
മിക്കവാറും ഭാര്യമാരാണ് വീട്ടിൽ പാചകം ചെയ്യാറുള്ളത്. അത് സ്ത്രീകളുടെ ജോലിയാണ് എന്നതാണ് പലയിടങ്ങളിലും അലിഖിത നിയമം. എന്നാൽ, ഇന്ന് പല പുരുഷന്മാരും വീട്ടിലെ പാചകമടക്കമുള്ള കാര്യങ്ങൾ ചെയ്ത് തുടങ്ങിയിട്ടുണ്ട്.
അതുപോലെ തന്നെ ഭാര്യ വീട് വിട്ട് കുറച്ച് ദിവസത്തേക്ക് സ്വന്തം വീട്ടിൽ നിൽക്കാൻ പോയാലോ, അല്ലെങ്കിൽ മറ്റെവിടെയെങ്കിലും പോയാലോ ഭക്ഷണം ഉണ്ടാക്കി കഴിക്കാനാവാത്ത ഭർത്താക്കന്മാരും ഉണ്ട്. എന്തിനേറെ പറയുന്നു തങ്ങൾ തിരിച്ചു വരുന്നത് വരെ ഭർത്താക്കന്മാർക്ക് കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കി ഫ്രിഡ്ജിൽ വയ്ക്കേണ്ടി വരുന്ന സ്ത്രീകൾ വരേയും നമുക്ക് ചുറ്റിലും ഉണ്ട്.
എന്നാൽ, ഇതിനെയെല്ലാം തകർക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഈ പോസ്റ്റിൽ എത്രത്തോളം സത്യമുണ്ട് എന്ന് അറിയില്ലെങ്കിലും നല്ല രീതിയിലുള്ള ഒരു ചർച്ച ഉയർന്നു വരാൻ ഈ പോസ്റ്റ് കാരണമായിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.
ഈ പോസ്റ്റിൽ കാണുന്നത് ഒരു ഫ്രിഡ്ജിന്റെ ചിത്രമാണ്. ഭർത്താവ് ബിസിനസ് ട്രിപ്പിന് പോകും മുമ്പ് തനിക്ക് വേണ്ടി തയ്യാറാക്കി വച്ചത് എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ കാണുന്ന ഫ്രിഡ്ജിനകത്ത് കുറേയേറെ ഭക്ഷണത്തിന്റെ പാക്കറ്റുകൾ കാണാം.
ഭർത്താവ് ബിസിനസ് ട്രിപ്പിന് പോയി വരുന്നത് വരെ ഭാര്യയ്ക്ക് കഴിക്കാനുള്ള ഭക്ഷണമാണ് ഇത് എന്നാണ് കരുതുന്നത്. ഓരോന്നിലും ഓരോ കുഞ്ഞുകുഞ്ഞു നോട്ടുകളും എഴുതി വച്ചിരിക്കുന്നത് കാണാം.
ചിത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധയാകർഷിച്ചു. ചിലരെല്ലാം ഭർത്താവിനെ പുകഴ്ത്തിയപ്പോൾ മറ്റ് പലരും ഭാര്യയെ വിമർശിക്കുകയാണ് ചെയ്തത്. അവർക്ക് ഭക്ഷണമുണ്ടാക്കാൻ അറിഞ്ഞുകൂടേ, എങ്ങനെയാണ് അവർ അതിജീവിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് പലരും ചോദിച്ചത്.
എന്നാൽ, ഭാര്യമാരാണ് ഭർത്താക്കന്മാർക്ക് വേണ്ടി ഇങ്ങനെ ഭക്ഷണമുണ്ടാക്കി വച്ചിട്ട് പോയതെങ്കിൽ ആർക്കും അതൊരു കുഴപ്പമായി തോന്നില്ല അല്ലേ? അങ്ങനെയുള്ള കമന്റുകളും ആളുകൾ പങ്കുവച്ചിട്ടുണ്ട്.