മുസ്‍ലിമായതുകൊണ്ടു മാത്രമാണോ ഇത്തരം ചോദ്യങ്ങള്‍, എങ്കില്‍ കേള്‍ക്കൂ; ശക്തമായ മറുപടിയുമായി ഡെമോക്രാറ്റ് വനിതാ അംഗം

By Web TeamFirst Published Jul 24, 2019, 5:25 PM IST
Highlights

ഇപ്പോഴിത് പറയാന്‍ കാരണമെന്തെന്നോ?  അടുത്ത തവണ ഓഡിയന്‍സിനിടയില്‍ നിന്ന് ഒരാള്‍, എന്നെയോ റഷീദയേയോ അബ്ദുളിനെയോ സാമിനെയോ നോക്കി ഇതുപോലെ തെറ്റായ ഒരു ചോദ്യം ചോദിക്കരുത്. അതിനുവേണ്ടി മാത്രം.

സംവാദത്തിനിടെ, സദസ്സിൽ നിന്നും ഉയർന്നുവന്ന ദുസ്സൂചന കലർന്ന ഒരു  ചോദ്യത്തോട് വളരെ രൂക്ഷമായി പ്രതികരിച്ച്, മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമർ. ഒരു മുസ്‍ലിമാണ് എന്നതുകൊണ്ട് മാത്രമാണ് ഇൽഹാന് ആ ചോദ്യം നേരിടേണ്ടി വന്നത്. അതാണ് അവരെ ചൊടിപ്പിച്ചതും. ചോദ്യത്തിന് പിന്നിലെ 'അജണ്ട'യെ വളരെ കൃത്യമായി തുറന്നുകാട്ടിക്കൊണ്ട്, അതിനുള്ള  കൃത്യവും വ്യക്തവുമായ മറുപടിയും നൽകി അവർ.
  
സ്ത്രീകളുടെ ചേലാകര്‍മ്മവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.  'FGM നെപ്പറ്റി ഒരു പ്രസ്താവന നടത്താൻ പറ്റുമോ..? ' എന്നായിരുന്നു ചോദ്യം. ഇതേപ്പറ്റി  മുസ്‍ലിം അംഗമെന്ന നിലയില്‍ നിങ്ങളോ റഷീദയോ ഒരു പ്രസ്താവന നടത്തിയാൽ അത്  ഈ അവസരത്തിൽ ഏറെ  പ്രസക്തമാകും എന്നായിരുന്നു ചോദ്യകർത്താവിന്റെ പരാമർശം. 

ആ ചോദ്യത്തെ ഏറെ 'ഞെട്ടിക്കുന്ന' ഒരു ചോദ്യം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇൽഹാൻ മറുപടി പറഞ്ഞുതുടങ്ങുന്നത്.  ഞങ്ങൾ എന്തൊക്കെ ബില്ലുകളിന്മേൽ വോട്ടുചെയ്യുന്നുണ്ട്, എത്ര ബില്ലുകൾ സ്പോൺസർ ചെയുന്നുണ്ട്, എത്ര സുപ്രധാനമായ വിഷയങ്ങളെപ്പറ്റി പ്രസ്താവനകൾ പുറപ്പെടുവിക്കുന്നുണ്ട് എന്നൊക്കെ നിങ്ങൾക്കറിയുമോ..? അതൊക്കെ ചെയ്താലും, ഇങ്ങനെ ഒരു വേദിയിൽ വരുമ്പോൾ ആദ്യം കേൾക്കേണ്ടി വരുന്ന  ചോദ്യം ഇതാ, ഇപ്പോൾ നിങ്ങൾ ചോദിച്ച പോലുള്ളതാണ്.  "നിങ്ങൾക്കും, റഷീദയ്ക്കും... ഈ വിഷയത്തിൽ ഒരു പ്രസ്താവന..." എന്നും പറഞ്ഞ് വീണ്ടും അതേ പഴയ വിഷയങ്ങൾ. 

മുസ്‌ലിം ആണ് എന്നൊരൊറ്റക്കാരണം കൊണ്ടുമാത്രം മാത്രം, മറ്റൊരു അംഗവും നേരിടാത്ത ചോദ്യങ്ങള്‍ പലതും,  തങ്ങൾ നേരിടുന്നുണ്ടെന്നും അതിന് മറുപടി നല്‍കിയാണ് പകുതി സമയവും തീര്‍ന്നുപോകുന്നതെന്നുമായിരുന്നു ഒമറിന്‍റെ പ്രതികരണം. 

വന്നു വന്ന് എന്നും വേവലാതിയാണ്.  ഇന്ന്  അല്‍ ഖ്വയ്ദയെ വിമര്‍ശിച്ചില്ലല്ലോ. ഇതാ പിടിച്ചോളൂ... ഇന്ന്  FGM -നെ വിമര്‍ശിക്കാന്‍ മറന്നു, അത് ഇതാ...  ഇന്ന്  ഹമാസിനെ വിമര്‍ശിക്കാന്‍ മറന്നു... അത് ഇതാ ചെയ്തിരിക്കുന്നു, എന്നിങ്ങനെ ഓരോ അഞ്ചുമിനിട്ടുകൂടുമ്പോഴും ഇതിങ്ങനെ ആവർത്തിച്ച് ചെയ്യേണ്ടിവരുമോ ഇനി?  

ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് ബോധ്യമാകുന്നുണ്ടല്ലോ, അല്ലേ?  ഇപ്പോൾ ഈ ചോദിച്ച ചോദ്യം എത്ര നിരാശാജനകമാണെന്നറിയുമോ? ഞാനിവിടത്തെ പൊതുകാര്യങ്ങളിൽ എത്ര സജീവമായി ഇടപെടുന്ന ഒരാളാണെന്ന് നിങ്ങൾക്കെന്റെ ചരിത്രം പരിശോധിച്ചാൽ അറിയാം. സത്യം പറഞ്ഞാൽ, മുസ്‍ലിം അംഗങ്ങളായതുകൊണ്ടുമാത്രമാണ് ഞങ്ങളിൽ പലർക്കും ഇത്തരം ചോദ്യങ്ങളെ  നിരന്തരം അഭിമുഖീകരിക്കേണ്ടി വരുന്നത്.  ആ ഒരു വിഫലമായ വ്യായാമത്തിനായി ഞങ്ങളുടെ  വിലയേറിയ സമയം പാഴാകുകയാണ്. എന്തുകൊണ്ട് മറ്റൊരംഗത്തിനും ഇങ്ങനെയുള്ള ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നില്ല? 

റാഷിദ താലിബ്

ഇപ്പോഴിത് പറയാന്‍ കാരണമെന്തെന്നോ?  അടുത്ത തവണ ഓഡിയന്‍സിനിടയില്‍ നിന്ന് ഒരാള്‍, എന്നെയോ റഷീദയേയോ അബ്ദുളിനെയോ സാമിനെയോ നോക്കി ഇതുപോലെ തെറ്റായ ഒരു ചോദ്യം ചോദിക്കരുത്. അതിനുവേണ്ടി മാത്രം. മറ്റെല്ലാ അംഗങ്ങളോടും സ്വാഭാവികമായും ചോദിക്കുന്നതരത്തിലുള്ള ചോദ്യങ്ങൾ  തന്നെയായിരിക്കണം ഞങ്ങൾക്കും നേരിടേണ്ടി വരുന്നത്. അല്ലാതെ ഒരു പ്രത്യേക സ്വത്വമുള്ളതിന്റെ പേരിൽ ഞങ്ങൾ ഒരു പ്രത്യേക തരത്തിലുള്ള ചോദ്യങ്ങൾ നേരിടാൻ നിർബന്ധിതരാകരുത്. 

ഞങ്ങളുടെ പൂർവികർ ഏത് നാട്ടിൽ നിന്ന് വന്നവരാണ്, ഞങ്ങൾ ഏത് ദൈവത്തോടാണ് പ്രാർത്ഥിക്കുന്നത് എന്നതിന്റെ പേരിൽ   ഒരിക്കലും ഞങ്ങളെ മുൻവിധികളോടെ സമീപിക്കരുത്.  കോണ്‍ഗ്രസ് അംഗങ്ങളെപ്പോലെ, യഥാർത്ഥ അമേരിക്കൻ രാഷ്ട്രീയക്കാരെപ്പോലെ  ഞങ്ങൾ പെരുമാറണമെന്നു നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ,   ഞങ്ങളെ അങ്ങനെ തന്നെ നിങ്ങൾ പരിഗണിച്ചു തുടങ്ങണം ആദ്യം.

I watched this live. It was excellent.

Rep dismantles the ridiculous assumptions about American leaders who happen to be Muslim. pic.twitter.com/GMRWRdeiTe

— Qasim Rashid, Esq. (@QasimRashid)

നിറഞ്ഞ കയ്യടികളോടെയാണ് കാണികള്‍ ഒമറിന്‍റെ സംസാരം കേട്ടത്. നേരത്തെയും തന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്തയാളായിരുന്നു ഒമര്‍. ട്രംപിന്‍റെ കുടിയേറ്റനിയമങ്ങള്‍ക്കെതിരെയും വംശീയപരാമര്‍ശത്തിനെതിരെയും ഒമര്‍ ശക്തമായി പ്രതികരിച്ചിരുന്നു. ഒമര്‍ മാത്രമല്ല കൂടെയുള്ള റാഷിദ താലിബ് അടക്കമുള്ളവര്‍ക്ക് നേരെക്കൂടി ട്രംപ് പരാമര്‍ശം നടത്തി. ട്രംപിനെതിരായ പോരാട്ടത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അമേരിക്ക ഞങ്ങളുടെയെല്ലാം രാജ്യമാണ്, ഇവിടെത്തന്നെ ജീവിക്കും, ട്രംപിന്‍റേത് ഫാസിസ്റ്റ് ഭരണമാണെന്നും അവര്‍ പ്രതികരിച്ചു. ഒമറിനെ തിരിച്ചയക്കണമെന്ന് പറഞ്ഞ് ട്രംപിനെ പിന്തുണക്കുന്നവര്‍ മുന്നോട്ടുവന്നു. സൊമാലിയയില്‍ നിന്ന് വളരെ ചെറുപ്പത്തില്‍ അമേരിക്കയിലെത്തിയ ആളാണ് ഒമര്‍. ഒമറിനെതിരെയുള്ള ട്രംപിന്‍റെ വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധിപേരാണ് പ്രതികരിച്ചത്. #IStandWithIlhan എന്ന പേരില്‍ ഹാഷ്ടാഗ് ക്യാമ്പയിനും നടന്നു.


 

click me!