
അപ്രതീക്ഷിതമായി ലിഫ്റ്റില്‍ കുടുങ്ങിപ്പോയാല്‍ ഒട്ടുമിക്കയാളുകളും പാനിക്കാകും. അത്തരമൊരു അനുഭവം പങ്കുവച്ച് യുവാക്കളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത് വെറുതെയല്ല ആളുകൾ ലിഫ്റ്റുകളില്‍ കയറാന്‍ മടിക്കുന്നതെന്നായിരുന്നു. ഒരു കുട്ടിയടക്കം നാല് പേരാണ് ഒരു റെസ്റ്റോറന്‍റിന്‍റെ ലിഫ്റ്റില്‍ കുടുങ്ങിപ്പോയത്. ലിഫ്റ്റ് പെട്ടെന്ന് ഓഫായപ്പോൾ അവര്‍ വഴിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. പിന്നാലെ ആ ലിഫ്റ്റില്‍ സംഭവിച്ച കാര്യങ്ങളുടെ വീഡിയോ യുവാക്കൾ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ലിഫ്റ്റിൽ കുടുങ്ങിപ്പോയ യുവാക്കൾ ഉടനെ തന്നെ സഹായത്തിനായി റെസ്റ്റോറന്‍റിലെ ലിഫ്റ്റ് ഓപ്പറേറ്ററുമായി ബന്ധപ്പെട്ടു. എന്നാല്‍, സഹായത്തിന് പകരം മറുതലയ്ക്കല്‍ നിന്ന് കേട്ടത്. 'ഞാന്‍ വീട്ടിലാ'ണെന്ന മറുപടി. ഈ ഉത്തരം ആരെയും ഭയത്തിന്‍റെ മുൾമുനയില്‍ നിർത്തുന്നതാണ്. എന്നാല്‍ അദ്ദേഹം അവരെ അവിട ഉപേക്ഷിച്ചില്ല. മറിച്ച് എന്താണ് ചെയ്യേണ്ടതെന്ന സാങ്കേതിക സഹായം അവര്‍ക്ക് നല്‍കി. അതനുസരിച്ച് യുവാക്കൾ ലിഫ്റ്റിന്‍റെ വാതിലുകൾ തുറന്ന് പുറത്ത് കടന്നു.
ലിഫ്റ്റിന്‍റെ വാതിലുകൾ തുറന്നതിന് പിന്നാലെ ഓരോരുത്തരായി പുറത്തേക്ക് ചാടിയിറങ്ങി. തറ നിരപ്പില്‍ നിന്നും ഏതാനും അടി ഉയരത്തിലായിരുന്നു ലിഫ്റ്റ് ലോക്കായി പോയത്. പുറത്തിറങ്ങിയതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് കൊണ്ട് യുവാക്കൾ ഓടുന്നതും വീഡിയോയില്‍ കാണാം. ലിഫ്റ്റിലെ സംഭവങ്ങളത്രയും യുവാക്കൾ ഫോണില്‍ ചിത്രീകരിക്കുകയും പിന്നീട് അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയുമായിരുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് തങ്ങൾ എന്തുകൊണ്ടാണ് ലിഫ്റ്റുകളെ ഭയപ്പെടുന്നതെന്ന് എഴുതിയത്. ചിലര്‍ തമാശകളും കുറിച്ചു. വീഡിയോ ഇതിനകം 10 ലക്ഷത്തിന് മേലെ ആളുകൾ കണ്ടു. എന്‍റെ ഏറ്റവും വലിയ ഭയം ഹൃദയാഘാതം മൂലം മരിക്കുമോ എന്നതാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. കുട്ടികളെ ആദ്യം പുറത്തിറങ്ങാൻ അനുവദിച്ച രീതി ഇഷ്ടപ്പെട്ടെന്ന് മറ്റൊരാൾ എഴുതി. മറ്റ് ചിലര്‍ ലിഫ്റ്റുകൾ പ്രവചനാതീതമാമെന്നും പരമാവധി പടികൾ കയറി ഇറങ്ങാന്‍ ശ്രമിക്കണമെന്നും എഴുതി.