രക്ഷിക്കാനോടിയെത്തിയത് ഇന്ത്യക്കാരൻ, റോഡിലെ ഭീമൻ​ഗർത്തത്തിലേക്ക് പതിച്ച കാറിൽ നിന്നും യാത്രക്കാരിയെ വലിച്ചെടുത്തു

Published : Jul 28, 2025, 05:41 PM IST
sinkhole

Synopsis

ഓഹിൻ കൺസ്ട്രക്ഷനിലെ സൈറ്റ് ഫോർമാനാണ് 46 -കാരൻ സുബ്ബയ്യ. അദ്ദേഹം ​ഗർത്തം രൂപപ്പെടുന്നതും കാർ അതിലേക്ക് വീഴുന്നതും കാണുകയും തന്റെ തൊഴിലാളികളോട് ഒരു നൈലോൺ കയർ താഴേക്ക് എറിയാൻ നിർദ്ദേശിക്കുകയുമായിരുന്നു.

സിം​ഗപ്പൂരിൽ സിങ്ക്ഹോളിൽ വീണ കാറിൽ നിന്നും കാറോടിച്ചിരുന്ന യുവതിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഇന്ത്യക്കാരന് അഭിനന്ദനപ്രവാഹം. ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് അപകടം നടന്നത്. പെട്ടെന്ന് റോഡിൽ ഒരു ​ഗർത്തം രൂപം കൊള്ളുകയും അതിലേക്ക് കാർ മറിയുകയും ആയിരുന്നു. ​ഈ സിങ്ക്ഹോളിൽ നിറയെ വെള്ളമുണ്ടായിരുന്നതിനാൽ തന്നെ കാർ അതിൽ മുങ്ങിപ്പോയി. തക്കസമയത്തുണ്ടായ ഇടപെടലിലൂടെയാണ് കാറോടിച്ചിരുന്ന യുവതിയെ പുറത്തെടുക്കാനും രക്ഷപ്പെടുത്താനും സാധിച്ചത്.

സിംഗപ്പൂരിലെ നാഷണൽ വാട്ടർ ഏജൻസിയായ പബ്ലിക് യൂട്ടിലിറ്റീസ് ബോർഡിന്റെ കീഴിൽ പണി നടന്നുകൊണ്ടിരിക്കുകയായിരുന്ന സ്ഥലത്തിനടുത്താണ് ഈ ​ഗർത്തം രൂപപ്പെട്ടതും കാർ അപകടത്തിൽ പെട്ടതും. കാർ സിങ്ക് ഹോളിലേക്ക് മറിഞ്ഞത് ആദ്യം കണ്ടവരിൽ ഒരാൾ സൈറ്റ് ഫോർമാനായ ഇന്ത്യക്കാരൻ പിച്ചൈ ഉദയപ്പൻ സുബ്ബയ്യയായിരുന്നു. അദ്ദേഹം ഉടനെ തന്നെ കാറിലുണ്ടായിരുന്നവരെ രക്ഷിക്കാനായി അങ്ങോട്ട് ഓടിയെത്തുകയായിരുന്നു.

ഓഹിൻ കൺസ്ട്രക്ഷനിലെ സൈറ്റ് ഫോർമാനാണ് 46 -കാരൻ സുബ്ബയ്യ. അദ്ദേഹം ​ഗർത്തം രൂപപ്പെടുന്നതും കാർ അതിലേക്ക് വീഴുന്നതും കാണുകയും തന്റെ തൊഴിലാളികളോട് ഒരു നൈലോൺ കയർ താഴേക്ക് എറിയാൻ നിർദ്ദേശിക്കുകയുമായിരുന്നു.

കാറോടിച്ചുകൊണ്ടിരുന്ന സ്ത്രീ ഉടനെ തന്നെ കാറിന്റെ ഡോർ തുറക്കുകയും കയറിൽ പിടിക്കുകയും ചെയ്തു. അവരെ തൊഴിലാളികളെല്ലാം ചേർന്ന് മുകളിലേക്ക് വലിച്ചു കയറ്റി. മുകളിലെത്തിയ ഉടനെ അവരെ ആശുപത്രിയിലെത്തിച്ചു.

ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യക്കാരനായ സുബ്ബയ്യ കഴിഞ്ഞ 22 വർഷമായി സിംഗപ്പൂരിൽ ജോലി ചെയ്യുകയാണ് എന്നാണ്. രക്ഷാപ്രവർത്തനത്തെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, തനിക്ക് പേടിയുണ്ടായിരുന്നു, അതേസമയം എങ്ങനെയെങ്കിലും അവരെ രക്ഷിക്കണമെന്നും തോന്നിയിരുന്നു. ഒടുവിൽ രക്ഷിക്കാനായപ്പോൾ കൃതജ്ഞത തോന്നി എന്നാണ്.

അതേസമയം നിരവധിപ്പേരാണ് സുബ്ബയ്യയുടെ പെട്ടെന്നുള്ള ഇടപെടലിനെ പ്രകീർത്തിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ അടക്കം പോസ്റ്റുകളിടുന്നത്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?