ഇന്ത്യക്കാരൻ മാനേജറും ജപ്പാൻ മാനേജറും; ജീവനക്കാരന്‍റെ ലീവ് റിക്വസ്റ്റിനുള്ള മറുപടി വൈറൽ, ആരാണ് ബെസ്റ്റ് മാനേജർ

Published : Nov 11, 2025, 04:09 PM IST
Indan Manager And Japanese Manager The Viral Difference In Leave Approval Styles

Synopsis

ഒരു ഇന്ത്യൻ മാനേജരും ഒരു ജാപ്പനീസ് മാനേജരുംഅവധി അപേക്ഷകൾക്ക് നൽകിയ മറുപടികൾ തമ്മിലുള്ള വ്യത്യാസം ഒരു ജീവനക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

അവധി ഒരു അവകാശമായി കാണുന്നവരും, അതൊരു ഔദാര്യമായി അനുഭവിക്കേണ്ടി വരുന്നവരും തമ്മിലുള്ള വ്യത്യാസം എന്താണ്? ഒരു ജീവനക്കാരൻ ലീവിന് അപേക്ഷിച്ചപ്പോൾ ഇന്ത്യൻ മാനേജരും ജാപ്പനീസ് മാനേജരും നൽകിയ മറുപടികൾ തമ്മിലുള്ള അന്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരാൾ ഹൃദയത്തിൽ തൊടുന്ന സ്നേഹവും കരുതലും നൽകിയപ്പോൾ മറ്റൊരാൾ, അവധിയെടുത്തോ പക്ഷേ ജോലിയിൽ എപ്പോഴും അവൈലബിളാകണമെന്ന മുന്നറിയിപ്പാണ് നൽകിയത്. ഒരു റെഡ്ഡിറ്റ് യൂസറാണ് തന്റെ രണ്ട് മേലുദ്യോഗസ്ഥരിൽ നിന്നും ലഭിച്ച വിത്യസ്ത മറുപടികളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചത്. അത്യാവശ്യ കാര്യങ്ങൾക്കായി നാട്ടിലേക്ക് പോകാൻ അപേക്ഷിച്ച അവധിക്ക് ലഭിച്ച പ്രതികരണങ്ങളാണ് പലരെയും ചിന്തിപ്പിച്ചത്.

ജപ്പാനീസ് മാനേജ‍ർ: "Good day Well noted. Please be careful on your way home."

ജാപ്പനീസ് മാനേജരുടെ മറുപടി വെറും ലീവ് അപ്രൂവൽ മാത്രമായിരുന്നില്ല. 'വീട്ടിലേക്കുള്ള യാത്രയിൽ ശ്രദ്ധിക്കണം' എന്ന വാചകം, ലീവ് നൽകിയതിനപ്പുറം ഒരു ജീവനക്കാരനോടുള്ള വ്യക്തിപരമായ കരുതൽ കൂടിയായിരുന്നു. ജോലിയിൽ മാത്രമല്ല അതിന് പുറത്തും അവരുടെ ക്ഷേമം പ്രധാനമാണെന്ന് അത് ഓർമ്മിപ്പിക്കുന്നു.

ഇന്ത്യൻ മാനേജ‍ർ: "Approved. Please be online on Teams and mail."

ഇന്ത്യൻ മാനേജരുടെ പ്രതികരണം വളരെ ലളിതമായിരുന്നു,'അനുവദിച്ചു' എന്ന ഒറ്റവാക്ക്. എന്നാൽ അതിനൊപ്പം ചേർത്ത വാചകമാണ് സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കിയത്: “ ഓൺലൈനിൽ ഉണ്ടായിരിക്കണം.” അവധിയിൽ പോകുമ്പോഴും ജോലിയിൽ ജീവനക്കാർ സദാസമയവും ഉണ്ടായിരിക്കണം എന്ന കർശനമായ നിർദ്ദേശമാണിത്. ഏഴ് കാഷ്വൽ ലീവുകൾ ബാക്കിയുണ്ടായിട്ടും, ലീവ് കിട്ടിയത് ഒരു വലിയ 'ഔദാര്യം' പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് ജീവനക്കാരൻ കുറിച്ചു.

ജോലിയോ ജീവിതമോ?

ഈ രണ്ട് മറുപടികളും ഇന്ത്യയിലെയും വിദേശത്തെയും തൊഴിൽ സംസ്കാരങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര വലുതാണെന്ന് അടിവരയിടുന്നുവെന്നാണ് താഴെ വരുന്ന കമന്‍റുകൾ. ഇന്ത്യൻ രീതിയിൽ, അത് ചുരുങ്ങിയ വാക്കുകളിൽ ഒതുക്കുകയും, വ്യക്തിപരമായ ഇടവേളകളിലും ജോലിക്ക് മുൻഗണന നൽകാനുള്ള സമ്മർദ്ദവുമാണ് ഉണ്ടാകുന്നത്. 'വർക്ക് ഈസ് ലൈഫ്' എന്ന കാഴ്ചപ്പാടാണ് ഇവിടെ. എന്നാൽ ജപ്പാനീസ് രീതി തികച്ചും വ്യത്യാസ്തമാണെന്ന് മാനേജറുടെ മറുപടിയിലൂടെ കാണാം.

ഈ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ, പലരും തങ്ങളുടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. "ഇന്ത്യയിൽ നമ്മൾ ജീവിക്കാൻ വേണ്ടിയാണ് ജോലി ചെയ്യുന്നതെങ്കിലും, പലപ്പോഴും ജോലിക്ക് വേണ്ടി ജീവിക്കുന്നതായി തോന്നും," എന്ന് ഒരു യൂസർ അഭിപ്രായപ്പെട്ടപ്പോൾ, "പ്രൊഫഷണലിസത്തിൽ മനുഷ്യത്വം കലരുമ്പോഴാണ് മികച്ച തൊഴിലിടങ്ങൾ ഉണ്ടാകുന്നത്," എന്ന് മറ്റൊരാൾ കുറിച്ചു.അവധി പോലും മൊബൈലിൽ ഒതുങ്ങുന്ന ഈ കാലത്ത്, ഒരു ലീവ് അപേക്ഷയ്ക്ക് ലഭിക്കുന്ന ചെറിയൊരു മറുപടി പോലും എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് ഈ പോസ്റ്റ് നമ്മെ ഓർമ്മിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്