Latest Videos

ഇത് പ്രളയത്തെയും ഭൂകമ്പത്തെയും അതിജീവിക്കുന്ന വീട്...

By Web TeamFirst Published Jul 23, 2019, 7:02 PM IST
Highlights

ഓരോ ഗ്രാമത്തിലും ആറ് മുതല്‍ പത്തുവരെ അംഗങ്ങളുള്ള വില്ലേജ് ഡെവലപ്മെന്‍റ് കമ്മിറ്റിയുണ്ടാക്കി. ഗ്രാമാധികാരികളും അധ്യാപകരും സര്‍ക്കാര്‍ പ്രതിനിധികളുമെല്ലാം ഗ്രാമത്തിലെ ജനങ്ങളെ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ വീടുകളുണ്ടാക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരിച്ചു. 

ഴിഞ്ഞ വര്‍ഷമാണ് കേരളക്കരയാകെ അതുവരെ കാണാത്ത പ്രളയമെന്ന പ്രകൃതിദുരന്തത്തെ അതിജീവിച്ചത്. വര്‍ഷമൊന്ന് കഴിഞ്ഞിട്ടും പലരും അന്നത്തെ പ്രളയമേല്‍പ്പിച്ച നഷ്ടങ്ങളില്‍ നിന്ന് കരകയറിയിട്ടില്ല. അതുപോലെ, 2006 -ലെ വെള്ളപ്പൊക്കം രാജസ്ഥാനിലെ ബാര്‍മര്‍ ഗ്രാമത്തിലുള്ളവര്‍ക്ക് മറക്കാനാകില്ല. അന്ന് ഗ്രാമത്തിലെ ഒരുപാട് പേര്‍ വീടില്ലാത്തവരായി മാറി. മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ നാടാകെ വെള്ളത്തിലായി. ആ വെള്ളപ്പൊക്കം 104 പേരുടെ ജീവനാണ് കവര്‍ന്നത്. 75000 കാലികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 1300 കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്. 

വീട് നഷ്ടമായ ഈ മനുഷ്യരെ പുനരധിവസിപ്പിക്കുക എന്നതായിരുന്നു അന്ന് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായി മാറിയിരിക്കുകയാണ് പ്രളയവും. എത്ര വലിയ വീട് പൊക്കിക്കെട്ടിയാലും പ്രകൃതി ഒന്നു ക്ഷോഭിച്ചാല്‍ തകരാവുന്നതേയുള്ളൂവെന്ന പാഠമാണ് അത് പകര്‍ന്നു നല്‍കിയത്. 

ഏതായാലും ബാര്‍മര്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് സഹായവുമായി ആ സമയത്താണ്  സസ്റ്റെയിനബിള്‍ എന്‍വയോണ്‍മെന്‍റ് ആന്‍ഡ് എക്കോളജിക്കല്‍ ഡെവലപ്മെന്‍റ് സൊസൈറ്റി (Sustainable Environment and Ecological Development Society -SEEDS)എത്തുന്നത്. വളരെ ചെലവ് കുറഞ്ഞ്, എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്ന വീടുകള്‍ ഗ്രാമീണര്‍ക്ക് പരിചയപ്പെടുത്തുന്നത് സീഡ്സ് ആണ്. 25 വര്‍ഷം പ്രായമുള്ള ഈ നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തിക്കുന്നത് പ്രകൃതിദുരന്തങ്ങളില്‍ പെടുന്നവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ടാണ്. 

വളരെ പെട്ടെന്ന് തന്നെ ബാര്‍മറിലെ വെള്ളപ്പൊക്കം ബാധിച്ച 15 ഗ്രാമങ്ങളിലായി മുന്നൂറോളം വീടുകളാണ് സീഡ്സ് നിര്‍മ്മിച്ചത്. പല വീട്ടുകാരെയും മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ടായിരുന്നു. പുതിയ സ്ഥലം കണ്ടെത്താനും വീട് നിര്‍മ്മിക്കാനുമെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം കൂടി ഉണ്ടായതോടെ കാര്യങ്ങള്‍ എളുപ്പമായി. 

ഗ്രാമത്തില്‍ തന്നെ ലഭ്യമാകുന്ന വസ്തുക്കളുപയോഗിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വീട് നിര്‍മ്മിച്ചിരുന്നത്. വീടുകള്‍ തകരാതിരിക്കാനായി നാലടി താഴ്ചയിലാണ് അടിത്തറ നിര്‍മ്മിക്കുന്നത്. അത് വീടിന് ഉറപ്പ് നല്‍കുന്നു എന്നും സീഡ്സിന്‍റെ ഭാഗമായുള്ള ഡോ. അന്‍ഷു ശര്‍മ്മ പറയുന്നു. ഒന്നിനു മുകളിലൊന്ന് എന്നതില്‍നിന്നും മാറി ഇന്‍റര്‍ലോക്കിങ് മാതൃകയിലാണ് വീട് പണിയുന്നത്. 

വീടിനോട് പലര്‍ക്കും പലതരത്തിലുള്ള അടുപ്പമായിരിക്കും. വീട് നിര്‍മ്മിക്കുമ്പോഴും അത്തരം അടുപ്പവും ആഗ്രഹങ്ങളുമെല്ലാം എല്ലാവര്‍ക്കും കാണും. അതുകൊണ്ട് തന്നെ ഗ്രാമീണരെ ഇങ്ങനെ വീടുണ്ടാക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്തി. അവര്‍ കൂടി വീട് നിര്‍മ്മാണത്തില്‍ പങ്കാളികളായി. അവരുടെ പരിസരവുമായി ചേര്‍ന്ന് നില്‍ക്കുന്ന അവര്‍ക്ക് കൂടി പ്രിയപ്പെട്ടതാകുന്ന തരത്തിലുള്ള വീടുകള്‍ നിര്‍മ്മിക്കാനും ശ്രദ്ധിച്ചു. 

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായിരുന്നു വീട് നിര്‍മ്മിച്ച് നല്‍കുന്നവരില്‍ മുന്‍ഗണന നല്‍കിയത്. ബാര്‍മര്‍ ആശ്രയ് യോജന പദ്ധതി പ്രകാരമായിരുന്നു വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. ജില്ലാ ഭരണകൂടം ഇതിന് മുന്‍കയ്യെടുത്തു. വെള്ളപ്പൊക്കത്തില്‍ വീടടക്കം സര്‍വ്വതും നഷ്ടപ്പെടുകയെന്നാല്‍ ഒരു മനുഷ്യന്‍ അത്രയേറെ മുറിപ്പെടുക എന്നാണ് അര്‍ത്ഥം. ആ മുറിവുകളെ ഭേദമാക്കാന്‍ പോരുന്ന തരത്തിലുള്ള വീടുകള്‍ കൂടിയായിരുന്നു സീഡ്സ് നിര്‍മ്മിച്ചു നല്‍കിയത്. 

ഓരോ ഗ്രാമത്തിലും ആറ് മുതല്‍ പത്തുവരെ അംഗങ്ങളുള്ള വില്ലേജ് ഡെവലപ്മെന്‍റ് കമ്മിറ്റിയുണ്ടാക്കി. ഗ്രാമാധികാരികളും അധ്യാപകരും സര്‍ക്കാര്‍ പ്രതിനിധികളുമെല്ലാം ഗ്രാമത്തിലെ ജനങ്ങളെ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ വീടുകളുണ്ടാക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരിച്ചു. അവരെ ഇത്തരം വീടുകളുണ്ടാക്കാന്‍ പരിശീലിപ്പിച്ചു. 

സിലിണ്ടര്‍ ആകൃതിയിലായിരുന്നു വീടുകള്‍. മുള, ചോളത്തിന്‍റെ ഇല, ഗ്രാമത്തില്‍ ലഭ്യമാകുന്ന ചിലയിനം പുല്ലുകള്‍ എന്നിവ ഉപയോഗിച്ചാണ് വീടുകളുടെ നിര്‍മ്മാണം. മണ്ണുപയോഗിച്ചാണ് വീടുണ്ടാക്കുന്നത്. സീഡ്സില്‍ നിന്നുവര്‍ പ്രദേശത്തെ കാലാവസ്ഥയെ കുറിച്ച് പഠിച്ചിരുന്നു. ഈ വീടുകളില്‍ 50 ഡിഗ്രി ചൂട് സമയത്തും അത് അനുഭവപ്പെടില്ല. മരവിച്ചു പോകുന്ന തണുപ്പത്തും അങ്ങനെ തന്നെ അവസ്ഥ. അങ്ങനെ കാലാവസ്ഥയോട് യോജിച്ചുപോവുന്ന രീതിയിലാണ് വീടുകളുടെ നിര്‍മ്മാണം. ആവശ്യത്തിന് വെളിച്ചവും കാറ്റും അകത്തേക്ക് കയറും. അതിനാല്‍ത്തന്നെ ഫാനിന്‍റെയോ ഹീറ്ററിന്‍റെയോ ആവശ്യം വരുന്നില്ല. 

ഓരോ വീട് നിര്‍മ്മിക്കാന്‍ ചെലവ് വരുന്നത് 40,000 രൂപയാണ്. ചെലവ് കുറയാന്‍ പ്രധാനകാരണം, അടുത്ത് തന്നെ ലഭ്യമാകുന്ന വസ്തുക്കളുപയോഗിച്ചാണ് വീടിന്‍റെ നിര്‍മ്മാണം എന്നത് തന്നെയാണ്. ഒരിടത്തുനിന്നും വേറൊരിടത്തേക്ക് സാധനസാമഗ്രികള്‍ കടത്തേണ്ടതില്ല എന്നതിനാല്‍ത്തന്നെ ആ ഇനത്തില്‍ പണം ചെലവാകുന്നേയില്ല. മഴവെള്ളം സംഭരിക്കാനുള്ള സംവിധാനവും വീടിനൊപ്പം നിര്‍മ്മിക്കുന്നുണ്ട്. വൈദ്യുതിയില്ലാത്ത വീടുകള്‍ക്കായി സോളാര്‍ പാനലുകളും സീഡ്സ് നല്‍കുന്നു. 

'ആളുകള്‍ വിലകൂടിയ ഉത്പന്നങ്ങളുപയോഗിച്ച് ചെലവേറിയ വീട് നിര്‍മ്മിക്കുന്നു. ഇത്തരം വീടുകളുടെ കാലാവധി 50 വര്‍ഷമാണ്. എന്നാല്‍, ബാര്‍മറില്‍ നിര്‍മ്മിച്ചതരം വീടുകള്‍ നൂറുവര്‍ഷത്തോളം നിലനില്‍ക്കും ജനങ്ങളത് മനസിലാക്കുന്നില്ല. പ്രത്യേകിച്ച് പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കാനിടയുള്ള ഇടങ്ങളില്‍...' അന്‍ഷ് ശര്‍മ്മ പറയുന്നു. 13 വര്‍ഷങ്ങളായി ബര്‍മറില്‍ ഈ വീടുകള്‍ ഇങ്ങനെ നിലനില്‍ക്കുന്നു മഴയേയും വെയിലിനെയും അതിജീവിച്ച്. 

click me!