'ഓരോ ഇന്ത്യക്കാരനും ഒരിക്കലെങ്കിലും വിദേശത്ത് പോകണം’; കാരണം വ്യക്തമാക്കിയപ്പോൾ ചർച്ചയായി യുവാവിന്‍റെ കുറിപ്പ്

Published : Sep 29, 2026, 11:15 AM IST
travel to abroad

Synopsis

ഓരോ ഇന്ത്യക്കാരനും ജീവിതത്തിൽ ഒരിക്കലെങ്കിലും വിദേശരാജ്യം സന്ദർശിക്കണമെന്ന എക്സ് ഉപയോക്താവായ സുരജ് കുമാർ തൽറേജയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. ആഡംബരത്തിനല്ല, മറിച്ച് മികച്ച നഗരാസൂത്രണം, ശുചിത്വം എന്നിവയെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാട് നേടാനാണ് ഈ യാത്രകൾ സഹായിക്കുന്നത്.

വിദേശയാത്ര വിനോദത്തിനും ആഡംബരത്തിനും മാത്രമുള്ളതല്ലെന്നും സ്വന്തം രാജ്യത്തെ മറ്റൊരു കാഴ്ചപ്പാടിലൂടെ കാണാനും അത് സഹായിക്കുമെന്നും ചൂണ്ടിക്കാട്ടി എക്സ് ഉപയോക്താവായ സുരജ് കുമാർ തൽറേജയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഓരോ ഇന്ത്യക്കാരനും ജീവിതത്തിൽ ഒരിക്കലെങ്കിലും വിദേശരാജ്യം സന്ദർശിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാൽ, അതിന് പിന്നിലെ ലക്ഷ്യം ആഡംബരം അനുഭവിക്കുകയല്ലെന്നും പുതിയൊരു കാഴ്ചപ്പാട് നേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചിന്താഗതികൾ മാറും

വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഇന്ത്യയിൽ പലപ്പോഴും സ്വാഭാവികമായി കാണുന്ന ചില കാര്യങ്ങൾ കൂടുതൽ ശ്രദ്ധയിൽപ്പെടാൻ തുടങ്ങുമെന്നാണ് തൽറേജ പറയുന്നത്. മികച്ച നഗരാസൂത്രണം, വൃത്തിയുള്ള പൊതുസ്ഥലങ്ങൾ, കാര്യക്ഷമമായ പൊതുഗതാഗത സംവിധാനം, അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന സംവിധാനങ്ങൾ, കാര്യക്ഷമമായ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.

വികസനം എന്നത് ഒരു രാജ്യത്തിന്‍റെ കൈവശമുള്ള പണത്തിന്‍റെ അളവിൽ മാത്രം തീരുമാനിക്കപ്പെടുന്ന ഒന്നല്ലെന്നും അദ്ദേഹം കുറിപ്പിൽ അഭിപ്രായപ്പെട്ടു. ആസൂത്രണം, മുൻഗണനകൾ, നടപ്പാക്കൽ, ഉത്തരവാദിത്തബോധം എന്നിവയ്ക്കും നഗരങ്ങളും പൊതുസംവിധാനങ്ങളും എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൽ പ്രധാന പങ്കുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ വാദം. “യാത്ര ലോകത്തെ മാത്രമല്ല കാണിച്ചുതരുന്നത്; ഇന്ത്യയ്ക്ക് എന്തൊക്കെ കാര്യങ്ങളിൽ കൂടുതൽ മെച്ചപ്പെടുത്താനാകുമെന്ന് അത് ചിലപ്പോൾ കാണിച്ചുതരും” എന്ന ആശയത്തിലാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. സെപ്റ്റംബർ 27 -ന് പങ്കുവെച്ച പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്.

അനുകൂലിച്ച് നെറ്റിസെൺസ്

നെതർലൻഡ്സിൽ നാല് വർഷം താമസിച്ച ഒരാൾ തൽറേജയുടെ വിലയിരുത്തലിനോട് യോജിക്കുന്നതായി പ്രതികരിച്ചു. മറ്റൊരാൾ 13 രാജ്യങ്ങൾ സന്ദർശിച്ച അനുഭവം പങ്കുവെച്ച് ഇന്ത്യയ്ക്ക് പ്രകൃതി, കാലാവസ്ഥ, മലകൾ, കടൽ, മത-സാംസ്കാരിക വൈവിധ്യം തുടങ്ങി നിരവധി പ്രത്യേകതകളുണ്ടെന്നും, ശുചിത്വത്തിലും ടൂറിസം മേഖലയിലും കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

വിപ്രോ ബെംഗളൂരു മാരത്തൺ: 10 കിലോമീറ്റർ ഓടിയത് തുള്ളിവെള്ളമില്ലാതെ; സംഘാടകർക്കെതിരെ പരാതിയുമായി ഓട്ടക്കാർ
എയർപോർട്ടിനകത്തെ ആ ല​ഗേജ് സ്റ്റോറുകൾ എന്തിനാണ്? മകളുടെ സംശയം പങ്കുവച്ച് അച്ഛൻ