'ഇന്ത്യയിലെ പറക്കുന്ന ബോട്ട്'; സ്ഫടികം പോലെ തെളിഞ്ഞ ജലാശയത്തിലൂടെ നീങ്ങുന്ന ബോട്ടിന്‍റെ വീഡിയോ!

By Web TeamFirst Published Feb 7, 2023, 10:08 AM IST
Highlights

തെളിമയാര്‍ന്ന വെള്ളത്തിലൂടെ പതുക്കെ നീങ്ങുന്ന ബോട്ട്. നദിയുടെ അടിത്തട്ട് വളരെ വ്യക്തമായി കാണാം. അതിനാല്‍ തന്നെ ബോട്ട് വായുവിലൂടെ പറക്കുകയാണോയെന്ന് പെട്ടെന്ന് സംശയിക്കും.

വൈവിധ്യങ്ങള്‍‌ നിറഞ്ഞതാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം. മഹാനദികള്‍, മഹാപര്‍വ്വത ശിഖിരങ്ങള്‍ വിവിധതരം വനങ്ങള്‍, വന്യമൃഗങ്ങള്‍ അതിനെല്ലാം പുറമേയാണ് ഏറെ വൈവിധ്യമുള്ള സംസ്കാരങ്ങളും. ഈ വൈവിധ്യത്തില്‍ നിന്നുള്ള ഒരു കുഞ്ഞ് വീഡിയോ ഇപ്പോള്‍ നെറ്റിസണ്‍സിനിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പതിവായി ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും പ്രചരിച്ചിരുന്ന സ്ഥിരം വീഡിയോകളില്‍ നിന്ന് വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇത്. സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തില്‍ലൂടെ നീങ്ങുന്ന ഒരു ബോട്ടിന്‍റെ വീഡിയോ. മറ്റേതോ രാജ്യത്ത് നിന്നുള്ളതെന്ന് ആദ്യ കാഴ്ചയില്‍ അത്  നമ്മെ തെറ്റിദ്ധരിപ്പിക്കുമെന്ന് നിശ്ചയം. 

ഫെബ്രുവരി രണ്ടാം തിയതി @GoArunachal_ എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് വീഡിയോ നെറ്റിസണ്‍സിനിടയില്‍ പങ്കുവയ്ക്കപ്പെട്ടത്. 'ഈ പറക്കുന്ന ബോട്ട് നിങ്ങൾ എപ്പോഴെങ്കിലും ഇന്ത്യയിൽ കണ്ടിട്ടുണ്ടോ?' എന്ന ചോദ്യവും ഒപ്പം 'മേഘാലയ' എന്നും ട്വിറ്റ് ചെയ്തിരിക്കുന്നു. അരുണാചല്‍ പ്രദേശിന്‍റെ ടൂറിസം സാധ്യതകളെ ലോകത്തിന് കാട്ടിക്കൊടുക്കുന്ന ഒരു ട്വിറ്റര്‍ ഹാന്‍ഡിലാണ് ഗോ അരുണാചൽ പ്രദേശ്. ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ ഈ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പങ്കുവയ്ക്കപ്പെടാറുണ്ട്. 

 

Have you ever seen this Flying boat in India?

Meghalaya 😍https://t.co/yWHSGjHp2h pic.twitter.com/wYG9TWLpSm

— Go Arunachal Pradesh (@GoArunachal_)

 

കൂടുതല്‍ വായിക്കാന്‍:  ഇംഗ്ലണ്ടിലെ ആദ്യ കാലത്തെ സ്വര്‍ണ്ണനാണയം കണ്ടെത്തി; പഴക്കം എഡി 1300!
 

പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ, സ്ഫടികം പോലെ തെളിഞ്ഞ നദികൾ, പൈൻ മരങ്ങൾ പൊതിഞ്ഞ കുന്നുകൾ, മനോഹരമായ വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, ഗാംഭീര്യമുള്ള വനങ്ങൾ എന്നിവയാൽ പ്രകൃതി സ്നേഹികളുടെയും സഞ്ചാരികളുടെയും പറുദീസയാണ്  മേഘാലയ. മേഘാലയയിലെ സ്ഫടിക തുല്യമായ 'ഉംഗോട്ട് നദി'യുടെ മനോഹരമായ കാഴ്ചയാണ് ഗോ അരുണാചൽ പ്രദേശ് എന്ന ഉപയോക്താവ് പങ്കുവച്ചിരിക്കുന്നത്. ഇത് 'ഡൗകി നദി' എന്നും അറിയപ്പെടുന്നു. പറക്കുന്ന ബോട്ടുകള്‍ ഈ നദിയില്‍ നിന്നുള്ളവയാണ്. അത്രയ്ക്ക് തെളിമയാര്‍ന്ന വെള്ളത്തില്‍ നദിയുടെ അടിത്തട്ട് വളരെ വ്യക്തമായി കാണാം. തത്വത്തില്‍ ബോട്ട് വായുവില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് പോലെ തോന്നുന്നു. 

വീഡിയോയില്‍ ഒരു സ്ത്രീ വളരെ ശാന്തമായി ഒഴുകുന്ന ബോട്ടില്‍ ഇരിക്കുന്നത് കാണാം. ജലത്തിന് മുകളിലെ കാഴ്ചപോലെ തന്നെ തെളിമയാര്‍ന്നതാണ് ജലത്തിന് താഴെയുള്ള കാഴ്ചയുമെന്നത് വീഡിയോയില്‍ വ്യക്തം. വീഡിയോ പ്രസിദ്ധപ്പെടുത്തിയതിന് പിന്നാലെ നിരവധി കമന്‍റുകളാണ് വരുന്നത്. ഒരാള്‍ എഴുതിയത്, "ഇത് യഥാർത്ഥമായി തോന്നുന്നില്ല, പക്ഷേ അങ്ങനെയാണെങ്കിൽ, വെള്ളം ക്രിസ്റ്റൽ ക്ലിയർ ആയിരിക്കണം." മെന്നായിരുന്നു. മറ്റൊരാള്‍ ഒരു പടി കൂടി കടന്നു.  "ആദ്യം ഇത് യഥാർത്ഥമല്ലെന്നാണ് കരുതിയത്.  പിന്നീട് സ്ഥലം കണ്ടെത്തിയപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു. ഇത് സത്യമാണ്!! ഗംഭീരം." എന്നായിരുന്നു. ഉംഗോട്ട് നദി വിനോദസഞ്ചാരികൾക്കിടയിൽ ഏറെ ജനപ്രിയമായ ഒരു സ്ഥലമാണ്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇത് ഇന്ത്യൻ, ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികളുടെ ഒരു പ്രധാന മത്സ്യബന്ധന കേന്ദ്രം കൂടിയാണ്. 

കൂടുതല്‍ വായിക്കാന്‍:  അയര്‍ലെന്‍റില്‍ നിന്ന് ബിസി 3800 കാലത്തെ വീട് കണ്ടെത്തി, ഒപ്പം അരകല്ലും പാചക പാത്രങ്ങളും കത്തികളും !
 

കൂടുതല്‍ വായിക്കാന്‍:  ആരാണ് നിങ്ങളുടെ പ്രിയപ്പെട്ട സ്രാവ്?; ഇന്ത്യന്‍ ജഡ്ജിമാരുടെ കുഞ്ഞന്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഷാര്‍ക്ക് ടാങ്ക്
 

click me!