
അടുത്തിടെയായി വലിയ പ്രചാരമുള്ള പാവകളാണ് ലബുബു പാവകൾ. തരംഗമായി മാറിയ പാവകൾ ഇറക്കിയത് ചൈനയിൽ നിന്നുള്ള കളിപ്പാട്ട കമ്പനിയായ പോപ് മാർട്ടാണ്. ഇറങ്ങി നാല് വർഷത്തിന് ശേഷമാണ് പാവകൾ തരംഗമായി മാറിയത്. അത് കമ്പനിയുടമയെ പോലും കോടീശ്വരനാക്കി മാറ്റി. എന്നാലിപ്പോൾ വളരെ അപൂർവമായ ഒരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്.
ചിന്തകനും മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയുമായ കാൾ മാർക്സിന്റെ ശവകുടീരത്തിൽ അർപ്പിച്ചിരിക്കുന്ന ഒരു ലബുബു പാവയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. ലണ്ടനിലെ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ ഒരു ചൈനീസ് വിദ്യാർത്ഥി എഴുതിയ മൂന്ന് പേജ് കത്തും അതിനൊപ്പം ഒരു ലബുബു പാവയുമാണ് ഉണ്ടായിരുന്നത്.
സാധാരണയായി കാൾ മാർക്സിന്റെ ശവകുടീരത്തിൽ ഇത്തരത്തിലുള്ള കത്തുകളും കുറിപ്പുകളും ഒന്നും ഒരു പുതിയ കാര്യമല്ല. എന്നാൽ, ഈ കത്തിനൊപ്പം തരംഗമായി മാറിയിരിക്കുന്ന ഈ ലബുബു പാവയെ കണ്ടത് ശരിക്കും നെറ്റിസൺസിൽ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. കാൾ മാർക്സിന്റെ കുടീരത്തിൽ വില കൂടിയ ഒരു പാവ എന്നതിലെ വൈരുധ്യത്തെ കുറിച്ചാണ് ഇപ്പോൾ ആളുകൾ ചർച്ച ചെയ്യുന്നത്.
മുതലാളിത്തത്തെ നഖശിഖാന്തം എതിർത്ത കാൾ മാർക്സിന്റെ കുടീരത്തിൽ ഉപഭോക്താക്കളെ ലോകവ്യാപകമായി ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു ലക്ഷ്വറി പാവയിരിക്കുന്നതിലെ വൈരുധ്യമാണ് പലരും ചൂണ്ടിക്കാണിച്ചത്. നിരവധി കമന്റുകളാണ് ഇതുമായി ബന്ധപ്പെട്ട് പോസ്റ്റിന് വന്നിട്ടുള്ളതും.
ഒരേസമയം കാവ്യാത്മാകവും അതേസമയം വൈരുധ്യാത്മകവുമാണ് ഈ കാഴ്ച എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഈ ശവകുടീരം സ്വയമേവ കത്തിത്തീർന്നാൽ അമ്പരക്കേണ്ട എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
അതേസമയം, ലോകത്തെല്ലായിടത്തും വൻ ഡിമാന്റാണ് ലബുബു പാവകൾക്ക്. പോപ് മാർട്ടിന്റെ പുതുതായി തുറക്കുന്ന സ്റ്റോറുകൾക്ക് മുന്നിൽ മണിക്കൂറുകൾ ക്യൂ നിന്നാണ് പലരും ഇവ സ്വന്തമാക്കുന്നത്.