കാലാവസ്ഥാ ദുരന്തം; ലോകത്തിലെ ആദ്യ 100 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് കേരളമടക്കം14 സംസ്ഥാനങ്ങള്‍

Published : Feb 21, 2023, 12:36 PM ISTUpdated : Feb 21, 2023, 12:40 PM IST
കാലാവസ്ഥാ ദുരന്തം; ലോകത്തിലെ ആദ്യ 100 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് കേരളമടക്കം14 സംസ്ഥാനങ്ങള്‍

Synopsis

ഇന്ത്യയിലെ 14 സംസ്ഥാനങ്ങള്‍ അതിരൂക്ഷമായ വെള്ളപ്പൊക്കമാകും അനുഭവപ്പെടുകയെന്ന് പുതിയ കാലാവസ്ഥാ അപകടസാധ്യത വിശകലനം മുന്നറിയിപ്പ് നല്‍കുന്നു. 


ലോകത്ത് കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുകയാണെന്നാണ് ഓരോ ദിവസവും കഴിയുമ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. ഇതില്‍ ഏറ്റവും ഒടുവിലായി വന്ന പഠനം ലോകത്ത് 100 കോടിയോളം ആളുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദുരിതം അനുഭവിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് ആഗോളതലത്തില്‍ എട്ടില്‍ ഒരാള്‍ക്ക് എന്ന തോതിലാകും കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയെ ബാധിക്കുക. പുതിയ പഠനത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളുടെ ആദ്യ 100 സംസ്ഥാനങ്ങളുടെ പട്ടികയില്‍ പ്രധാനമായും ഉള്‍പ്പെട്ടിരിക്കുന്നത് അമേരിക്ക, ചൈന, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നുമുള്ള സംസ്ഥാനങ്ങളാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇതില്‍ തന്നെ 14 സംസ്ഥാനങ്ങള്‍ അതിരൂക്ഷമായ വെള്ളപ്പൊക്കമാകും അനുഭവപ്പെടുകയെന്ന് പുതിയ കാലാവസ്ഥാ അപകടസാധ്യത വിശകലനം മുന്നറിയിപ്പ് നല്‍കുന്നു. 

'ഗ്രോസ് ഡൊമസ്റ്റിക് ക്ലൈമറ്റ് റിസ്ക്' (Gross Domestic Climate Risk) എന്ന പേരിട്ടിരിക്കുന്ന റിപ്പോർട്ട് അടിസ്ഥാനമാക്കി ഓരോ പ്രദേശത്തും ആഗോളതാപനം മൂലമുണ്ടാകുന്ന നാശത്തിന്‍റെ കണക്കെടുക്കുന്നതിനും അത് വഴി അപകടസാധ്യതയ്ക്ക് വിലയിടാനും കഴിയുമെന്ന് പഠനം അവകാശപ്പെടുന്നു. ബാങ്കുകൾ, നിക്ഷേപകർ, ബിസിനസുകാര്‍, നയരൂപീകരണക്കാർ എന്നിവര്‍ക്ക് ഒരു അളവുകോലാണ് പുതിയ പഠന റിപ്പോര്‍ട്ട്. 2050 ആകുമ്പോഴേക്കും 2,600 ല്‍ അധികം പ്രദേശങ്ങളിലെ മനുഷ്യ നിര്‍മ്മിത പരിസ്ഥിതിയുടെ നാശത്തെ കുറിച്ച് പഠനം മുന്നറിയിപ്പ് നല്‍കുന്നു. നിര്‍മ്മാണം കൂടുന്നതിന് അനുസരിച്ച് നാശത്തിന്‍റെ അളവും വര്‍ദ്ധിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ക്രോസ് ഡിപന്‍ഡന്‍സി ഇനിഷ്യേറ്റീവ് (XDI) എന്ന സ്ഥാപനമാണ് ഈ പഠനം നടത്തിയത്. ആഗോള ബാങ്കുകളെയും മറ്റ് നിക്ഷേപ കമ്പനികളെയും ഇവര്‍ ഇടപാടുകാരായാണ് കണക്കാക്കുന്നത്. 


കൂടുതല്‍ വായനയ്ക്ക്: ഒരെണ്ണം കഴിച്ചാല്‍ വിശപ്പടക്കാം; ഏറ്റവും വലിയ സമൂസ അതും 25 രൂപയ്ക്ക്! 
 

പുതിയ പഠന പ്രകാരം 2050 - ഓടെ ആഗോള തലത്തില്‍ തന്നെ ഏറ്റവും കുടുതല്‍ നാശനഷ്ടം സംഭവിക്കുന്ന ആദ്യ 100 സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ, ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ നഗരങ്ങളില്‍ ഏറെയും നദീ തടത്തിലാണെന്നത് അപകട സാധ്യത ഉയര്‍ത്തുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു. നാശനഷ്ട സാധ്യതയുള്ള ലോകത്തിലെ ആദ്യ 100 സംസ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള 14 സംസ്ഥാനങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതില്‍ ബീഹാര്‍, ഉത്തര്‍പ്രദേശ്, അസം, രാജസ്ഥാന്‍, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, കേരളം, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഹരിയാന, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നു. 

ലോകത്തെ എട്ട് വ്യത്യസ്ത കാലാവസ്ഥാ അപകടത്തെ കുറിച്ചാണ് പഠനം ശ്രദ്ധകേന്ദ്രീകരിച്ചത്. ഇതില്‍ ഒന്നാണ് വെള്ളപ്പൊക്കം. ആഗോളതലത്തില്‍ ലോകത്തിലെ നഗരങ്ങളില്‍ മിക്കതും രൂപപ്പെട്ടിരിക്കുന്നത് നദീ തീരങ്ങളിലാണ്. ആഗോളതലത്തില്‍ നിര്‍മ്മിത പരിസ്ഥിതിക്ക് ഏറ്റവും വലിയ ഭീഷണി നേരിടേണ്ടിവരുന്നതും നദീതീരത്തായിരിക്കും. ഉപരിതലവെള്ളപ്പൊക്കമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രതിസന്ധി. അതോടൊപ്പം ചൂട്, കാട്ടുതീ, മണ്ണിന്‍റെ ചലനം, കൊടുങ്കാറ്റ്, അതിശൈത്യം എന്നിവയും പാരിസ്ഥിതിക ദുരന്തങ്ങളായി മാറുന്നു. 


കൂടുതല്‍ വായനയ്ക്ക്: മുരളിയുടെ വെങ്കല ശില്പ വിവാദം; 'മൂന്ന് തവണ മാറ്റി ചെയ്യിച്ചു. ഒടുവില്‍ അക്കാദമി തന്നെ ഉപേക്ഷിച്ചു' ശില്പി വില്‍സണ്‍ പൂക്കോയി

എന്നാല്‍, പഠനം നിര്‍മ്മിത പരിസ്ഥിതിയില്‍ മാത്രമാണ് ശ്രദ്ധ പതിപ്പിക്കുന്നത് എന്നതിനാല്‍ കാര്‍ഷിക ഉല്‍പ്പാദനം. ജൈവവൈവിധ്യം. മറ്റ് ക്ഷേമങ്ങള്‍ എന്നിവയുടെ ആഘാതത്തെ തുടര്‍ന്നുണ്ടാകുന്ന നഷ്ടത്തെ കുറിച്ച് പഠനം അന്വേഷിക്കുന്നില്ല. ഇതുവരെയുള്ള ഭൗതിക കാലാവസ്ഥാ അപകടസാധ്യതയുടെ ഏറ്റവും സങ്കീർണ്ണമായ വിശകലനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയതെന്ന് എക്‌സ്‌ഡിഐയുടെ സിഇഒ അവകാശപ്പെടുന്നു. പഠനത്തെ അടിസ്ഥാനമാക്കി സാമ്പത്തിക വ്യവസായത്തിന് സമാനമായ രീതി ഉപയോഗിച്ച് മുംബൈ, ന്യൂയോർക്ക്, ബെർലിൻ എന്നീ നഗരങ്ങളെ നാശനഷ്ടം നേരിട്ട് താരതമ്യം ചെയ്യാൻ കഴിയുമെന്നും സിഇഒ റോഹൻ ഹാംഡൻ അവകാശപ്പെട്ടു. 2030 ആകുമ്പോഴേക്കും ആഗോളതാപനത്തില്‍ 1.5 ഡിഗ്രി സെല്‍ഷ്യസിന്‍റെ കുറവ് വരുത്താനായി ഹരിത ഗൃഹവാതകങ്ങളുടെ ഉപയോഗം വെട്ടിക്കുറയ്ക്കാന്‍ പാരീസ് കാലാവസ്ഥാ ഉച്ചകോടിയില്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കൂടുതല്‍ രാജ്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ആരംഭിച്ചു. ഇതിനിടെയാണ് നിക്ഷേപകരെയും ബാങ്കുകളെയും ലക്ഷ്യം വച്ചുകൊണ്ട് ആഗോളതാപനം മൂലം ഏറ്റവും കൂടുതല്‍ നിര്‍മ്മിത പരിസ്ഥിതി നാശം നേരിടുക ഏതൊക്കെ പ്രദേശങ്ങളാകുമെന്ന പഠനം പുറത്തിറങ്ങിയത്. 

കൂടുതല്‍ വായനയ്ക്ക്: നേരം ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ ജപ്പാന് സ്വന്തമായത് 7000 -ത്തോളം പുതിയ ദ്വീപുകള്‍!

 

 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?