
പ്രസവസമയത്തും ആർത്തവസമയത്തും സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണ്ടതിനുപിന്നാലെ വീഡിയോയുമായി ഡോക്ടർ. തനിക്കുണ്ടായ തിരിച്ചറിവുകളെ കുറിച്ചാണ് യുവാവ് പറയുന്നത്. അനേകങ്ങളാണ് സോഷ്യൽ മീഡിയയിൽ യുവാവ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോ കണ്ടിരിക്കുന്നത്. സ്ത്രീകൾക്ക് കടന്നു പോകേണ്ടിവരുന്ന ശാരീരികവും വൈകാരികവുമായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് ഡോക്ടർ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നത്. ഒരു ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി വിഭാഗത്തിലെ ഇന്റേൺഷിപ്പിനിടെയുണ്ടായ അനുഭവങ്ങൾക്ക് പിന്നാലെയാണ് ഡോക്ടറുടെ തുറന്നുപറച്ചിൽ.
തന്റെ ഇന്റേൺഷിപ്പിന് ശേഷമാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്, സമൂഹത്തിൽ സമത്വം പോലും പാടില്ല. ആളുകളെപ്പോഴും പറയുന്നത് പെൺകുട്ടികൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്നാണ്, അവർക്കത് ലഭിക്കണം. ഒരു പ്രസവം നടക്കുന്നത് ഞാൻ കണ്ടു, പ്രസവ മുറിയിൽ വെച്ച് എന്റെ ആത്മാവ് എന്നിൽ നിന്ന് പോകുന്നതുപോലെ എനിക്ക് തോന്നി. അവർ എത്രമാത്രം വേദന അനുഭവിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അപ്പോൾ മനസ്സിലാകും. പെൺകുട്ടികൾക്ക് ഒരിക്കലും പൂർണ്ണ ആരോഗ്യവതിയായിരിക്കാൻ കഴിയില്ല, അവരുടെ ശരീരത്തിന് അങ്ങനെയാവാൻ കഴിയില്ല. ചിലപ്പോൾ അവർ ആർത്തവത്തെയാവും നേരിടുന്നത്, ചിലപ്പോൾ അവർ പ്രസവത്തിലൂടെയാവും കടന്നുപോകുന്നത്.
ആർത്തവം, ഗർഭധാരണം, പ്രസവം എന്നിങ്ങനെ സ്ത്രീകളുടെ ശരീരം നിരന്തരമായ വെല്ലുവിളികളിലൂടെ കടന്നുപോകുന്നു. അതിനാൽ എപ്പോഴും പൂർണമായും ആരോഗ്യവതിയായിരിക്കാൻ അവർക്ക് സാധിക്കില്ല എന്നാണ് യുവാവ് പറയുന്നത്. ബന്ധങ്ങളിൽ പോലും അറിയാതെ സംഭവിക്കുന്ന ഗർഭധാരണത്തെ കുറിച്ച് സ്ത്രീകളാണ് എപ്പോഴും ആകുലരാവുന്നത്. പുരുഷന്മാർക്ക് ഇത്തരം ആകുലതകളുടെ ആവശ്യമൊന്നും ഇല്ല എന്നാണ് യുവാവ് പറയുന്നത്. അതിനാൽ, പുരുഷന്മാരായിരിക്കുന്നത് ഭാഗ്യം എന്ന് കരുതുക എന്നും യുവാവ് പറയുന്നു.
വളരെ വേഗത്തിലാണ് യുവാവ് ഷെയർ ചെയ്ത വീഡിയോ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. അവസാനം ഒരു പുരുഷൻ തന്നെ ഇത് പറഞ്ഞല്ലോ എന്നായിരുന്നു ചിലർ കമന്റ് നൽകിയത്. മറ്റ് ചിലർ പറഞ്ഞത്, ഇതുപോലെയുള്ള പുരുഷന്മാരെയാണ് ഈ സമൂഹത്തിൽ ആവശ്യം എന്നാണ്.