Stares at sun : കത്തുന്ന സൂര്യനെ കണ്‍ചിമ്മാതെ നോക്കി ഒരു മണിക്കൂര്‍, സംഭവിച്ചത് ഇതാണ്!

By Web TeamFirst Published Dec 9, 2021, 5:11 PM IST
Highlights

ഡോക്ടര്‍മാരുടെയും ഇന്ത്യയുടെ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഒരു മണിക്കൂറോളം സണ്‍ഗ്ലാസുകളില്ലാതെ, കണ്ണിമവെട്ടുക പോലും ചെയ്യാതെ അദ്ദേഹം സൂര്യനെ നേരിട്ട് നോക്കിയിരുന്നു. 

കത്തിജ്വലിച്ച് നില്‍ക്കുന്ന സൂര്യനെ നഗ്‌നനേത്രങ്ങള്‍കൊണ്ട് നോക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതി തീവ്രമായ സൂര്യപ്രകാശം ഭാഗിക അന്ധതയ്ക്ക് കാരണമാകുമെന്നാണ് വിശ്വാസം. അത് മാത്രവുമല്ല, അഞ്ചു മിനിറ്റ് നേരം നോക്കുമ്പോഴേക്കും നമ്മുടെ കണ്ണുകള്‍ വേദനിക്കാന്‍ തുടങ്ങും. അത്ര തീക്ഷ്ണമാണ് അതിന്റെ കിരണങ്ങള്‍. ഇത് കണ്ണിന്റെ റെറ്റിനയ്ക്കും, ലെന്‍സിനും കേടുപാടുകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇന്ത്യയിലെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള 70 -കാരന്‍ ഒരു മണിക്കൂര്‍ നേരം സൂര്യനെ കണ്ണിമചിമ്മാതെ നോക്കി റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കയാണ്. അദ്ദേഹത്തിന്റെ പേര് എം എസ് വര്‍മ.

 

വിരമിച്ച ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ 25 വര്‍ഷത്തോളമായി ഇത് പരിശീലിക്കുന്നു. ഏകദേശം ഒരു മണിക്കൂര്‍ നേരം ഇമവെട്ടാതെ സൂര്യനെ നോക്കിനില്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കും. അദ്ദേഹത്തിന്റെ ഈ ശ്രമം ഇപ്പോള്‍ ഇന്ത്യയുടെ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ്. ഇതിനായി ഡോക്ടര്‍മാരുടെയും ഇന്ത്യയുടെ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഒരു മണിക്കൂറോളം സണ്‍ഗ്ലാസുകളില്ലാതെ, കണ്ണിമവെട്ടുക പോലും ചെയ്യാതെ അദ്ദേഹം സൂര്യനെ നേരിട്ട് നോക്കിയിരുന്നു. ഇതില്‍ ഏറ്റവും അത്ഭുതകരമായ കാര്യം, ഇത്രയും കാലമായിട്ടും വര്‍മയുടെ കാഴ്ചശക്തിക്കും, കണ്ണിന്റെ ആരോഗ്യത്തിനും ഒരു തകരാറും സംഭവിച്ചിട്ടില്ല എന്നതാണ്.  സൂര്യനെ 10 മിനിറ്റ് നേരം കണ്ണിമചിമ്മാതെ നോക്കിയ മറ്റൊരു ഇന്ത്യക്കാരന്റെ റെക്കോര്‍ഡാണ് അദ്ദേഹം മറികടന്നത്.  

തന്റെ വിജയകരമായ ശ്രമത്തിന് ശേഷം അദ്ദേഹം ക്ഷണിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കൊപ്പം പുഞ്ചിരിച്ച് കൊണ്ട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. അദ്ദേഹത്തിന്റെ കണ്ണിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും, വിദഗ്ധര്‍ ഇത് അനുകരിക്കാന്‍ ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നു.    
 

click me!