സോഫയിൽ ഭർത്താവിന്റെ അഴുക്കായ സോക്സ് കിടന്നാലെന്ത് ചെയ്യും? വൈറലായി മലാലയുടെ പോസ്റ്റ്

By Web TeamFirst Published Feb 7, 2023, 10:10 AM IST
Highlights

ഏതായാലും അനവധിപ്പേരാണ് മലാലയുടെ ട്വീറ്റ് കണ്ടത്. അധികം വൈകാതെ തന്നെ ട്വീറ്റ് വൈറലായി. അനേകം പേർ അതിന് കമന്റുകളുമിട്ടു.

സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമാണ് മലാല യൂസഫ്സായി. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ സ്ത്രീകളുടെ വിദ്യാഭ്യാസം അടക്കം അനേകം സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് മലാല വിവരങ്ങളും ആശയങ്ങളും പങ്കു വയ്ക്കാറുണ്ട്. എന്നാൽ, ഇപ്പോൾ മലാല പങ്ക് വച്ച വേറിട്ട ഒരു പോസ്റ്റാണ് വൈറൽ ആവുന്നത്. 

ഭർത്താവ് അസ്സർ മാലിക്കിന്റെ അഴുക്കായ സോക്സുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് മലാല പങ്ക് വച്ചിരിക്കുന്നത്. മലാലയുടെ പോസ്റ്റിൽ പറയുന്നത്, സോഫയിൽ കിടന്ന അസ്സറിന്റെ അഴുക്കായ സോക്സ് താൻ വേസ്റ്റ് ബിന്നിൽ ഇട്ടു എന്നാണ്. 'സോഫയിൽ ഈ സോക്സ് കിടക്കുന്നത് കണ്ടു. അസ്സറിനോട് അത് അവന്റേത് ആണോ എന്ന് ചോദിച്ചു. അതെ, അവ അഴുക്കാണ് എനിക്കതവിടെ നിന്ന് മാറ്റാം എന്നാണ് അവൻ പറഞ്ഞത്. അതുകൊണ്ട് ഞാനത് വേസ്റ്റ് ബിന്നിൽ ഇട്ടു' എന്നാണ് മലാല ട്വിറ്ററിൽ ഞായറാഴ്ച എഴുതിയിരിക്കുന്നത്. 

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ മാനേജറാണ് അസ്സർ മാലിക്. മലാലയുടെ ട്വീറ്റിന് അസ്സറും മറുപടി നൽകിയിട്ടുണ്ട്. അതിന് വേണ്ടി ഒരു പോളും അസ്സറുണ്ടാക്കി. 'അതിൽ സോഫയിൽ അഴുക്കായ സോക്സ് കണ്ടാൽ എന്ത് ചെയ്യും വേസ്റ്റ് ബിന്നിൽ കളയുമോ അതോ അലക്കാനിടുമോ' എന്നാണ് ചോദിച്ചിരിക്കുന്നത്. എന്നാൽ, ഭൂരിഭാ​ഗം പേരും പറഞ്ഞിരിക്കുന്നത് അത് വേസ്റ്റ് ബിന്നിൽ കളയും എന്നാണ്. 57 ശതമാനത്തിലധികം പേരും അത് വേസ്റ്റ് ബിന്നിൽ കളയും എന്ന് രേഖപ്പെടുത്തി. 

Found socks on sofa, asked if they were his, he said the socks were dirty and I can put them away. So I took them and put them in the (rubbish) bin.

— Malala Yousafzai (@Malala)

ഏതായാലും അനവധിപ്പേരാണ് മലാലയുടെ ട്വീറ്റ് കണ്ടത്. അധികം വൈകാതെ തന്നെ ട്വീറ്റ് വൈറലായി. അനേകം പേർ അതിന് കമന്റുകളുമിട്ടു. ഒരാൾ എഴുതിയത് ഇങ്ങനെയാണ്, 'എന്റെ ഭർത്താവ് ഇതുപോലെ അവിടേം ഇവിടേം വലിച്ചെറിയുന്ന സാധനങ്ങൾ മാത്രമായി എന്റെ പക്കൽ ഒരു പെട്ടി ഉണ്ട്. ഞാൻ അവ വലിച്ചെറിയാൻ പോകുന്നില്ല. ഞാൻ അതിനെക്കുറിച്ച് ചർച്ച ചെയ്യാനും പോകുന്നില്ല. എന്നാൽ, ഇതുപോലെ അഴുക്ക് നിറഞ്ഞ സോക്സുകൾ വലിച്ചെറിയുന്ന ഒരു വീട്ടിൽ ഞാൻ ജീവിക്കാനും പോകുന്നില്ല' എന്നാണ്.

'അപ്പോൾ മലാലയ്ക്കും തങ്ങളുടെ ജീവിതത്തിൽ ഉള്ളതു പോലെ സാധാരണമായ പ്രശ്നങ്ങൾ ഉണ്ട് അല്ലേ' എന്നാണ് മറ്റൊരാൾ ചോദിച്ചിരിക്കുന്നത്. അതുപോലെ ഒരുപാട് സ്ത്രീകൾ തങ്ങളുടെ വീട്ടിലും ഇത് തന്നെയാണ് അവസ്ഥ എന്നും പറഞ്ഞു. 

click me!