ഗുജറാത്തിൽ ആകാശത്തുനിന്നും ലോഹപ്പന്തുകൾ വീണു!

By Web TeamFirst Published May 17, 2022, 11:09 AM IST
Highlights

ഇപ്പോൾ, ഇതെന്താണ് എന്ന് കണ്ടെത്താൻ ഫിസിക്കൽ റിസർച്ച് ലബോറട്ടറി പരിശോധിക്കുകയാണ്. ബഹിരാകാശ ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഒരു സർക്കാർ സ്ഥാപനമാണ് ഫിസിക്കൽ റിസർച്ച് ലബോറട്ടറി (PRL). 

എന്താണ് എന്നറിയാത്ത പല സംഭവങ്ങളും ലോകത്തുണ്ടാവാറുണ്ട്. അത് യഥാർത്ഥത്തിലെന്താണ് എന്ന് തിരിച്ചറിയുമ്പോഴേക്കും ആളുകൾ പലവിധ ഊഹോപോഹങ്ങളുമായി എത്താറുണ്ട്. അതിലൊന്നാണ് ഇപ്പോൾ ​ഗുജറാത്തി(Gujarat)ൽ ആകാശത്തുനിന്നും വീണ 'ലോഹപ്പന്തു'കൾ (metal balls). 

റിപ്പോർട്ടുകൾ പ്രകാരം, സുരേന്ദ്രനഗർ ജില്ലയിലെ സൈല ഗ്രാമത്തിലെ നിവാസികളാണ് ആകാശത്ത് നിന്ന് ഒന്നോ അതിലധികമോ ലോഹപ്പന്തുകൾ വീണതായി കണ്ടെത്തിയത്. ലോഹശകലങ്ങൾ വയലുകളിൽ ചിതറിക്കിടക്കുന്നതായും ​ഗ്രാമവാസികൾ കണ്ടെത്തി. ഇതോടെ ആളുകൾ ആകെ പരിഭ്രാന്തരായി. 

ആനന്ദ് ജില്ലയിലെ മൂന്ന് ഗ്രാമങ്ങൾക്കൊപ്പം ഖേദ ജില്ലയിലെ ഉമ്രേത്തിലും നദിയാദിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിചിത്രമായ കറുപ്പും വെള്ളിനിറവും വരുന്ന ലോഹപ്പന്തുകൾ വീഴുകയുണ്ടായി. ഇപ്പോൾ, ഇതെന്താണ് എന്ന് കണ്ടെത്താൻ ഫിസിക്കൽ റിസർച്ച് ലബോറട്ടറി പരിശോധിക്കുകയാണ്. ബഹിരാകാശ ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഒരു സർക്കാർ സ്ഥാപനമാണ് ഫിസിക്കൽ റിസർച്ച് ലബോറട്ടറി (PRL). ലാബിന്റെ പ്രാഥമിക അന്വേഷണമനുസരിച്ച്, വിചിത്രമായ ഈ ലോഹപ്പന്തുകൾ ഒരു കൃത്രിമോപഗ്രഹത്തിൽ നിന്നുള്ള അവശിഷ്ടങ്ങളാണെന്ന് അഭിപ്രായമുയർന്നു. 

ആകാശത്ത് നിന്നും നിലത്ത് വീണ് ലോഹവളയം, ചൂടുണ്ടായിരുന്നു എന്ന് ​ഗ്രാമവാസികൾ, അമ്പരപ്പ്

കഴിഞ്ഞ മാസം മഹാരാഷ്ട്ര(Maharashtra)യിലും ഏകദേശം സമാനമായ സംഭവമുണ്ടായിരുന്നു. ചന്ദ്രപുർ ജില്ലയിലെ സിന്ദേവാഹി(Sindewahi) ഗ്രാമവാസികൾ അതുവരെ കാണാത്ത ചില കാഴ്ചകൾ കണ്ട് ഞെട്ടി. നിലത്ത് വീണുകിടക്കുന്ന ലോഹവളയം. രാത്രിയില്‍ ആകാശത്ത് ഒരു ജ്വലിക്കുന്നവസ്തു വേ​ഗത്തിൽ നീങ്ങുന്നത് കണ്ടതിന് മണിക്കൂറുകള്‍ക്കുശേഷമാണ് ലോഹവളയം കണ്ടത്. അതിന് ചൂടുണ്ടായിരുന്നു എന്നും  ഗ്രാമവാസികൾ പറഞ്ഞു. 

രാത്രി 7.50 ഓടെയാണ് ലാഡ്‌ബോറി ഗ്രാമത്തിലെ തുറന്ന സ്ഥലത്ത് ഒരു ഇരുമ്പ് വളയം കിടക്കുന്നത് ഗ്രാമവാസികൾ കണ്ടത്. സംഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെ ഗൂഢാലോചന സിദ്ധാന്തങ്ങളുമായി നിരവധി ആളുകളാണ് എത്തിയത്. ബഹിരാകാശ വാഹനങ്ങളിൽ നിന്നുമുള്ള അവശിഷ്ടങ്ങളാവാം എന്ന് ചിലർ പറഞ്ഞപ്പോൾ മറ്റ് ചിലർ പറഞ്ഞത് അന്യ​ഗ്രഹത്തിൽ നിന്നുള്ള വസ്തുക്കളാണ് എന്നാണ്. ചില രസികന്മാർ പറഞ്ഞത് അത് ജാദുവിന്റെ സി​ഗ്നലാണ് എന്നാണ്. 

അതേസമയം, വിദ​ഗ്ദ്ധർ പറയുന്നത്, ഉപഗ്രഹവിക്ഷേപണത്തിനു ശേഷമുള്ള റോക്കറ്റ് ബൂസ്റ്ററുകളുടെ അവശിഷ്ടങ്ങളായിരിക്കാം ഇത് എന്നാണ്. രത്‌ലാം, ബർവാനി, ഖണ്ട്‌വ എന്നിവയുൾപ്പെടെ മധ്യപ്രദേശിന്റെ പല ഭാഗങ്ങളിലും സമാനമായ സംഭവം നിരീക്ഷിക്കപ്പെട്ടു. ജ്യോതിശാസ്ത്രജ്ഞനായ ജോനാഥൻ മക്‌ഡൊവൽ പറയുന്നത്, “ഏതെങ്കിലും രാജ്യത്തിന്റെ ഒരു ഉപഗ്രഹം ആകസ്മികമായി വീണതാകാം. അല്ലെങ്കിൽ മനപ്പൂർവ്വം വീഴാൻ കാരണമായതാകാം. ഇത് ഒരു ഉൽക്കാവർഷമോ അഗ്നിഗോളമോ പോലെ തോന്നുന്നില്ല“ എന്നാണ്.
 

click me!