
സിംഗപ്പൂരിലെ വിമാനത്തിൽ നിന്നും ലക്ഷങ്ങളുടെ വസ്തുക്കൾ മോഷ്ടിച്ച ശേഷം ഇന്ത്യയിലേക്ക് പറന്ന് ഇന്ത്യക്കാരൻ യുവാവ്. സിംഗപ്പൂരിലെ ജുവൽ ചാംഗി വിമാനത്താവളത്തിലെ നിരവധി കടകളിൽ നിന്നായിട്ടാണ് ഇയാൾ ഏകദേശം 3.5 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ മോഷ്ടിച്ചത്. 38 -കാരനായ ഇയാൾ വിമാനത്താവളത്തിലെ 14 കടകളിൽ നിന്നായിട്ടാണത്രെ ബാഗുകൾ, കോസ്മെറ്റിക്സ്, പെർഫ്യൂമുകൾ എന്നിവയെല്ലാം മോഷ്ടിച്ച് കടന്നു കളഞ്ഞത്.
തിരികെ സിംഗപ്പൂരിൽ എത്തിയപ്പോൾ ഇയാൾ അറസ്റ്റിലായതായും റിപ്പോർട്ടുകൾ പറയുന്നു. ജൂൺ 1 -ന് സിംഗപ്പൂരിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് സിംഗപ്പൂർ പോലീസ് ഫോഴ്സ് ജൂലൈ 23 -ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.
ജുവൽ ചാംഗി വിമാനത്താവളത്തിലെയും, ചാംഗി വിമാനത്താവളത്തിലെ ട്രാൻസിറ്റ് ഏരിയയിലെയും കടകളിൽ നിന്നാണ് ഇയാൾ സാധനങ്ങൾ മോഷ്ടിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. കടയിലെ ഒരു ബാഗ് നഷ്ടപ്പെട്ടതായി ഒരു റീട്ടെയിൽ കടയിലെ സൂപ്പർവൈസർ സ്റ്റോക്ക് എടുക്കുന്നതിനിടെ കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം നടന്നത്. പിന്നാലെ ഇയാളാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.
മെയ് 29 -ന് വൈകുന്നേരം ഏകദേശം നാലരയോടെയാണ് മോഷണം നടന്നതെന്ന് പോലീസ് പറയുന്നു. ബാഗ് നഷ്ടപ്പെട്ടതിന് പിന്നാലെ കടയിൽ നിന്നും പരാതി നൽകി. പൊലീസ് സിസിടിവി ക്യാമറ പരിശോധിച്ചു. ഇയാളെ കുറിച്ചുള്ള വിവരങ്ങളും കണ്ടെത്തി. എന്നാൽ, അപ്പോഴേക്കും ഇയാൾ സിംഗപ്പൂരിൽ നിന്നും കടന്നു കളഞ്ഞിരുന്നു.
എന്നാൽ, പിന്നീട് ജൂൺ ഒന്നിന് ഇയാൾ തിരികെ സിംഗപ്പൂരിൽ തന്നെ ചെന്നിറങ്ങുകയായിരുന്നു. അപ്പോഴാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. മോഷ്ടിച്ച നിരവധി വസ്തുക്കൾ പൊലീസ് ഇയാളുടെ ബാഗിൽ നിന്നും കണ്ടെത്തി.