സ്പെയിനിലാണ് സംഭവം, ഒരു കോളേടുക്കാൻ പുറത്തേക്ക് പോയി, തിരികെ വന്നപ്പോൾ ബാ​ഗില്ല, സൂക്ഷിക്കണം; അനുഭവം പങ്കുവച്ച് ഇന്ത്യൻ സംരംഭകൻ

Published : Aug 03, 2025, 12:58 PM IST
Ayush Panchmiya

Synopsis

തിരികെ വന്നപ്പോൾ ബാ​ഗുണ്ടായിരുന്നില്ല. ആകെ പരിഭ്രാന്തനായി. സിസിടിവി പരിശോധിക്കാനായി ജീവനക്കാരോട് പറഞ്ഞപ്പോൾ പൊലീസ് ഇല്ലാതെ സിസിടിവി പരിശോധിക്കാൻ സാധ്യമല്ല എന്നാണ് പറഞ്ഞത്.

സ്പെയിനിൽ വച്ച് പാസ്പോർട്ടും പണവും മോഷണം പോയതായി ഇന്ത്യൻ സംരംഭകൻ. ശനിയാഴ്ചയാണ് മോഷണം നടന്നത്. വാരാന്ത്യമായതിനാൽ ഇന്ത്യൻ എംബസി അടച്ചിരുന്നു. അതിനാൽത്തന്നെ സഹായത്തിനായി സമീപിക്കാൻ കഴിഞ്ഞില്ലെന്നും ആയുഷ് പഞ്ച്മിയ എന്ന യുവാവ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നു.

ഒരു വിദേശരാജ്യത്ത് വച്ച് പാസ്പോർട്ടും പണവുമടക്കം മോഷ്ടിക്കപ്പെട്ടപ്പോൾ താൻ എത്രമാത്രം ഞെട്ടിപ്പോയി എന്നാണ് ആയുഷ് വ്യക്തമാക്കുന്നത്. 'തന്റെ യാത്രാജീവിതത്തിലെ ഏറ്റവും ഭീകരമായ 48 മണിക്കൂർ' എന്നാണ് ആയുഷ് ഇതേക്കുറിച്ച് പറയുന്നത്. 'സ്പെയിനിൽ വെച്ച് എന്റെ പാസ്‌പോർട്ടും, യുഎസ് വിസയും, പണവും നഷ്ടപ്പെട്ടു. യാത്രാജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ആ 48 മണിക്കൂറിലൂടെ കടന്നുപോയതിനെ കുറിച്ചും, അതിൽ നിന്ന് ഞാൻ എങ്ങനെ രക്ഷപ്പെട്ടു എന്നതിനെക്കുറിച്ചും നിങ്ങളെ അറിയിക്കാം' എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

സ്റ്റാർട്ടപ്പായ Blockwee -യുടെ സഹസ്ഥാപകനാണ് ആയുഷ്. ഫ്രാൻസിലെ കാൻസിൽ നടന്ന ഒരു ക്രിപ്‌റ്റോ കോൺഫറൻസിൽ പങ്കെടുത്ത ശേഷമാണ് ആയുഷും സംഘവും സ്പെയിനിൽ എത്തിയത്. സ്റ്റാർബക്സ് ഔട്ട്‌ലെറ്റിൽ വച്ച് ക്ലയന്റുകൾക്കായുള്ള കണ്ടന്റ് എഡിറ്റ് ചെയ്യുകയായിരുന്നു. ആ സമയത്ത് ഒരു കോൾ വന്നതെടുക്കാൻ പുറത്തേക്ക് പോയതാണ് ആയുഷ്. ബാഗ് ആ സമയത്ത് മേശയ്ക്കടിയിൽ വച്ചിരിക്കുകയായിരുന്നു. ഇതുപോലുള്ള യാത്രകളിൽ ഒരു നൂറുതവണയെങ്കിലും താനത് ചെയ്തിട്ടുണ്ട് എന്നും ആയുഷ് പറയുന്നു.

 

 

എന്നാൽ, തിരികെ വന്നപ്പോൾ ബാ​ഗുണ്ടായിരുന്നില്ല. ആകെ പരിഭ്രാന്തനായി. സിസിടിവി പരിശോധിക്കാനായി ജീവനക്കാരോട് പറഞ്ഞപ്പോൾ പൊലീസ് ഇല്ലാതെ സിസിടിവി പരിശോധിക്കാൻ സാധ്യമല്ല എന്നാണ് പറഞ്ഞത്. പിന്നാലെ ആയുഷ് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ചെന്നു. 15-20 ദിവസമെങ്കിലും എടുക്കും സിസിടിവി പരിശോധിക്കാൻ എന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ, ആയുഷിന് തിങ്കളാഴ്ച ഇന്ത്യയിലേക്ക് മടങ്ങേണ്ടതായിരുന്നു.

ഇന്ത്യൻ എംബസിയും തിങ്കളാഴ്ചയേ തുറക്കുകയുള്ളൂ. അങ്ങനെ, തിങ്കളാഴ്ച എംബസിയിൽ ചെന്നു. അവിടെ നിന്നും വലിയ സഹായമാണ് കിട്ടിയത്. താൽക്കാലികമായി പാസ്പോർട്ടായി ഉപയോ​ഗിക്കാവുന്ന ഒരു സർട്ടിഫിക്കറ്റ് അവിടെ നിന്നും ലഭിച്ചു. ഒടുവിൽ അന്ന് വൈകുന്നേരം തന്നെ നാട്ടിലേക്ക് മടങ്ങാനായി.

യൂറോപ്യൻ രാജ്യങ്ങളിൽ പോകുന്ന മറ്റുള്ളവർക്ക് സഹായമാകുന്നതിന് വേണ്ടിയാണ് താനീ അനുഭവം പങ്കുവച്ചിരിക്കുന്നത്. സൂക്ഷിക്കണം എന്ന് പറഞ്ഞാണ് ആയുഷ് തന്റെ അനുഭവം പങ്കുവച്ചത്.

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്
10 ലക്ഷത്തിന്റെ കാർ വാങ്ങിയത് ജോലിയിലെ ടിപ്പ് മാത്രം ഉപയോ​ഗിച്ചെന്ന് യുവാവ്, ശമ്പളം മുഴുവന്‍ സേവിംഗ്സ്