
തന്നോട് ചോദിക്കാതെ ഭാര്യ ഡിഷ് വാഷർ വാങ്ങിയതിൽ പ്രകോപിതനായ ഭർത്താവ് സ്വന്തം വീട് അടിച്ചു തകർത്തു. ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലാണ് ഈ സംഭവം നടന്നത്. തണുപ്പ്കാലത്ത് തണുത്ത വെള്ളത്തിൽ പാത്രം കഴുകുന്നത് ബുദ്ധിമുട്ടായതിനാലാണ് ഭാര്യ ഒരു ഡിഷ് വാഷർ ഓൺലൈനായി ഓർഡർ ചെയ്തത്. ഏകദേശം 1,500 യുവാൻ (ഏകദേശം 18,000 രൂപ) ആയിരുന്നു ഇതിന്‍റെ വില. പാത്രം കഴുകാൻ ഭർത്താവ് തന്നെ സഹായിക്കാറില്ലെന്നും അതിനാൽ ജോലി എളുപ്പമാക്കാൻ വേണ്ടിയാണ് ഇത് വാങ്ങിയതെന്നും അവർ പറയുന്നു.
ഡിഷ് വാഷർ ഇൻസ്റ്റാൾ ചെയ്യാൻ ജീവനക്കാർ വീട്ടിലെത്തിയപ്പോഴാണ് ഭർത്താവ് വിവരം അറിയുന്നത്. വെള്ളത്തിനും വൈദ്യുതിക്കും വലിയ ചെലവ് വരുമെന്ന് പറഞ്ഞ അയാൾ മെഷീൻ വേണ്ടെന്ന് വെക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, വില കുറവാണെന്നും അത് താങ്ങാൻ കഴിയുമെന്നുമെന്നുമായിരുന്നു ഭാര്യ മറുപടി നൽകി. തർക്കം മൂത്തതോടെ ഭർത്താവ് ലിവിംഗ് റൂമിലെ ഫർണിച്ചറുകളും മറ്റും തല്ലിതകർത്തു. പേടിച്ചുപോയ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിയോടുകയും അന്ന് രാത്രി ഒരു ഹോട്ടലിൽ തങ്ങുകയുമായിരുന്നു. തങ്ങൾക്കിടയിൽ സാധനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പതിവാണെന്നും എന്നാൽ, ഒരു ഡിഷ് വാഷർ വാങ്ങുന്നതിനെ അയാൾ എന്തിനാണ് ഇത്രയധികം എതിർത്തതെന്ന് മനസ്സിലാകുന്നില്ലെന്നുമാണ് ഭാര്യ പറയുന്നത്.
ഭർത്താവ് വീട്ടിൽ നിന്നും ഏറെ അകലെയാണ് ജോലി. മാസം ഏകദേശം 11,000 യുവാൻ (ഏകദേശം 1.30 ലക്ഷം രൂപ) അയാൾക്ക് വരുമാനമുണ്ട്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ആദ്യത്തെ ദേഷ്യം അടങ്ങിയപ്പോൾ മാപ്പ് അപേക്ഷയുമായി ഭർത്താവ് എത്തി. ആ സമയത്ത് മൂഡ് അല്പം മോശമായിരുന്നുവെന്നും ഇനി മുതൽ നിന്നെ നന്നായി നോക്കിക്കൊള്ളാമെന്നും പറഞ്ഞ ഭർത്താവ് ചെറിയൊരു ഡിഷ് വാഷർ വാങ്ങാമെന്നും സമ്മതിച്ചതായി സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഭർത്താവ് മാപ്പ് പറഞ്ഞെങ്കിലും ചെറിയൊരു കാര്യത്തിന് വീട് അടിച്ചു തകർത്ത ഇയാളുടെ സ്വഭാവത്തിനെതിരെ കടുത്ത വിമർശനമാണ് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. സ്വന്തമായി വരുമാനമില്ലാത്ത വീട്ടമ്മമാരുടെ അവസ്ഥയെക്കുറിച്ചും ഈ സംഭവം ചർച്ചകൾക്ക് വഴിതുറന്നു.