
ഇന്ത്യയിലെ പല മാനേജർമാരും തൊഴിലാളികളോട് വളരെ മോശമായി പെരുമാറുന്നവരാണ് എന്നൊരു അഭിപ്രായം പലരും പങ്കുവയ്ക്കാറുണ്ട്. തൊഴിലാളികളുടെ അവകാശങ്ങളോട് കണ്ണടക്കുക, തൊഴിൽസ്ഥലത്ത് അവരെ ചൂഷണം ചെയ്യുക, അർഹമായ ആനുകൂല്യങ്ങൾ നൽകാതിരിക്കുക തുടങ്ങി പല കാര്യങ്ങളും മാനേജർമാരുടെ ഭാഗത്ത് നിന്നുണ്ടാവാറുണ്ട്. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ പലരും ഇതേ കുറിച്ചുള്ള അനുഭവങ്ങൾ ഷെയർ ചെയ്യാറുമുണ്ട്. അതുപോലെ ഒരു അനുഭവമാണ് ഇപ്പോൾ ചർച്ചയായി തീരുന്നത്.
'യുഎസിലെ ഇന്ത്യൻ മാനേജർമാരിൽ നിന്നുണ്ടായ ഭീകരാനുഭവങ്ങൾ' എന്ന ടൈറ്റിലിലാണ് അനുഭവം ഷെയർ ചെയ്തിരിക്കുന്നത്. 'തനിക്ക് ഇന്ത്യക്കാരനായ ഒരു മാനേജരുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തോട് ശമ്പളം കൂട്ടിത്തരാൻ ആവശ്യപ്പെട്ടപ്പോൾ എന്റെ ജോലിയെക്കുറിച്ചോ, കമ്പനിയുടെ ബജറ്റിനെക്കുറിച്ചോ ഒക്കെ സംസാരിക്കുന്നതിന് പകരം വളരെ പരിഹാസ്യമായ ഒരു മറുപടിയാണ് അദ്ദേഹം എനിക്ക് തന്നത്' എന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്.
'നിന്റെ പ്രായത്തിൽ എനിക്ക് വളരെ കുറച്ച് മാത്രമാണ് ശമ്പളം ഉണ്ടായിരുന്നത്. നിനക്ക് കിട്ടുന്നതിൽ നീ സന്തോഷിക്കുകയാണ് വേണ്ടത്' എന്നാണത്രെ മാനേജർ പറഞ്ഞത്. അന്ന് അദ്ദേഹത്തിന് ശമ്പളം കുറച്ച് കിട്ടിയിരുന്നു എന്നതുകൊണ്ട് ഇപ്പോൾ എനിക്ക് തരുന്ന കുറച്ച് ശമ്പളത്തിൽ തൃപ്തിപ്പെടാനാണ് എന്നോട് പറയുന്നത് എന്നും യുവാവ് കുറിച്ചു.
ഇത്തരം ഇന്ത്യൻ മാനേജർമാരെ കുറിച്ച് സഹപ്രവർത്തകരടക്കം മറ്റുള്ളവരും പറഞ്ഞ് താൻ കേട്ടിട്ടുണ്ട്. ഇത്തരക്കാർ തങ്ങളുടെ ഇത്തരം ടോക്സിക് മനോഭാവം കൊണ്ട് മറ്റുള്ളവരെ വളർത്തുന്നതിന് പകരം താഴേക്ക് വലിച്ചിടാനാണ് നോക്കുക എന്നും യുവാവ് കുറിച്ചിരിക്കുന്നത് കാണാം.
'ഇന്ത്യൻ മാനേജർമാരിൽ നിന്നും ഇത്തരം അനുഭവമുള്ള യുഎസ്സുകാരുണ്ടോ? എന്താണ് അനുഭവം' എന്നാണ് യുവാവ് ചോദിക്കുന്നത്. ഒരുപാടുപേരാണ് തങ്ങളുടെ സമാനമായ അനുഭവം കമന്റിൽ കുറിച്ചത്. അതിൽ നിന്നും മനസിലാവുന്നത് പലർക്കും ഇന്ത്യൻ മാനേജർമാരിൽ നിന്നും ഇത്തരത്തിലുള്ള മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ്.