പുരുഷന്മാർ ജോലിക്ക് പോണം, സ്ത്രീകൾ വീട്ടിലിരിക്കട്ടെ, പഴയകാല വീട്ടമ്മയെപ്പോലെയാവാനാ​ഗ്രഹിക്കുന്നു എന്ന് മോഡൽ

By Web TeamFirst Published Apr 25, 2022, 10:35 AM IST
Highlights

മിററിനോട് ​ഗ്രേ പറഞ്ഞതിങ്ങനെ, 'ഞാൻ 1950 -കളിലെ ഒരു വീട്ടമ്മയെപ്പോലെയാണ്. പുരുഷന്മാർ ജോലിക്ക് പോകണം. സ്ത്രീകൾ വീട്ടിലിരിക്കണം അങ്ങനെയാണ് ഞാൻ ​ആഗ്രഹിക്കുന്നത്.' 

ലോകത്തെല്ലായിടത്തുമുള്ളത് ഇപ്പോഴും പുരുഷാധിപത്യം നിലനിൽക്കുന്ന സമൂഹം തന്നെയാണ്. എന്നാൽ, അതിനെതിരെ ഫെമിനിസ്റ്റുകളടക്കം ആളുകളുടെ ചെറുത്തുനിൽപ്പുകളും പ്രതിരോധങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാൽ, ഇവിടെ ഒരു മുൻമോഡൽ പറയുന്നത് താൻ 1950 -ലെ വീട്ടമ്മമാരെപ്പോലെ ചിന്തിക്കുന്നവളാണ്. അങ്ങനെ ആവാൻ ‌ആ​ഗ്രഹിക്കുന്നവളാണ് എന്നാണ്. ഒപ്പം തന്റെ പ്രണയത്തിൽ അങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് താൻ ആ​ഗ്രഹിക്കുന്നത് എന്നും അവർ വെളിപ്പെടുത്തുകയുണ്ടായി. 

കഴിഞ്ഞ വർഷം 30 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ മിസിസ് വെയിൽസ് കിരീടം നേടിയ സ്വാൻസീ(Swansea)യിൽ നിന്നുള്ള ക്ലെയർ ഗ്രേ(Claire Grey), എന്ന 38 -കാരിയായ മോഡലാണ് വീട്ടുകാര്യങ്ങളിൽ താൻ വളരെ പഴഞ്ചൻ ചിന്താ​ഗതി തന്നെയാണ് വച്ച് പുലർത്തുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. 

ഭർത്താവ് എല്ലാ ദിവസവും ജോലിക്ക് പോകണം. ഭാര്യ വീട്ടിലിരിക്കണം. അത്താഴമേശയിൽ എല്ലാം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും വീട്ടുകാര്യങ്ങളൊക്കെയും വിട്ടുവീഴ്ചയില്ലാതെ ചെയ്യേണ്ടതുമാണ് ഭാര്യയുടെ കടമ. ഒപ്പം പുറത്തുനിന്നും ഭക്ഷണം കഴിക്കുമ്പോൾ ബില്ല് കൊടുക്കേണ്ടത് പുരുഷനായിരിക്കണം. തനിക്ക് വേണ്ടി ഓരോ തവണയും കാറിന്റെ ഡോർ തുറന്ന് തരണം. താൻ തന്റെ മുൻ കാമുകനെ ഉപേക്ഷിച്ചത് റോഡ് മുറിച്ച് കടക്കുമ്പോൾ അയാൾ തന്റെ കൈപിടിക്കാത്തതിനാലാണ് എന്നും ​ഗ്രേ പറഞ്ഞു. 

മിററിനോട് ​ഗ്രേ പറഞ്ഞതിങ്ങനെ, 'ഞാൻ 1950 -കളിലെ ഒരു വീട്ടമ്മയെപ്പോലെയാണ്. പുരുഷന്മാർ ജോലിക്ക് പോകണം. സ്ത്രീകൾ വീട്ടിലിരിക്കണം അങ്ങനെയാണ് ഞാൻ ​ആഗ്രഹിക്കുന്നത്.' സൈക്കോതെറാപിസ്റ്റ് കൂടിയായ ​ഗ്രേ താൻ പഴയകാലത്തിലേത് പോലെയാണ് ഡേറ്റ് ചെയ്യാനാ​ഗ്രഹിക്കുന്നത് എന്നും പറയുകയുണ്ടായി. 

സ്വയം 'സ്ത്രീവിരുദ്ധ' എന്ന് വിശേഷിപ്പിക്കുന്ന ​ഗ്രേ താൻ 'വൺ നൈറ്റ് സ്റ്റാൻഡി'ൽ വിശ്വസിക്കുന്നില്ല എന്നും ഒരു പുരുഷനോടൊപ്പം ഉറങ്ങാൻ ആറുമാസം കാത്തിരിക്കാൻ തയ്യാറാണ് എന്നും പറയുന്നു. ആദ്യത്തെ ഡേറ്റിൽ താൻ പുരുഷനെ ചുംബിക്കില്ല. ഇങ്ങനെയൊക്കെയുള്ള നിലപാടായതുകാരണം തനിക്ക് പറ്റിയ ഒരാളെ കണ്ടെത്തുക അൽപം ബുദ്ധിമുട്ടാണ് എന്നും ​ഗ്രേ സമ്മതിക്കുന്നു. 

ആദ്യത്തെ ഡേറ്റിന് വരുമ്പോൾ പുരുഷൻ അവൾക്ക് മെസേജ് അയക്കുകയല്ല ചെയ്യേണ്ടത്. പകരം അവളുടെ വീട്ടിൽ വന്ന് വിളിക്കുകയും താനെത്തി എന്ന് അറിയിക്കുകയും ചെയ്യണം. പുരുഷൻ അവൾക്ക് കാറിന്റെ ഡോർ തുറന്ന് കൊടുക്കണം. റെസ്റ്റോറന്റിലെ ബില്ലും അടയ്ക്കേണ്ടത് പുരുഷനാണ്. ഏതെങ്കിലും സ്ത്രീകൾ റെസ്റ്റോറന്റിലോ ബാറിലോ ബില്ലടയ്ക്കുന്നത് കാണുമ്പോൾ താൻ അസ്വസ്ഥയാവാറുണ്ട് എന്നും മോഡൽ പറയുന്നു. 

പുരുഷന്മാരായിരിക്കണം വണ്ടിയോടിക്കുന്നത്. വണ്ടിയിൽ പെട്രോളുണ്ടോയെന്ന് എല്ലായ്പ്പോഴും അവർ ഉറപ്പിക്കണം. ഒരുപാട് പൂക്കൾ സമ്മാനമായി നൽകുകയും റൊമാന്റിക്കായി പെരുമാറി അവളെ സർപ്രൈസ് ചെയ്യിച്ചുകൊണ്ടേയിരിക്കുകയും വേണം തുടങ്ങി ഒരുപാട് നിബന്ധനകളും മോഡൽ‌ മുന്നോട്ട് വയ്ക്കുന്നു. 

രണ്ടുമാസത്തെ ഡേറ്റിം​ഗിന് ശേഷം മുൻകാമുകനായ ഒരു പ്രൊഫഷണൽ‌ ഫുട്ബോൾ കളിക്കാരനെ അവൾ ഉപേക്ഷിച്ചത് പാരീസിൽ പ്രണയമാഘോഷിക്കവെ അവളുടെ കൈപിടിക്കാൻ മറന്നുപോയി എന്നതിനാലാണ്. 

click me!