
കേൾക്കാനോ സംസാരിക്കാനോ സാധിക്കാത്ത ഒരു ഡെലിവറി ബോയിയും ഒരു സ്ത്രീയും തമ്മിലുണ്ടായ ഹൃദയസ്പർശിയായ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. സ്തുതി എന്ന യുവതി, X -ൽ (മുമ്പ് ട്വിറ്റർ) പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 'കുടുംബത്തിന് വേണ്ടി പുരുഷന്മാർ ചെയ്യുന്ന കാര്യങ്ങൾ!' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച പോസ്റ്റിൽ ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ടും യുവതി പങ്കുവെച്ചിട്ടുണ്ട്. ഡെലിവറി ബോയ്ക്ക് കേൾവി ശക്തിയും സംസാരശേഷിയും ഇല്ലെന്നും, ആശയവിനിമയത്തിനായി ഇൻ-ആപ്പ് ചാറ്റ് ബോക്സ് ഉപയോഗിക്കണമെന്നും ഉപഭോക്താവിനെ അറിയിച്ചുകൊണ്ടുള്ള ഒരു സിസ്റ്റം നോട്ടും ആ സ്ക്രീൻഷോട്ടിൽ ഉണ്ടായിരുന്നു.
ഡെലിവറി പാർട്ണറുടെ സന്ദേശം ഇങ്ങനെയായിരുന്നു: 'ഹലോ. എനിക്ക് കേൾക്കാനും സംസാരിക്കാനും കഴിയില്ല. ഞാൻ നിങ്ങൾക്ക് മെസ്സേജ് അയക്കാം, ദയവായി നോക്കുക.' ഏറെ ഹൃദയ സ്പർശിയായ ഈ വാക്കുകൾ നെറ്റിസൻസ് ഏറെ വൈകാരികമായാണ് ഏറ്റെടുത്തത്. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിലുടനീളം പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു, ചുരുങ്ങിയ സമയത്തിനുള്ളിൽ ഏകദേശം ഒമ്പത് ലക്ഷത്തോളം കാഴ്ചക്കാരെ ഇത് ആകർഷിച്ചു. നിരവധിപ്പേരാണ് ഡെലിവറി പാർട്ണറുടെ സന്ദേശത്തിലെ ആത്മാർത്ഥതയും, വെല്ലുവിളികൾക്കിടയിലും കുടുംബത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെയും പ്രശംസിച്ചത്.
ഒരു യൂസർ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: 'ഇത് ശരിക്കും എൻ്റെ ഹൃദയത്തെ സ്പർശിച്ചു. ഇദ്ദേഹത്തെപ്പോലുള്ളവരാണ് യഥാർത്ഥ ധൈര്യം എന്താണെന്ന് നമ്മെ കാണിച്ചുതരുന്നത്'. മറ്റൊരാൾ എഴുതിയത് ഇങ്ങനെയാണ്, 'ഈ മനുഷ്യനോട് ബഹുമാനം. ജോലിയോടും കുടുംബത്തോടുമുള്ള അദ്ദേഹത്തിൻ്റെ സമർപ്പണം പ്രചോദനകരം തന്നെ.' 'തൊഴിലിൻ്റെ മഹത്വത്തിന് എപ്പോഴും വില നൽകണം എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണിത്' എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. ഇത് വായിച്ചപ്പോൾ താൻ വികാരഭരിതനായിയെന്നും ഇങ്ങനെയുള്ള ആളുകൾക്ക് സമൂഹത്തിൽ നിന്ന് കൂടുതൽ പിന്തുണ ലഭിക്കേണ്ടതുണ്ടന്നും നിരവധിപ്പേർ ചൂണ്ടിക്കാട്ടി.