ഇവിടുത്തെ പ്രാവുകളുടെ പേരിൽ കോടികളുടെ സ്വത്ത്, ഭൂമിയും കടകളും ​ഗോശാലകളും പെടുന്നു!

By Web TeamFirst Published Aug 10, 2021, 3:15 PM IST
Highlights

വ്യവസായി സജ്ജൻരാജ് ജെയിനാണ് പദ്ധതിയുടെ തുടക്കക്കാരൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോജക്റ്റ് തുടങ്ങിയ ഉടനെ തന്നെ ആളുകൾ തുറന്ന ഹൃദയത്തോടെ സംഭാവന നൽകി. 

രാജസ്ഥാനിലെ ശതകോടീശ്വരന്മാരും കോടീശ്വരന്മാരുമായ നിരവധി വ്യവസായികളുടെ കഥ നിങ്ങൾ കേട്ടിരിക്കാം. എന്നിരുന്നാലും, നാഗൗറിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ ചെറിയ പട്ടണമായ ജസ് നഗറിൽ പ്രാവുകൾ പോലും കോടീശ്വരന്മാരാണെന്ന വസ്തുത നിങ്ങൾക്ക് അറിയില്ലായിരിക്കാം. മൾട്ടി മില്യണയർ പ്രാവുകൾ എന്നാണ് അവ അറിയപ്പെടുന്നത് തന്നെ. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ഈ പ്രാവുകളുടെ പേരില്‍ ഉള്ളതെന്നാണ് പറയുന്നത്. 

ഈ സമ്പത്തിൽ നിരവധി കടകൾ, ഏക്കറ് കണക്കിന് ഭൂമി, പണ നിക്ഷേപം എന്നിവ ഉൾപ്പെടുന്നു. പ്രാവുകൾക്ക് അവയുടെ പേരിൽ 27 കടകളും, 126 ബിഗാ ഭൂമിയും 30 ലക്ഷം രൂപയുടെ പണനിക്ഷേപവും ഉണ്ടെന്നാണ് ഇന്ത്യാ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനെല്ലാമുപരിയായി ഈ പ്രാവുകളുടെ ഉടമസ്ഥതയിലുള്ള 10 ബിഗ ഭൂമിയിൽ 400 -ലധികം ഗോശാലകളും പ്രവർത്തിക്കുന്നുണ്ട്. 

ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് മുമ്പ്, ഒരു പുതിയ വ്യവസായി ഇവിടെ ഒരു കബൂതാരൻ ട്രസ്റ്റ് സ്ഥാപിക്കുകയായിരുന്നു എന്നാണ് ഇവിടെയുള്ള പ്രഭുസിംഗ് രാജ്പുരോഹിത് പറയുന്നത്. ഒപ്പം തങ്ങളുടെ പൂർവ്വികരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ക്രമീകരണം നടത്തിയതെന്നും, അതുപോലെ തന്നെ മുൻ സർപ്പഞ്ച് രാംദിൻ ചോട്ടിയയിൽ നിന്നും അദ്ദേഹത്തിന്റെ ഗുരു മരുധർ കേസരിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മിണ്ടാപ്രാണികൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പ് വരുത്താൻ ഇങ്ങനെയൊരു സമ്പ്രദായം തുടങ്ങിയതെന്നും പ്രഭുസിംഗ് പറയുന്നു.

വ്യവസായി സജ്ജൻരാജ് ജെയിനാണ് പദ്ധതിയുടെ തുടക്കക്കാരൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോജക്റ്റ് തുടങ്ങിയ ഉടനെ തന്നെ ആളുകൾ തുറന്ന ഹൃദയത്തോടെ സംഭാവന നൽകി. ഇപ്പോൾ, 500 പശുക്കൾ പ്രാവുകളുടെ ഉടമസ്ഥതയിലുള്ള ഈ ഭൂമിയിലെ ഗോശാലയിലുണ്ട്. 

പ്രാവുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും പക്ഷികൾക്ക് പതിവായി ധാന്യവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ട്രസ്റ്റിലൂടെ പണം സമാഹരിച്ചു. പട്ടണത്തിൽ 27 കടകൾ നിർമ്മിച്ചു. വാസ്തവത്തിൽ, ട്രസ്റ്റിന് പ്രാവുകളുടെ പേരാണ് നൽകിയിരുന്നത്, അതിനാലാണ്  ഇതിനെ കബുതാരൻ ട്രസ്റ്റ് എന്ന് വിളിക്കുന്നത്. 

കടകൾക്ക് പ്രതിമാസം 80,000 രൂപ വരെ വാടക ലഭിക്കുന്നു. കൂടാതെ, ഭൂമിയും വാടകയ്ക്ക് നല്‍കുന്നു. അതിനാൽ ഇത് ട്രസ്റ്റിന് സ്ഥിരമായ വരുമാനവും നൽകുന്നു. ഈ വരുമാനമെല്ലാം ബാങ്കിൽ നിക്ഷേപിക്കുന്നു. ഇത് ഇപ്പോള്‍ 30 ലക്ഷം രൂപയായി വർദ്ധിച്ചിട്ടുണ്ട്.

click me!