
അപരിചിതരായ ചില മനുഷ്യർ ചിലപ്പോൾ നമ്മുടെ വേണ്ടപ്പെട്ടവർ പോലും കാണിക്കാത്ത സ്നേഹവും സൗഹൃദവും കാണിക്കാറുണ്ട്. സഹായങ്ങൾ വച്ചുനീട്ടാറുണ്ട്. അതുപോലെ വളരെ ഹൃദയസ്പർശിയായ ഒരു അനുഭവമാണ് 20 -കാരിയായ ഒരു പെൺകുട്ടി സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റ് പ്രകാരം വിദ്യാർത്ഥിനിയായ പെൺകുട്ടി ഒരു റോബോട്ടിക്സ് ട്യൂട്ടർ കൂടിയായി ജോലി ചെയ്യുന്നുണ്ട്. കാന്തിവലിയിൽ 5.40 -നാണ് അവളുടെ ക്ലാസ് കഴിഞ്ഞത്. പിന്നാലെ ബസ് സ്റ്റോപ്പിലെത്തി. ഒരു മണിക്കൂർ കാത്തിരുന്നിട്ടും ബസ് വരുന്ന ലക്ഷണമൊന്നും കണ്ടില്ല. അതോടെ ആകെ നിരാശയായി. അങ്ങനെ റാപ്പിഡോ ബുക്ക് ചെയ്ത് അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് പോകാം എന്ന തീരുമാനത്തിൽ എത്തി.
ആ സമയത്താണ് ഒരു മധ്യവയസ്കനായ ആൾ ടുവീലറിൽ വന്നത്. യുവതി അയാളോട് അടുത്തുള്ള മെട്രോസ്റ്റേഷനിലേക്ക് ഒരു ലിഫ്റ്റ് തരുമോ എന്ന് ചോദിച്ചു. അപ്പോൾ തന്നെ അയാൾ സമ്മതിച്ചു. താൻ മലാഡ് സ്റ്റേഷൻ ഭാഗത്തേക്കാണ് പോകുന്നത് എന്നും വേണമെങ്കിൽ അവിടെ ഇറക്കാമെന്നും അയാൾ പെൺകുട്ടിയോട് പറഞ്ഞു. ട്രെയിനാണ് കൂടുതൽ നല്ലത് എന്നും അദ്ദേഹം പറഞ്ഞു. മലാഡ് എത്തുന്നതിന് മുമ്പ് പെൺകുട്ടി റോഡിൽ ബസ് നമ്പർ 460 കണ്ടു.
അത് അവളുടെ വീടിന്റെ അടുത്തേക്കുള്ള ഡയറക്ട് ബസായിരുന്നു. അവൾ 460 എന്ന് വിളിച്ചുകൂവി. അപ്പോൾ തന്നെ ബൈക്കോടിച്ചിരുന്നയാൾ പെൺകുട്ടിയോട് പിടിച്ചിരിക്കാൻ പറഞ്ഞു. തിരക്കുള്ള റോഡിലൂടെ യു ടേൺ എടുത്ത് ബസിന്റെ പിന്നാലെ പോവുകയും ബസിനെ ഓവർടേക്ക് ചെയ്ത് ബസിന് മുന്നിലായി ബൈക്ക് നിർത്തുകയും ചെയ്തു. ബസ് നിർത്തുമോ എന്ന് നോക്കാമെന്ന് പറഞ്ഞായിരുന്നു ഇത്. ഒടുവിൽ ബസ് നിർത്തി. പെൺകുട്ടി സുരക്ഷിതയായി ബസിൽ കയറി.
ആ അപരിചിതനായ മനുഷ്യനുണ്ടായിരുന്നത് കൊണ്ടാണ് താൻ സുരക്ഷിതയായി ഈ ബസിലിരിക്കുന്നത് എന്ന് പറഞ്ഞാണ് പെൺകുട്ടി പോസ്റ്റിട്ടിരിക്കുന്നത്. അനേകം പേരാണ് അപരിചിതനായ ആ മനുഷ്യന്റെ നന്മയെ അഭിനന്ദിച്ച് കമന്റുകൾ നൽകിയിരിക്കുന്നത്.