ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകളൊക്കെ ഇന്ത്യ മാറ്റി; അമേരിക്കൻ മനഃശാസ്ത്രജ്ഞ

Published : Feb 16, 2026, 06:00 PM IST
 Lorwen C Nagle

Synopsis

ഒരു അമേരിക്കൻ മനഃശാസ്ത്രജ്ഞ ലോർവെൻ സി. നാഗിൾ എക്സില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിലെ അനുഭവങ്ങൾ ജീവിതത്തെയും സന്തോഷത്തെയും കുറിച്ചുള്ള പാശ്ചാത്യ സങ്കൽപ്പങ്ങളെ മാറ്റിമറിച്ചുവെന്നാണ് അവര്‍ പറയുന്നത്.

ജീവിതത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചുമുള്ള പാശ്ചാത്യ സങ്കൽപ്പങ്ങൾ തന്റെ ഇന്ത്യയിലെ അനുഭവങ്ങളിലൂടെ മാറിമറിഞ്ഞു എന്ന് പ്രശസ്ത അമേരിക്കൻ മനഃശാസ്ത്രജ്ഞ ലോർവെൻ സി. നാഗിൾ. ഹാർവാർഡ് സർവകലാശാലയിലെ പഠനത്തിന് ശേഷം ഇന്ത്യ സന്ദർശിച്ച താൻ ഒരു പുതിയ മനുഷ്യനായാണ് മടങ്ങിയതെന്നാണ് അവർ എക്സിലെ (ട്വിറ്റർ) കുറിപ്പുകളിലൂടെ പങ്കുവെച്ചത്. ഹരിദ്വാറിലേക്കുള്ള ഒരു ബസ് യാത്രയാണ് തന്റെ ചിന്താഗതിയിൽ ആദ്യത്തെ മാറ്റമുണ്ടാക്കിയത്. തിരക്കുള്ള ബസ്സിൽ സാധനങ്ങൾ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടപ്പോൾ, എല്ലാം നമ്മുടെ നിയന്ത്രണത്തിലാണ് എന്ന പാശ്ചാത്യരിലുള്ള വാശിക്ക് അർത്ഥമില്ലെന്ന് താൻ തിരിച്ചറിഞ്ഞു. 'ഒന്നും എന്റേതല്ല എന്ന തിരിച്ചറിവ് അന്ന് ലഭിച്ചു. എല്ലാം വിട്ടുകൊടുക്കുക, അല്ലെങ്കിൽ സഹിക്കുക - ഇതായിരുന്നു ആ പാഠം' അവർ കുറിച്ചു.

ഇന്ത്യയിലെ നീണ്ട ട്രെയിൻ യാത്രകൾ സമയത്തെക്കുറിച്ചുള്ള തന്റെ ധാരണകൾ മാറ്റിയെന്ന് അവർ പറയുന്നു. സമയം ഒരു വിഭവമല്ല, മറിച്ച് അതൊരു ബന്ധമാണെന്ന് താൻ തിരിച്ചറിഞ്ഞു. 30 വർഷം മുൻപ് ഇന്ത്യയിൽ കണ്ട ഒരു ഭിന്നശേഷിക്കാരനായ യുവാവിന്റെ പുഞ്ചിരി ഇന്നും ലോർവെന്റെ മനസ്സിലുണ്ട്. ബാഹ്യമായ സാഹചര്യങ്ങളല്ല, മറിച്ച് മനസ്സിന്റെ ഉള്ളിൽ നിന്നാണ് സന്തോഷം ഉണ്ടാകുന്നതെന്ന് ആ ദൃശ്യം തന്നെ പഠിപ്പിച്ചു എന്നാണ് അവർ പറയുന്നത്.

വാരണാസിയിലെ വിശ്വനാഥ് ഗലിയിൽ അവശയായ ഒരു പശുവിനെ നാട്ടുകാർ ദിവസവും പരിചരിക്കുന്നത് കണ്ടപ്പോൾ, മനുഷ്യർ എത്രത്തോളം പരസ്പരബന്ധിതമാണെന്ന് തനിക്ക് മനസ്സിലായി. ഋഷികേശിലെ ലക്ഷ്മൺ ഝൂലയിലൂടെ നടന്ന് ഗംഗാതീരത്ത് എത്തിയപ്പോൾ ഉണ്ടായ ശാന്തത അമേരിക്കയിലെ വേഗതയേറിയ ജീവിതവുമായി അവർ താരതമ്യം ചെയ്യുന്നതും പോസ്റ്റിൽ കാണാം. മഹാരാഷ്ട്രയിലെ പാൽക്കി ഉത്സവത്തിൽ 50,000-ത്തിലധികം ആളുകൾക്കൊപ്പം പങ്കുചേർന്നപ്പോൾ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോയതായി തനിക്ക് തോന്നിയെന്നാണ് ലോർവെൻ പറയുന്നത്.

 

 

ഏറ്റവും വലിയ മാറ്റം ഉണ്ടായത് വാരണാസിയിലെ മണികർണ്ണിക ഘട്ടിൽ വെച്ചാണ്. അവിടെ തുറസ്സായ സ്ഥലത്ത് ശവസംസ്കാരങ്ങൾ നടക്കുന്നത് രാത്രികളോളം നോക്കി നിന്ന അനുഭവം അവർ വിവരിക്കുന്നു. 'മരണം മറച്ചുപിടിക്കേണ്ട ഒന്നല്ല, മറിച്ച് സാക്ഷ്യം വഹിക്കേണ്ട ഒന്നാണെന്ന് അവിടെ വെച്ച് മനസ്സിലായി. ആ അനുഭവം ജീവിതത്തെ കൂടുതൽ പവിത്രമായി കാണാൻ എന്നെ പഠിപ്പിച്ചു' ലോർവെൻ എഴുതി. 'നിങ്ങളുടെ യാഥാർത്ഥ്യം ലോകത്തെ എല്ലാവരുടെയും യാഥാർത്ഥ്യമല്ല എന്ന വലിയ പാഠമാണ് ഇന്ത്യ തനിക്ക് നൽകിയതെ'ന്ന് പറഞ്ഞാണ് അവർ തന്റെ കുറിപ്പുകൾ അവസാനിപ്പിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഒറ്റ കള്ളം, നഷ്ടം 2 ലക്ഷം രൂപ! വ്യാജ സിവി നൽകി ജോലിക്ക് കയറിയ യുവാവിനെ കുറിച്ച് പോസ്റ്റ്
മൂത്ത മകൾ പരാതിയുമായി കോടതിയിൽ; കാമുകന്‍റെ ഭാര്യയ്ക്ക് 1.5 കോടി നഷ്ടപരിഹാരം നൽകി വിവാഹം ചെയ്ത് 52 -കാരി