
പാസ്പോർട്ട് കാലാവധി കഴിഞ്ഞെന്ന് കണ്ടെത്തിയതിനെ തുടർന്ന് 10 വയസുകാരനെ മാതാപിതാക്കൾ വിമാനത്താവളത്തിൽ ഉപേക്ഷിച്ചു പോയതായി റിപ്പോർട്ട്. സ്പെയിനിലെ ഒരു വിമാനത്താവളത്തിലാണ് സംഭവം നടന്നത്. വിമാനത്താവളത്തിൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടു പോകണമെന്ന് ഒരു ബന്ധുവിനോട് ആവശ്യപ്പെട്ടശേഷം മാതാപിതാക്കൾ കുട്ടിയെ ടെർമിനലിൽ ഒറ്റയ്ക്കാക്കി പോവുകയായിരുന്നു.
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് മാതാപിതാക്കൾ അവധിക്കാല ആഘോഷത്തിനായി അവരുടെ നാട്ടിലേക്ക് പോയെന്നും തനിക്ക് പോകാൻ സാധിച്ചില്ലെന്നും കുട്ടി വെളിപ്പെടുത്തിയത്. സ്പാനിഷ് ഭാഷയിലായിരുന്നു കുട്ടി സംസാരിച്ചിരുന്നത്.
പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനാലാണ് കുട്ടിക്ക് ഇവരോടൊപ്പം പോവാൻ കഴിയാതിരുന്നത്. തുടർന്ന് മാതാപിതാക്കൾ തങ്ങളുടെ ഒരു ബന്ധുവിനെ വിളിച്ച് കുട്ടിയെ തിരികെ കൂട്ടിക്കൊണ്ടു പോകാൻ ആവശ്യപ്പെട്ടശേഷം നിശ്ചയിച്ച വിമാനത്തിൽ തന്നെ കുട്ടിയില്ലാതെ യാത്ര പുറപ്പെടുകയായിരുന്നു. വിമാനത്താവളത്തിനുള്ളിൽ ബന്ധുവിനെ കാത്തിരിക്കുന്നതിനിടയിലാണ് കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഒറ്റയ്ക്ക് ഭയചകിതനായിരിക്കുന്ന കുട്ടിയെ കണ്ടപ്പോൾ അസ്വഭാവികത തോന്നിയതിനെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ കുട്ടിയോട് കാര്യങ്ങൾ തിരക്കിയത്.
സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ സംഭവം വ്യാപകമായി പ്രചരിച്ചതോടെ 10 വയസ്സുള്ള കുട്ടിയെ എങ്ങനെയാണ് മാതാപിതാക്കൾക്ക് ഒറ്റയ്ക്കാക്കി പോകാൻ തോന്നിയത് എന്ന സംശയമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും ഉയരുന്നത്. ഒരു ബന്ധുവിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും ബന്ധു വരും വരെ കുട്ടിയുടെ സുരക്ഷയെക്കുറിച്ച് മാതാപിതാക്കൾ തെല്ലും ആശങ്കപ്പെടാതിരുന്നത് എന്താണെന്നും നെറ്റിസൻസ് സംശയം പ്രകടിപ്പിച്ചു. എയർ ട്രാഫിക് കൺട്രോളറായി സ്വയം വിശേഷിപ്പിച്ച ലിലിയൻ എന്ന സ്ത്രീയാണ് തൻറെ ടിക്ക് ടോക്കിലൂടെ ഈ അസ്വഭാവികത നിറഞ്ഞ കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്
റിപ്പോർട്ട് അനുസരിച്ച്, കുട്ടിയുടെ മാതാപിതാക്കൾ കയറിയ വിമാനത്തിന്റെ പൈലറ്റിനെ വിമാനത്താവള അതോറിറ്റി ബന്ധപ്പെട്ടു. തുടർന്ന് മറ്റൊരു കുട്ടിയുമായി വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ കണ്ടെത്തുകയും അവരോട് തിരികെ മകന്റെ അടുത്തേക്ക് ഉടൻതന്നെ എത്താൻ പോലീസ് ആവശ്യപ്പെടുകയും ചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്.