ഒരു പട്ടിയോട് പെരുമാറുന്നതിനേക്കാൾ മോശമായിട്ടാണ് പെരുമാറിയത് എന്ന് റഷ്യ വിട്ടയച്ച ബ്രിട്ടീഷ് തടവുകാരൻ

By Web TeamFirst Published Sep 27, 2022, 9:10 AM IST
Highlights

തന്റെ പുറത്ത് ഒരു കത്തി വച്ച് മുറിവേൽപിച്ചു. ആ സമയം താൻ കരുതിയിരുന്നത് താൻ മരിക്കാൻ പോവുകയാണ് എന്നാണ്. ആ സമയത്താണ് ഏത് തരത്തിലുള്ള മരണമാണ് വേണ്ടത് എന്ന് അന്വേഷിച്ചത്.

ഒരു നായയോട് പെരുമാറുന്നതിനേക്കാൾ മോശമായിട്ടാണ് റഷ്യ തന്നോട് പെരുമാറിയത് എന്ന് റഷ്യ വിട്ടയച്ച ഒരു ബ്രിട്ടീഷുകാരൻ. ഉക്രൈനിൽ വച്ച് റഷ്യൻ സൈന്യം തടവിലാക്കിയ എയ്‍ഡൻ അസ്ലിൻ മാസങ്ങൾക്ക് ശേഷമാണ് യുകെ -യിലേക്ക് തിരികെ എത്തിയത്.

ഞായറാഴ്ച 'ദ സണ്ണി'നോട് സംസാരിക്കവെ തന്നെ അവർ വെട്ടിപ്പരിക്കേൽപ്പിച്ചു എന്നും പെട്ടെന്നുള്ള മരണം വേണോ അതോ മനോഹരമായ മരണം വേണോ എന്ന് ചോദിച്ചു എന്നും അസ്ലിൻ പറഞ്ഞു. എല്ലാ ദിവസവും രാവിലെ തടവുകാരോട് റഷ്യൻ ദേശീയ​ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടിരുന്നു. അത് പാടാൻ തയ്യാറായില്ല എങ്കിൽ അവർക്ക് ശിക്ഷയേറ്റ് വാങ്ങേണ്ടി വരും. അത് മിക്കവാറും മർദ്ദനം ആയിരിക്കും. 

തനിക്ക് മുറിവേറ്റു എന്നും തന്റെ ടാറ്റൂ കാരണം ഒരുപാട് മർദ്ദനമേൽക്കേണ്ടി വന്നു എന്നും മുൻതടവുകാരനായ അസ്ലിൻ പറഞ്ഞു. അസ്ലിനടക്കം പത്ത് തടവുകാരെ ബുധനാഴ്ച വൈകുന്നേരമാണ് വിട്ടയച്ചത്. മരിയുപോളിൽ പോരാടിക്കൊണ്ടിരിക്കെ ഏപ്രിൽ മാസത്തിലാണ് നോട്ടിം​ഗ്‍ഹാംഷെയറിൽ നിന്നുള്ള അസ്ലിൻ തടവിലായത്. 

തന്റെ പുറത്ത് ഒരു കത്തി വച്ച് മുറിവേൽപിച്ചു. ആ സമയം താൻ കരുതിയിരുന്നത് താൻ മരിക്കാൻ പോവുകയാണ് എന്നാണ്. ആ സമയത്താണ് ഏത് തരത്തിലുള്ള മരണമാണ് വേണ്ടത് എന്ന് അന്വേഷിച്ചത്. അസ്ലിന്റെ ​ദേഹത്ത് രണ്ട് ടാറ്റൂകളുണ്ട്. അതിൽ ഒന്ന് യുക്രൈനുമായി ബന്ധപ്പെട്ടതും മറ്റൊന്ന് സിറിയയിലുണ്ടായിരുന്ന കാലത്തെ സൂചിപ്പിക്കുന്നതുമാണ്. ഈ രണ്ട് ടാറ്റൂകളുടെ പേരിൽ അസ്ലിന് ഒരുപാട് മർദ്ദനം ഏൽക്കേണ്ടി വന്നു. 

രണ്ട് തടവുകാരെ പാർപ്പിക്കാനുള്ള മുറിയിൽ അസ്ലിനടക്കം നാല് പേരാണ് ഉണ്ടായിരുന്നത്. അതിൽ നിറയെ ചെള്ളായിരുന്നു. മൂന്നാഴ്ചകളോളം വളരെ കുറച്ച് കഷ്ണം ബ്രെഡ്ഡും വെള്ളവും കൊണ്ടാണ് അവർ കഴിഞ്ഞത്. ടാപ്പ് വെള്ളം അനുവദിക്കാൻ അവർ യാചിച്ചിരുന്നു എന്നും അസ്ലിൻ പറയുന്നു. ബ്രിട്ടീഷുകാരനാണ് എന്ന് അറിഞ്ഞപ്പോൾ മൂക്കിന് ഇടിയാണ് കിട്ടിയത്. പുറത്തിറങ്ങാൻ പറ്റുന്നത് വല്ലപ്പോഴും ഫോൺകോളോ മറ്റോ ചെയ്യാൻ അനുവദിക്കപ്പെടുമ്പോൾ മാത്രമാണ് എന്നും അസ്ലിൻ പറഞ്ഞു. 

click me!