
സ്ത്രീധനം നിയമം മൂലം നിരോധിച്ചിരിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ, ഒളിഞ്ഞും തെളിഞ്ഞും ഇന്നും ഇന്ത്യയിൽ ആളുകൾ സ്ത്രീധനം വാങ്ങുന്നുണ്ട്. ചില സ്ത്രീധനം ചോദിച്ച് വാങ്ങാൻ മടിയുള്ളവർ, സമ്മാനമായി മകൾക്ക് എന്ത് കൊടുക്കും എന്നാണ് ചോദിക്കാറ്. അതായത് ഇന്നും ഇന്ത്യയിലെ ഭൂരിഭാഗം പുരുഷന്മാരും അവരുടെ വീട്ടുകാരും സ്ത്രീകൾ പൊന്നും സമ്മാനങ്ങളുമായും എത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
അതുപോലെ, ഞായറാഴ്ച ഒരു യുവാവും വീട്ടുകാരും നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും പിന്മാറി. കാരണമായി പറഞ്ഞത് വധുവിന്റെ വീട്ടുകാർ വരന് സ്ത്രീധനമായി കൊടുക്കാൻ നിശ്ചയിച്ചിരുന്നത് പഴയ, ഉപയോഗിച്ച് കൊണ്ടിരുന്ന ഫർണിച്ചറാണ് എന്നാണ്. ഇയാൾക്കെതിരെ പരാതി നൽകുകയും അന്വേഷണം നടക്കുകയും ചെയ്യുകയാണ് ഇപ്പോൾ.
മൗലാലിയിൽ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന മുഹമ്മദ് സക്കീറെന്ന 25 -കാരന്റേയും ബന്ദ്‌ലഗുഡ റഹ്മത്ത് കോളനിയിൽ താമസിക്കുന്ന ഹീന ഫാത്തിമയെന്ന 22 -കാരിയുടേയും വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതായിരുന്നു. ഞായറാഴ്ച ഒരു പള്ളിയിൽ വച്ചായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.
റിസപ്ഷൻ നടക്കേണ്ടിയിരുന്ന സ്ഥലങ്ങളെല്ലാം അലങ്കരിച്ചിരുന്നു, ക്ഷണക്കത്തുകൾ അയച്ചിരുന്നു, അതിഥികൾക്ക് വേണ്ടിയുള്ള ഭക്ഷണത്തിന്റെ ഒരുക്കങ്ങളും നടന്നു. എന്നാൽ, വരനും കുടുംബവും വിവാഹത്തിനായി എത്തിയില്ല. പിന്നീടാണ്, വധുവിന്റെ കുടുംബം വരനും കുടുംബത്തിനും വിവാഹത്തിന് താല്പര്യമില്ല എന്ന് മനസിലാക്കുന്നത്.
പിന്നാലെ വധുവിന്റെ പിതാവ് വരന്റെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. അപ്പോഴാണ് തങ്ങൾക്ക് വധുവിന്റെ വീട്ടുകാർ തന്നത് പഴയ പർണിച്ചറുകളാണ്. അതുകൊണ്ട് ഈ വിവാഹത്തിന് താല്പര്യമില്ല എന്ന് വരന്റെ വീട്ടുകാർ പറഞ്ഞത്. ഈ ടേബിൾ നേരത്തെ ഉപയോഗിച്ചിരുന്നതാണ്, പുതിയ ഫർണിച്ചറുകൾ സ്ത്രീധനമായി നൽകിയാൽ മാത്രമേ വിവാഹത്തിന് തയ്യാറാവൂ എന്നും സക്കീറും കുടുംബവും പറഞ്ഞു.
പിന്നാലെ, പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇപ്പോൾ കേസിൽ അന്വേഷണം നടക്കുകയാണ്.
(ചിത്രം പ്രതീകാത്മകം)