കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ്സ് ആരംഭിച്ചു. മാസം 1.8 ലക്ഷം രൂപ വരുമാനം നേടി 33-കാരന്‍. ജോലി ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ് തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്കായുള്ള ചില ടിപ്സും യുവാവ് പങ്കുവയ്ക്കുന്നുണ്ട്. 

കോർപറേറ്റ് ജോലികളിൽ പലപ്പോഴും വലിയ സമ്മർദ്ദവും പിരിച്ചുവിടൽ ഭീഷണികളും ഉണ്ടാകാറുണ്ട്. ഇന്ന് അതിനാൽ തന്നെ പലരും ജോലി ഉപേക്ഷിച്ച് സ്വന്തമായി ബിസിനസും മറ്റും തുടങ്ങി അതിനേക്കാൾ സമ്പാദിക്കുന്നുണ്ട്. അതുപോലെ, ഒരു യുവാവിന്റെ അനുഭവമാണിത്. കോർപ്പറേറ്റ് ജീവിതം ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ്സ് ആരംഭിച്ച് മാസം 1.8 ലക്ഷം രൂപ വരുമാനം നേടുകയാണ് ഈ 33 -കാരൻ. മാർക്കറ്റിംഗ് എക്സിക്യൂട്ടീവായ യുവാവാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 9-5 കോർപ്പറേറ്റ് ജോലിയിൽ നിന്ന് രക്ഷപ്പെട്ടത് തന്റെ ജീവിതം ഏറ്റവും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ തന്നെ സഹായിച്ചുവെന്നാണ് സംരംഭകനായ യുവാവ് തന്റെ പോസ്റ്റിൽ പറയുന്നത്. സ്വന്തമായി ഒരു സംരംഭം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ചില ടിപ്സും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2024 പകുതിയോടെയാണ് യുവാവ് മുഴുവൻ സമയ ജോലി ഉപേക്ഷിച്ചത്. ഒരു വർഷത്തിനുള്ളിൽ രണ്ട് ക്ലയന്റുകളെ ലഭിക്കുകയും, ചില തടസ്സങ്ങൾ ഉണ്ടായെങ്കിലും കാര്യങ്ങൾ നല്ല രീതിയിൽ ചെയ്യാൻ സാധിക്കുകയും ചെയ്തു. 'കഴിഞ്ഞ വർഷം മുതൽ 2 ക്ലയന്റുകളുമായി സജീവമായി പ്രവർത്തിക്കുന്നു, കഴിഞ്ഞ മാസം മറ്റൊരാളെക്കൂടി ലഭിച്ചു. ഈ വർഷം അവസാനിക്കുന്നതിന് മുൻപ് ചില ഡീലുകൾ കൂടി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഞാൻ' എന്നാണ് തന്റെ റെഡ്ഡിറ്റ് പോസ്റ്റിൽ യുവാവ് കുറിച്ചത്.

ജോലിക്ക് ഇപ്പോഴും സമയം, ക്ലയന്റ് മീറ്റിംഗുകൾ, വല്ലപ്പോഴുമുള്ള ഓൺ-സൈറ്റ് സന്ദർശനങ്ങൾ എന്നിവ ആവശ്യമാണെങ്കിലും, ആ പഴയ വിരസമായ കോർപ്പറേറ്റ് ജീവിതം ഇനി തനിക്ക് വേണ്ട എന്നാണ് യുവാവിന്റെ നിലപാട്.

'ഉച്ചസമയത്ത് എനിക്ക് പച്ചക്കറി വാങ്ങാൻ പോകണമെങ്കിൽ പോകാം. ഒരു വർക്കിം​ഗ് ഡേ മകളെ ബീച്ചിൽ കൊണ്ടുപോകണമെങ്കിൽ അതിനും സാധിക്കും. ഇപ്പോൾ ഞാൻ നാട്ടിലെ വീട്ടിലിരുന്ന് റിമോട്ടായി ജോലി ചെയ്തുകൊണ്ട് മഴക്കാലം ആസ്വദിക്കുകയാണ്. ജീവിതം സന്തോഷകരമാണ്' എന്നാണ് യുവാവ് കുറിക്കുന്നത്. സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവരോട്, സമ്പാദ്യവും കൃത്യമായ ഒരു ബാക്കപ്പ് പ്ലാനും ഇല്ലാതെ മുഴുവൻ സമയ ജോലി ഉപേക്ഷിക്കരുതെന്നാണ് സംരംഭകന്റെ ഉപദേശം.

'തുടക്കത്തിൽ വലിയ തുക നൽകുന്ന ക്ലയന്റുകളെ മാത്രം ലഭിക്കാനായി ശ്രമിക്കരുത്. കേൾക്കുമ്പോൾ വിചിത്രമായി തോന്നാം, പക്ഷേ കുറഞ്ഞ തുക നൽകുന്ന ക്ലയന്റുകളാണ് സ്കേലബിൾ സിസ്റ്റം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് എന്നെ കൂടുതൽ പഠിപ്പിച്ചത്' എന്നും യുവാവ് പറയുന്നു. അവസാനമായി, തുടക്കക്കാർ തങ്ങളുടെ ജോലിയുടെ ഫലം കൃത്യമായി കണക്കാക്കണം, അത് ക്ലയന്റിന്റെ ലാഭവുമായി ബന്ധിപ്പിച്ചു കാണിക്കണം, എങ്കിൽ മാത്രമേ തങ്ങൾ ചെയ്യുന്ന ജോലിയുടെ ദീർഘകാല ഗുണം ക്ലയന്റിന് ബോധ്യപ്പെടൂ എന്നും യുവാവ് ഉപദേശിക്കുന്നു. പോസ്റ്റ് വൈറലായതോടെ, സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ ധീരത കാണിച്ച എക്സിക്യൂട്ടീവിനെ പ്രശംസിച്ച് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്.