
നോർവേയിൽ ജീവിക്കുന്ന ഒരു മലയാളി, ഇന്ത്യയിലും നോർവേയിലും പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്ന രീതിയെക്കുറിച്ച് നടത്തുന്ന താരതമ്യം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 'എക്സി'ലെ തന്റെ പോസ്റ്റിലാണ് വിനോദ് എന്ന യുവാവ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നോർവേയിലെ പ്രായമായ മാതാപിതാക്കൾ പൊതുവേ തങ്ങളുടെ മക്കൾക്കൊപ്പമല്ല താമസിക്കുന്നതെന്ന് വിനോദ് വ്യക്തമാക്കുന്നു. പകരം, അവർ സ്വന്തം വീടുകളിൽത്തന്നെ തുടരുകയോ പരിചരണ കേന്ദ്രങ്ങളിലേക്ക് മാറുകയോ ചെയ്യുന്നു. ഇത്തരം കേന്ദ്രങ്ങളിൽ നഴ്‌സുമാരുടെ സേവനം ലഭ്യമാകുന്നതിനൊപ്പം ഭക്ഷണവും മറ്റ് ദിനചര്യകളും ക്രമീകരിക്കപ്പെടുന്നു. ഒപ്പം അവരുടെ വ്യക്തിപരമായ ആത്മാഭിമാനത്തിനും സ്വാതന്ത്ര്യത്തിനും മുൻഗണന നൽകുകയും ചെയ്യുന്നു.
മാറിത്താമസിക്കുന്നത് കൊണ്ട് കുടുംബങ്ങൾ തമ്മിൽ അകലുന്നു എന്ന് അർത്ഥമില്ലെന്ന് അദ്ദേഹം പറയുന്നു. 'വാരാന്ത്യങ്ങളിൽ അവർ കൊച്ചുമക്കളെ കാണുകയും കുടുംബ സംഗമങ്ങൾ പ്ലാൻ ചെയ്യുകയും ചെയ്യുന്നു. അവർ ഒന്നിച്ച് അവധിക്കാലം ആഘോഷിക്കാറുണ്ട്. ചുരുക്കത്തിൽ, മാതാപിതാക്കളെ മക്കളുടെ പൂർണ്ണ നിയന്ത്രണത്തിലോ ആശ്രയത്തിലോ ആക്കാതെ തന്നെ അവർ പരസ്പരം ബന്ധം നിലനിർത്തുന്നു' വിനോദ് കുറിച്ചു. നോർവെയിൽ ഒരു മുതിർന്ന വ്യക്തിയുടെ ജീവിതസൗകര്യങ്ങൾ മക്കളുടെ വരുമാനത്തെയോ, അവരെ പരിചരിക്കാനുള്ള കഴിവിനെയോ ആശ്രയിച്ചല്ല നിലകൊള്ളുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ കുടുംബങ്ങൾക്ക് ഒരേ സമയം ജോലി, വീട്ടുവായ്പയുടെ തിരിച്ചടവുകൾ, മക്കളുടെ പഠനച്ചെലവുകൾ, മാതാപിതാക്കളുടെ മെഡിക്കൽ ആവശ്യങ്ങൾ തുടങ്ങി നിരവധിക്കാര്യങ്ങൾ ഒരുമിച്ച് കൊണ്ടുപോകേണ്ടി വരുന്നു. മക്കൾക്കൊരു ഭാരമാകാൻ ആഗ്രഹിക്കാത്തതിനാൽ പല പ്രായമായ മാതാപിതാക്കളും തങ്ങളുടെ ബുദ്ധിമുട്ടുകൾ പുറത്തുപറയാതെ മൗനം പാലിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഇന്ത്യയിൽ, പ്രായമായ മാതാപിതാക്കളെ ഒരു വയോജന മന്ദിരത്തിലാക്കിയാൽ നാട് മുഴുവൻ അതിനെക്കുറിച്ച് കുറ്റപ്പെടുത്തി സംസാരിക്കും' അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്കാർ സ്നേഹത്തെ കർത്തവ്യം, പണം, പരാശ്രയത്വം, കുറ്റബോധം എന്നിവയുമായി കൂട്ടിക്കലർത്തുകയും അതിനെ 'സംസ്കാരം' എന്ന് വിളിക്കുകയാണ്. മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമെന്ന ഭയമോ, കുറ്റബോധമോ, ഭാരമാകുന്നുവെന്ന തോന്നലോ ഇല്ലാതെ സന്തോഷത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം വയോധികർക്ക് ഉണ്ടാകണമെന്ന് വിനോദ് അഭിപ്രായപ്പെട്ടു. ഇതിനായി പ്രായമായ പൗരന്മാരെ പിന്തുണയ്ക്കാൻ ഇന്ത്യയിൽ ശക്തമായ ഒരു വ്യവസ്ഥിതി കെട്ടിപ്പടുക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.
In Norway, ageing parents do not move in with their children.
They live in their own homes, or in well-run care homes, with nurses checking on them, meals arranged, activities planned, and their dignity intact.
But that doesn’t mean families become distant.
They meet on…— Vinod (@turiyatman) September 1, 2026
ഈ പോസ്റ്റ് സമ്മിശ്രമായ പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക ഘടനകൾ, മാതാപിതാക്കളുടെ വൈകാരിക ആവശ്യങ്ങൾ എന്നിവയിലുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. 'വാർദ്ധക്യത്തിൽ, ഇത്രയും കാലം ജീവിച്ച സ്വന്തം വീട്ടിലാണ് ഒരാൾക്ക് ഏറ്റവും കൂടുതൽ ആശ്വാസവും സമാധാനവും ലഭിക്കുന്നത്' ഒരാൾ കുറിച്ചു. 'നോർവയിലേത് എല്ലാവർക്കും വളരെ ആരോഗ്യകരമായ ഒരു രീതിയായി തോന്നുന്നു' എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.