Lt. Col R. Vishwanathan : കാർഗിൽ വീരനായകന്റെ കത്ത് വീട്ടിലെത്തിയത് മൃതദേഹത്തിനൊപ്പം...

Published : Jun 03, 2022, 01:03 PM IST
Lt. Col R. Vishwanathan : കാർഗിൽ വീരനായകന്റെ കത്ത് വീട്ടിലെത്തിയത് മൃതദേഹത്തിനൊപ്പം...

Synopsis

സൈനികനായിരിക്കുമ്പോൾ ഇന്ത്യൻ മണ്ണിൽ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പോരാട്ടം. അദ്ദേഹം ശ്രീലങ്കയിലെ ഇന്ത്യൻ പീസ് കീപ്പിം​ഗ് ഫോഴ്സ് (Indian Peace Keeping Force in Sri Lanka), പിന്നീട് യു എന്നിന്റെ അം​ഗോളയിലുള്ള പീസ് കീപ്പിം​ഗ് ഫോഴ്സ് (UN Peace Keeping Force in Angola) എന്നിവിടങ്ങളിലും പ്രവർത്തിച്ചു.

'അറിയപ്പെടാത്ത ലക്ഷ്യത്തിലേക്കാണ് ഞാൻ നീങ്ങിക്കൊണ്ടിരിക്കുന്നത്. അത് അപകടകരമായിരിക്കാം എങ്കിലും...' ലെഫ്. കേണൽ ആർ. വിശ്വനാഥൻ (Lt. Col Ramkrishnan Vishwanathan) തന്റെ ഭാര്യ ജലജയ്ക്ക് എഴുതിയ കത്തിലെ വരികളാണ്. അത് അദ്ദേഹം അവസാനമായി കേരളത്തിലുള്ള തന്റെ കുടുംബത്തിന് എഴുതിയ കത്താണ്. എന്നാൽ, അത്‌ പോസ്റ്റ് ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്നിട്ടും, ജലജയ്ക്ക് ആ കത്ത് കിട്ടി, ദിവസങ്ങൾക്ക് ശേഷം, തന്റെ പ്രിയപ്പെട്ട ഭർത്താവിന്റെ ചേതനയറ്റ ശരീരത്തോടൊപ്പമായിരുന്നു എന്ന് മാത്രം. ഇന്ത്യൻ മണ്ണിലേക്ക് നുഴഞ്ഞുകയറിയ പാകിസ്ഥാൻ സൈനികരോട് ഏറ്റുമുട്ടിയാണ് ആ ധീരൻ തന്റെ ജീവൻ വെടിഞ്ഞത്. ധീരമായ ജീവിതവും ധീരമായ മരണവും... 

1999 -ൽ, 18 ഗ്രനേഡിയേഴ്സ് ബറ്റാലിയന്റെ സെക്കൻഡ് ഇൻ കമാൻഡറായിരുന്നു മലയാളിയായ ലെഫ്. കേണൽ ആർ. വിശ്വനാഥൻ. ദ്രാസ് മേഖലയിലായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറിയ ശത്രുക്കളുടെ താവളം തകർക്കുന്നതിന് വേണ്ടി ബറ്റാലിയനെ നയിച്ച് അദ്ദേഹം മുന്നോട്ട് നീങ്ങി. ആ പ്രതികൂലസാഹചര്യത്തിലും 15,000 അടി ഉയര‍ത്തിലെത്തി. എന്നാൽ, അവിടെവച്ച് അദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു. ഒന്നല്ല, പലതവണ.

എന്നാൽ, അപ്പോഴും അദ്ദേഹം തന്റെ മനോധൈര്യം കൈവെടിഞ്ഞില്ല. മുന്നോട്ട് കുതിക്കാനും ശത്രുക്കളെ തുരത്താനുമാണ് അദ്ദേഹം തന്റെ കൂട്ടാളികളോട് പറഞ്ഞത്. അവർ അതുപോലെ പ്രവർത്തിക്കുകയും ചെയ്‍തു. നിരവധി തവണ വെടിയേറ്റിട്ടും ഒരിക്കലും പിന്മാറുന്നതിനെ കുറിച്ചോ, തളർന്നിരിക്കുന്നതിനെ കുറിച്ചോ അദ്ദേഹം ചിന്തിച്ചേയിരുന്നില്ല. അവസാനശ്വാസം വരെയും അദ്ദേഹം പോരാടി. അദ്ദേഹത്തിന്റെ ശ്രമങ്ങളെ തുടർന്നാണ് സൈന്യത്തിന് പോയിന്റ് 4590 പിടിച്ചെടുക്കാൻ കഴിഞ്ഞത്. 

ആ ധീരതയെ രാജ്യം മരണാനന്തരം വീര ചക്രം നൽകി ആദരിച്ചു. കണ്ണീരണിഞ്ഞും അഭിമാനത്തോടെയും ജലജ, നാടിനുവേണ്ടി ജീവൻ ബലി നൽകിയ തന്റെ ഭർത്താവിന്റെ ഓർമ്മയിൽ അത് സ്വീകരിച്ചു.

കേരളത്തിന്റെ അഭിമാനം

തൃപ്പൂണിത്തുറയിലാണ് ആർ. വിശ്വനാഥന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹം നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. നാഷണൽ ഡിഫൻസ് അക്കാഡമി ഖഡക്‌വാസ്‌ലയിൽ പരിശീലനം പൂർത്തിയാക്കി. ശേഷം, ഉന്നത പരിശീലനത്തിനായി ഐഎംഎ ഡെറാഡൂണിലേക്ക്. ധീരരായ സൈനികർക്കും നിരവധി യുദ്ധബഹുമതികൾക്കും പേരുകേട്ട ഗ്രനേഡിയേഴ്സ് റെജിമെന്റിലേക്ക് അദ്ദേഹത്തെ നിയോഗിച്ചു.

സൈനികനായിരിക്കുമ്പോൾ ഇന്ത്യൻ മണ്ണിൽ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പോരാട്ടം. അദ്ദേഹം ശ്രീലങ്കയിലെ ഇന്ത്യൻ പീസ് കീപ്പിം​ഗ് ഫോഴ്സ് (Indian Peace Keeping Force in Sri Lanka), പിന്നീട് യു എന്നിന്റെ അം​ഗോളയിലുള്ള പീസ് കീപ്പിം​ഗ് ഫോഴ്സ് (UN Peace Keeping Force in Angola) എന്നിവിടങ്ങളിലും പ്രവർത്തിച്ചു. വളരെ അർപ്പണബോധമുള്ള ഒരു സൈനികനായിരുന്നു അദ്ദേഹം. തനിക്ക് മുകളിലുള്ളവരോടും താഴെയുള്ളവരോടും അദ്ദേഹം ബഹുമാനത്തോടെ പെരുമാറി. 1999 -ൽ ലെഫ്റ്റനന്റ് കേണൽ വിശ്വനാഥന്റെ യൂണിറ്റ് ജമ്മു കശ്മീരിലെ LOC -യിൽ വിന്യസിക്കപ്പെട്ടു. ആ ദൗത്യത്തിലാണ് അദ്ദേഹം വീരമൃത്യു വരിക്കുന്നത്.  

PREV
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്