
ഇന്ന് ഈ ഭൂമുഖത്തുള്ള എല്ലാ രാജ്യങ്ങൾക്കും കൃത്യമായ അതിർത്തികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ തന്നെയാണ് ഈ രേഖപ്പെടുത്തലുകളെല്ലാം നടത്തിയിട്ടുള്ളതും. എന്നാൽ, മിക്ക രാജ്യങ്ങളും തങ്ങളുടെ രാജ്യാതിർത്തികൾ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്. അതിന്‍റെ മുകളിലാണ് ഇപ്പോഴത്തെ അതിർത്തി തർക്കങ്ങളെല്ലാം തന്നെ. ഇന്ത്യയുടെ വടക്കൻ അതിർത്തിയിലെ പല ഭാഗങ്ങളിലും ചൈന അവകാശവാദമുന്നയിക്കുന്നത് ഇതിന്‍റെ പേരിലാണ്. എന്നാൽ, ഇന്ത്യയും ബംഗ്ലാദേശം തമ്മിൽ ഒരിക്കൽ ഒരു ദ്വീപിനെ ചൊല്ലി കടുത്ത വാഗ്വാദത്തിലായിരുന്നു. പക്ഷേ, ഒരു ദിവസം പെടുന്നനെ ആ പ്രശ്നം അവസാനിച്ചു. കാരണം മറ്റൊന്നുമല്ല തങ്ങളുടേതെന്ന് ഇരുവരും അവകാശവാദ മുന്നയിച്ച ആ ദ്വീപ്, അത് കടലെടുത്ത് പോയി എന്നത് തന്നെ!
പുർബാഷ അഥവാ സൗത്ത് തൽപട്ടി എന്നും അറിയപ്പെടുന്ന ന്യൂ മൂർ ദ്വീപിനെ കുറിച്ചാണ് പറഞ്ഞ് വന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഒരു ഭൗമരാഷ്ട്രീയ തർക്കത്തിന് തുടക്കമിട്ട ദ്വീപ്. പക്ഷേ, സമുദ്ര നിരപ്പ് ഉയർന്നപ്പോൾ പൂർണ്ണമായും അപ്രത്യക്ഷമായി. ബംഗാൾ ഉൾക്കടലിലെ ജനവാസമില്ലാത്ത ഒരു ചെറിയ ദ്വീപായിരുന്നു ന്യൂ മൂർ. ഇന്ത്യയും ബംഗ്ലാദേശും വർഷങ്ങളോളം ആ ദ്വീപിന്‍റെ മേൽ അധികാരം അവകാശപ്പെട്ടു. 1970 -കളിൽ സുന്ദർബൻസ് ഡെൽറ്റ മേഖലയിലെ തീരപ്രദേശത്ത് ഉണ്ടായ ശക്തമായ ചുഴലിക്കാറ്റും മാറിക്കൊണ്ടിരിക്കുന്ന കടലിന്‍റെ വേലിയേറ്റ ഇറക്കങ്ങളും മൂലം ഹരിഭംഗ നദീമുഖത്തിന് സമീപം പെട്ടെന്ന് ഒരു ദ്വീപ് ഉയർന്നുവന്നു.
ആദ്യമൊക്കെ ആ ദ്വീപിനെ പ്രാദേശിക മത്സ്യത്തൊഴിലാളികളല്ലാതെ ആരും ശ്രദ്ധിച്ചിരുന്നില്ല. അധികം താമസിക്കാതെ ദ്വീപിലേക്ക് കുടുതൽ മണ്ണ് അടിഞ്ഞ് ദ്വീപ് അല്പം വലുതായി. ഏതാനും ചതുരശ്ര കിലോമീറ്റർ വലുപ്പം. എന്നാൽ ചെറി നിറഞ്ഞത്. സ്ഥിരമായ ജനവാസമില്ലാത്തത്. മാത്രമല്ല, ശക്തമായ വേലിയേറ്റത്തിനും കൊടുക്കാറ്റിനും സാധ്യതയുള്ള താഴ്നന്ന പ്രദേശം. ആരുമാരും ശ്രദ്ധിക്കപ്പെടാതിരുന്ന ആ ദ്വീപ് തങ്ങളുടെതാണെന്ന് ഇന്ത്യയും പിന്നാലെ ബംഗ്ലാദേശും അവകാശമുന്നയിച്ചു. ഇതോടെ പെട്ടെന്ന് ദ്വീപിന് ലോകശ്രദ്ധ ലഭിച്ചു. ലോസ് ഏഞ്ചൽസ് ടൈംസിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ഉടമസ്ഥാവകാശം ബംഗാൾ ഉൾക്കടലിലെ സമുദ്രാതിർത്തികളെയും കടൽ വിഭവ സമാഹരണത്തെ ബാധിച്ചു. പിന്നാലെ തർക്കം രൂക്ഷമായി.
മത്സ്യബന്ധന മേഖലകൾ, കപ്പൽ ഗതാഗതം, എണ്ണ, വാതക ശേഖരം എന്നിവയുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള സ്ഥലത്താണ് ഈ മൺതിട്ട രൂപപ്പെട്ടതെന്നത് സംഭവത്തിന്‍റെ ഗൗരവം വർദ്ധിപ്പിച്ചു. ശീതയുദ്ധ കാലത്തും അതിനുശേഷവും ബംഗാൾ ഉൾക്കടലിലെ പ്രദേശിക നിയന്ത്രണം ഇരു രാജ്യങ്ങൾക്കുമിടയിൽ വർദ്ധിച്ചുവന്നത് അക്കാലത്ത് ദ്വീപിനെ തന്ത്രപ്രധാന വിഷയമാക്കി മാറ്റി. ഇന്ത്യ ഈ മണൽതിട്ടയെ ന്യൂ മൂർ ദ്വീപ് അഥവാ പുർബാഷ എന്ന് വിളിച്ചപ്പോൾ ബംഗ്ലാദേശ് ഇതിനെ സൗത്ത് തൽപട്ടി എന്നായിരുന്നു വിളിച്ചത്.
ഇരുരാജ്യങ്ങളും ദ്വീപിന് വേണ്ടി തർക്കിക്കുമ്പോൾ, പ്രകൃതി നിശബ്ദമായി മറ്റൊരു പദ്ധതി തയ്യാറാക്കുകയായിരുന്നു. രാഷ്ട്രീയ തർക്കം മുറുകുമ്പോൾ പരിസ്ഥിതി ശാസ്ത്രജ്ഞർ ഒരു മുന്നറിയിപ്പുമായി എത്തി. സുന്ദർബൻസ് ഡെൽറ്റയുടെ അസ്ഥിരമായ അവശിഷ്ട സ്വഭാവവും താഴ്ന്ന ഉയരവും കാരണം ദ്വീപ് വളരെ ദുർബലമാണെന്ന് ശാസ്ത്രജ്ഞരും പരിസ്ഥിതി ഗവേഷകരും ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. നിരന്തരം ആഞ്ഞ് അടിക്കുന്ന ചുഴലിക്കാറ്റുകൾ, വേലിയേറ്റം, മണ്ണൊലിപ്പ്, സമുദ്രനിരപ്പ് ഉയരൽ എന്നിവ കാരണം ബംഗാൾ ഉൾക്കടൽ മേഖലയിൽ നിരന്തരമായ തീരദേശ മാറ്റങ്ങൾ സംഭവിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. 2000 ആയപ്പോഴേക്കും ഉപഗ്രഹ ചിത്രങ്ങൾ ചില നാടകീയമായ മാറ്റങ്ങൾ രേഖപ്പെടുത്തി.
ജാദവ്പൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് ഓഷ്യനോഗ്രാഫിക് സ്റ്റഡീസിന്‍റെ കണക്കനുസരിച്ച്, ജലനിരപ്പിന്‍റെയും മണ്ണൊലിപ്പിന്‍റെയും ഫലമായി ദ്വീപ് ക്രമേണ വെള്ളത്തിനടിയിലായി. സമുദ്രനിരപ്പിന് താഴെയായി കരഭാഗം പൂർണ്ണമായും അപ്രത്യക്ഷമായതായി ഒടുവിൽ ഗവേഷകർ സ്ഥിരീകരിച്ചു. 2010 ആയപ്പോഴേക്കും ന്യൂ മൂർ ദ്വീപിനെ കണ്ടെത്താൻ കഴിയാതെയായി. പിന്നാലെ ആ തർക്കവും അവകാശവാദങ്ങളും ദ്വീപിനെ പോലെ അപ്രത്യക്ഷമായി. ഇന്ന് സമുദ്രനിരപ്പ് ഉയരുന്നതും കാലാവസ്ഥാ വ്യതിയാനവും മൂലം തീരദേശത്ത് ഉണ്ടാകുന്ന മണ്ണൊലിപ്പും പ്രദേശങ്ങളെ തന്നെ എങ്ങനെ ഇല്ലാതാക്കുമെന്നതിന്‍റെ ആദ്യകാല ദൃശ്യ ഉദാഹരണമായി പരിസ്ഥിതി വിദഗ്ധർ പലപ്പോഴും ഈ ദ്വീപിനെ പരാമർശിച്ചിക്കുന്നു. സുന്ദർബൻസ് മേഖല ഇന്നും അസ്ഥരമായ മൺതിട്ടകളെ സൃഷ്ടിച്ചും പിന്നെ മുക്കിക്കളഞ്ഞും തന്‍റെ സ്വാഭാവിക പ്രകൃതി നിലനിർത്തുന്നു. ഇന്ന് ന്യൂ മൂർ ദ്വീപ് ചില ഓർമ്മകളാണ് അവശേഷിപ്പിച്ചിരിക്കുന്നത്. ഭൂമിയെ ചൊല്ലി മനുഷ്യൻ രാഷ്ട്രീയം രൂപ്പെടുമ്പോൾ തന്നെ അതിന്‍റെ അതിരുകളെ പ്രകൃതി തന്നെ എങ്ങനെ മാറ്റിപ്പണിയുന്നുവെന്ന പ്രകൃതിയുടെ രാഷ്ട്രീയം.