്ച് യതിയുടേതെന്ന് സംശയിക്കപ്പെടുന്ന ഒരു തലയോട്ടിയുടെ ഭാഗവും, തലമുടിയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു എന്ന വാർത്ത വരുന്നത് ഡെയ്‌ലി മെയ്ൽ പത്രത്തിലാണ്. പത്രം താനെ സംഘടിപ്പിച്ചതായിരുന്നു ആ പര്യവേക്ഷണം. വ്ലാദിമിർ ചെർനെസ്‌കി ആണ് അന്ന് ആ ലേഖനമെഴുതിയത്. അതിൽ യതിയെ വിശേഷിപ്പിച്ചത് 'Abominable Snowman ', ' Higher Anthropoid' എന്നൊക്കെയായിരുന്നു. അന്ന് ആ മുടിനാരിഴകൾ പരിശോധിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ ഫ്രഡറിക് വുഡ് ജോൺസിന് കൃത്യമായി അത് ഏതെങ്കിലും മൃഗത്തിന്റെതുമായി സാമ്യപ്പെടുത്താനായില്ല. 1956-ൽ സ്ലാവോമിർ റാവിച്ച് എഴുതിയ 'ദി ലോങ്ങ് വാക്ക്' എന്ന പുസ്തകത്തിലും യതീസമാനമായ ഏതോ ഒരു അജ്ഞാത ജീവിയെ നേരിൽ കണ്ടതിന്റെ രസകരമായ വർണനകളുണ്ട്. 

1957 ൽ ടോം സ്ലിക്ക് എന്ന അമേരിക്കൻ കച്ചവടക്കാരൻ ഇത്തരത്തിലുള്ള പല യാത്രകൾക്കും ഫണ്ടിങ്ങ് നടത്തിയിരുന്നു. യതിയുടേതെന്നു കരുതുന്ന വിസർജ്യാവശിഷ്ടങ്ങൾ ശേഖരിച്ച് കൊണ്ടുവന്ന് പഠനങ്ങൾ നടത്തിയിരുന്നു. 1960  മുതൽക്കായിരുന്നു എഡ്മണ്ട് ഹില്ലാരിയുടെ പര്യവേക്ഷണം.

അറുപതുകളിൽ ഭൂട്ടാനിലെ ഒരു ഇഷ്ടസങ്കല്പമായിരുന്നു യതി. യതിയുടെ ബഹുമാനാർത്ഥം ഭൂട്ടാൻ ഒരു യതി സ്റ്റാമ്പ് വരെ പുറത്തിറക്കി. 

പിന്നീട് അത്തരം ഒരു അവകാശവാദം ഉന്നയിച്ചത് 1970-ൽ അമേരിക്കൻ പര്യവേക്ഷകനായ ഡോൺ വിൽഹാൻസ് ആയിരുന്നു. അന്നപൂർണ്ണാ കൊടുമുടി കേറുന്നതിനിടെ നാലുകാലിൽ നടന്നു പോവുന്ന യതി എന്ന ഭീമാകാരരൂപിയെ നേരിൽ കണ്ടു എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.  

1986 -ൽ പർവതാരോഹകനായ റെയ്ൻ ഹോൾഡ് മെസ്സനെർ 'മൈ ക്വസ്റ്റ് ഫോർ യതി' എന്ന   തന്റെ പുസ്തകത്തിൽ പറഞ്ഞത് തന്റെ യാത്രയ്ക്കിടെ താൻ യതിയെ നേരിൽ കണ്ടിട്ടുണ്ട് എന്നും ഒരെണ്ണത്തിനെ കൊന്നിട്ടുണ്ട് എന്നുമാണ്. യതി ഒരിനം ഹിമാലയൻ കരടിയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

2004 -ൽ നേച്ചർ മാസികയുടെ എഡിറ്ററായ ഹെൻറി ജീ പറഞ്ഞത് യതി എന്നത് ആഴത്തിൽ ഗവേഷണം ചെയ്യപ്പെടേണ്ട, എഴുതപ്പെടേണ്ട, ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണെന്നാണ്. ഹോമോ ഫ്ലോറെസിയെൻസിസ്‌ എന്നൊരു ആദിമാനവ വർഗം ഉണ്ടായിരുന്നു എന്നുള്ള കണ്ടെത്തൽ, യതിയ്ക്കും ഒരു സാധ്യത നല്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 

2007  ഡിസംബറിൽ സിഫിയുടെ ടെലിവിഷൻ അവതാരകനായ ജോഷ്വാ ജെയിംസ് 'ഡെസ്റ്റിനേഷൻ ട്രൂത്ത്' എന്ന പേരിൽ ഒരു പര്യവേക്ഷണം ഇതേ വിഷയത്തിൽ നടത്തുകയുണ്ടായി.അന്ന് അദ്ദേഹവും യെതിയുടെന്ന്  പറയപ്പെടുന്ന 33 cm സ് 25 cm വലിപ്പമുള്ള കാലടിപ്പാടുകൾ കണ്ടെത്തിയിരുന്നു. 2009 -ൽ ജെയിംസ് നടത്തിയ രണ്ടാം പര്യവേക്ഷണത്തിനിടെ കണ്ടെത്തിയ മുടിയുടെ സാമ്പിളുകളും പരിശോധിച്ചപ്പോൾ ഏതോ അജ്ഞാത ജീവിയുടെ എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. 

ഇന്ത്യൻ ആർമിയുടെ ട്വീറ്റിനെ ലോകം മുഴുവൻ ട്രോൾ ചെയ്തു എന്ന് ഇപ്പോൾ വാർത്ത നൽകിയ ബിബിസി 2008 ൽ ഇതേ വിഷയത്തിൽ വളരെ ഗൗരവമുള്ള വാർത്തകൾ തുടർച്ചയായി നൽകിയിരുന്നു. വടക്കു കിഴക്കേ ഇന്ത്യയിലെ ഗാരോ മലനിരകളിൽ നിന്നും ദിപു ബാരക് ശേഖരിച്ച മുടി നാരിഴകൾ അന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത് ഓക്സ്ഫോർഡ് ബ്രൂക്ക്‌സ് സർവകലാശാലയിലെ ഗവേഷകരായിരുന്നു. ഈ മുടിയുടെ ജനിതക പാറ്റേൺ, അറുപതുകളിൽ ഹിലാരി ശേഖരിച്ച മുടിയിഴകളുടേതിനോട് സാമ്യമുള്ളതായിരുന്നു. തുടർ പരിശോധനകളിൽ ഇത്  ഹിമാലയൻ ഗോരൽ എന്ന ഒരിനം മലയാടിന്റേതായിരുന്നു എന്ന് വെളിപ്പെട്ടിരുന്നു. 

ഇങ്ങനെ നിരവധി അന്വേഷണങ്ങൾക്ക് പാത്രമായി, ഇന്നും നിഗൂഢതയായി അവശേഷിക്കുന്ന യതി എന്ന ഹിമാലയൻ ജീവിയുടെതെന്ന പേരിൽ ഇന്ത്യൻ സൈന്യം ഒരു കാലടിപ്പാടിന്റെ ചിത്രം പ്രസിദ്ധീകരിക്കുമ്പോഴേക്കും അതിനെ പുച്ഛിച്ചു തള്ളുന്നതിനു പകരം, അതിന്മേൽ വസ്തുനിഷ്ഠമായ ഒരു അന്വേഷണം നടത്തുകയാവും ഉചിതം. ശാസ്ത്രം എന്നും പുരോഗതിയിലേക്കുള്ള നാൾവഴികൾ പിന്നിട്ടിട്ടുള്ളത് തീർത്തും അവിശ്വസനീയമെന്നും യുക്തിരഹിതമെന്നുമൊക്കെ പലർക്കും തോന്നിയിട്ടുള്ള പല അവകാശവാദങ്ങളുടെയും തുടരന്വേഷണങ്ങളിലൂടെയാണ്, അല്ലാതെ കണ്ണുമടച്ചുള്ള അവയുടെ നിഷേധങ്ങളിലൂടെയോ പരിഹാസങ്ങളിലൂടെയോ അല്ല. 

click me!