ഇത്രയൊക്കെ പ്രയാസങ്ങൾ നേരിടുന്നുണ്ടെങ്കിലും 'ഐ ലവ് ഇന്ത്യ' എന്ന ക്യാപ്ഷനോടെയാണ് യുവതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളാണ് ആളുകൾ നൽകുന്നത്.
എത്രകാലം ഇന്ത്യയിൽ ജീവിച്ചാലും ഇന്ത്യയിലെ ചില കാര്യങ്ങൾ ഇപ്പോഴും തന്നിൽ പേടിയുണ്ടാക്കാറുണ്ട് എന്ന് വിദേശത്തു നിന്നുള്ള യുവതി. തിരക്കേറിയ റോഡുകൾ മുറിച്ചുകടക്കുന്നതിലെ അപകടവും സഹിക്കാനാവാത്ത ചൂടുമാണ് പ്രധാന പ്രശ്നങ്ങളായി പോളിന എന്ന യുവതി പങ്കുവെക്കുന്നത്. ഇന്ത്യൻ റോഡുകളിൽ വാഹനങ്ങൾക്കിടയിലൂടെ ആളുകൾ വഴിനടക്കുന്നത് കാണുമ്പോൾ പേടി തോന്നുമായിരുന്നെന്നാണ് പോളിന പറയുന്നത്. 'ഇവിടെ റോഡ് മുറിച്ചുകടക്കാൻ കൃത്യമായ ഒരു സിസ്റ്റവുമില്ല. റോഡിലേക്ക് ചാടിയിറങ്ങുക, നല്ലത് സംഭവിക്കുമെന്ന് പ്രാർത്ഥിക്കുക ഇതാണവസ്ഥ. വാഹനങ്ങൾക്കിടയിലൂടെ ആളുകൾ യാതൊരു പേടിയുമില്ലാതെ നടന്നുപോകുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്' എന്ന് പോളിന വീഡിയോയിൽ പറയുന്നു.
അതുപോലെ, '45 ഡിഗ്രിക്ക് മുകളിൽ ചൂടുള്ളപ്പോൾ ആളുകൾ എങ്ങനെയാണ് പുറത്തിറങ്ങി നടക്കുന്നത്? എനിക്ക് ഈ ചൂട് ഒട്ടും താങ്ങാനാവില്ല. ഉച്ചയ്ക്ക് 1.30 -ന് ഞാൻ അരമണിക്കൂർ വെയിലത്തോ തണലത്തോ പോയിരുന്നാൽ പോലും സൂര്യാഘാതമേറ്റ് ആശുപത്രിയിലാകും! രാത്രിയിൽ പോലും വലിയ ചൂടാണ്' എന്നും പോളിന പറയുന്നു.
ഇത്രയൊക്കെ പ്രയാസങ്ങൾ നേരിടുന്നുണ്ടെങ്കിലും 'ഐ ലവ് ഇന്ത്യ' എന്ന ക്യാപ്ഷനോടെയാണ് യുവതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളാണ് ആളുകൾ നൽകുന്നത്. 'ഇന്ത്യയിൽ സുരക്ഷാ നിയമങ്ങൾ ആരും അത്ര കാര്യമാക്കാറില്ല എന്നതാണ് സത്യം' എന്നാണ് ഒരാൾ കുറിച്ചത്. 'ഇവിടെയുള്ളവർക്ക് അത്തരം ഭയമില്ലാത്തതുകൊണ്ടാണ് റോഡ് ക്രോസിംഗ് വലിയ കാര്യമായി തോന്നാത്തത്' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
'റോഡ് മുറിച്ചുകടക്കുന്നത് ആദ്യം ഇത്തിരി കോംപ്ലിക്കേറ്റഡായി തോന്നാമെങ്കിലും ഒരു ജിഗ്‌സോ പസിൽ ശരിയാകുന്നത് പോലെ ഒടുവിൽ എല്ലാം കൃത്യമായി വരും. പക്ഷേ വീതിയുള്ള വലിയ റോഡുകളാണെങ്കിൽ സബ്‌വേകൾ ഉപയോഗിക്കുന്നതാണ് ബുദ്ധി' എന്നായിരുന്നു വേറൊരാൾ തമാശയായി ഉപദേശിച്ചത്.
