
സിംഗപ്പൂര്‍ ഫ്ലൈറ്റില്‍ കഴിഞ്ഞ ദിവസം അസാധാരണമായ ഒരു സംഭവം നടന്നു. 42 -കാരനായ ഒരു ഇന്ത്യന്‍ യാത്രക്കാരന്‍ ഫ്ലൈറ്റിന്‍റെ ക്യാബിന്‍ ക്രൂവിനെ അക്രമിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തെന്ന് ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ക്യാബിന്‍ ക്രൂവിനെ അക്രമിക്കുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായും ഇന്ന് ഇയാളെ സിംഗപ്പൂർ കോടതിയില്‍ ഹാജരാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി 27 -നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എന്നാല്‍ മാര്‍ച്ച് 31 നാണ് പോലീസ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന ഫ്ലൈറ്റില്‍ വച്ച് ഇന്ത്യക്കാരന്‍ പ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു. ഇയാൾ തൊട്ട് അടുത്തുള്ള യാത്രക്കാരന്‍റെ സീറ്റ് ആദ്യം കൈയേറി. അതോടൊപ്പം ഇയാൾ തൊട്ട് മുമ്പിലുള്ള സീറ്റിലെ യാത്രക്കാരനെ മുന്നിലേക്ക് തള്ളിക്കൊണ്ടേയിരുന്നു. ഇയാൾ മദ്യ ലഹരിയിലാണെന്ന രീതിയിലാണ് വിമാനത്തില്‍ പെരുമാറിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റ് യാത്രക്കാര്‍ക്ക് ശല്യമായതോടെ ക്യാബിന്‍ ക്രൂ അംഗങ്ങൾ പ്രശ്നത്തില്‍ ഇടപെട്ടു. ഇയാളെ ശാന്തനാക്കാന്‍ ക്യാബിന്‍ ക്രൂ അംഗങ്ങൾ ശ്രമിച്ചു. ഇതിനിടെ ഒരു പുരുഷ ക്യാബിന്‍ ക്രൂ അംഗത്തിന്‍റെ കൈക്ക് കയറി പിടിച്ച ഇയാൾ, അദ്ദേഹത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ പ്രശ്നങ്ങൾ തുടർന്നാല്‍ വിമാനം തിരിച്ച് പറക്കുമെന്ന് ക്യാബിന്‍ ക്രൂ അംഗങ്ങൾ പറഞ്ഞതോടെയാണ് ഇയാൾ അല്പമെങ്കിലും ശാന്തനായത്. സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. വിമാനത്തില്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കി, മറ്റ് യാത്രക്കാരെയും ക്യാബിന്‍ ക്രൂവിനെയും അക്രമിച്ചു തുടങ്ങിയ നിരവധി കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇയാളുടെ പേര് വിവരങ്ങള്‍ ഒന്നും സിംഗപ്പൂര്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
Read More: ഡോക്ടറാണോ? മാസം 3.6 കോടി രൂപ ശമ്പളം, താമസവും കാറും സൗജന്യം; വാഗ്ദാനം ചെയ്ത് ഓസ്ട്രേലിയന്‍ നഗരം