
ഓരോ രാജ്യത്തിനും ഓരോ സംസ്കാരമാണ്. ഇന്ത്യൻ സംസ്കാരം വലിയ ശബ്ദവും, നിറങ്ങളും ഒക്കെ ചേർന്നതാണ്. നമ്മുടെ മിക്ക ആഘോഷങ്ങളിലും കാണും ഈ ശബ്ദത്തിന്റെയും നിറങ്ങളുടെയും ധാരാളിത്തം. അതിപ്പോൾ പൊതുസ്ഥലങ്ങളിലാണെങ്കിലും ഈ ബഹളം നമുക്ക് കാണാം. എന്നാൽ, മറ്റ് രാജ്യക്കാർക്ക് ഈ ബഹളം വയ്ക്കുന്ന സ്വഭാവം അത്ര ഇഷ്ടപ്പെടണം എന്നില്ല. കാരണം, അവരുടെ സംസ്കാരം പൊതുസ്ഥലത്ത് ബഹളം വയ്ക്കാത്തതാവാം.
എന്തായാലും, ഇന്ത്യക്കാർ ഇന്ന് പല രാജ്യങ്ങളിലുമുണ്ട്. അതിനാൽ തന്നെ പലപ്പോഴും ഇന്ത്യക്കാരുടെ ബഹളം വയ്ക്കലിനെ കുറിച്ച് പരാതികളും ഉയരാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ജർമ്മനിയിലെ ഒരു ട്രെയിൻ സ്റ്റേഷനിൽ നിന്നുള്ള ചിത്രമാണ് പകർത്തിയിരിക്കുന്നത്. ചിത്രം റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്നതും ഒരു ഇന്ത്യൻ യുവാവാണ്.
അയാൾ റെഡ്ഡിറ്റിൽ കുറിച്ചിരിക്കുന്നത്, 'വൈകുന്നേരം 5.30 ആണ് ഇപ്പോൾ ജർമ്മനിയിലെ സമയം, ഡസൽഡോർഫ് ട്രെയിൻ സ്റ്റേഷനിൽ നിന്നുള്ള രംഗമാണിത്. മൂന്ന് യുവാക്കൾ അവരുടെ ഫോണിൽ ഉച്ചത്തിൽ പഞ്ചാബി മ്യൂസിക് വച്ചിട്ടുണ്ട്. അവർ കാരണം 10-15 -ലധികം ആളുകൾ -5 ഡിഗ്രിയിൽ വെയിറ്റിംഗ് ഏരിയയ്ക്ക് പുറത്ത് നിൽക്കുകയാണ്. മ്യൂസിക് നിർത്താൻ യുവാക്കൾ സമ്മതിക്കാത്തതിനാൽ തന്നെ അവരിൽ ചിലർക്ക് വായിക്കാനോ ജോലി ചെയ്യാനോ, ജോലി കഴിഞ്ഞ് കുറച്ചുനേരം സമാധാനത്തിലിരിക്കാനോ കഴിയുന്നില്ല. ഫോണിൻ്റെ ശബ്ദം കുറക്കൂവെന്ന് എളിമയോടെ താനവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ തയ്യാറായില്ല. എന്നിട്ടും നമ്മൾ ചോദിക്കും എന്തിനാണ് പുറത്തുള്ളവർ നമ്മെ വെറുക്കുന്നതെന്ന്. 5 മിനിറ്റിനു ശേഷം ഞാനും വെയിറ്റിംഗ് ഏരിയയ്ക്ക് പുറത്തുള്ളവരുടെ കൂടെ ചേർന്നു' എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
ഒരുപാടുപേർ പോസ്റ്റിന് കമന്റ് നൽകിയിട്ടുണ്ട്. ഓരോ രാജ്യത്ത് പോകുമ്പോഴും അവിടുത്തെ സംസ്കാരത്തെ ബഹുമാനിക്കണം എന്ന് പറഞ്ഞവരുണ്ട്. നിരവധി ഇന്ത്യക്കാരും ഇത്തരം ഒരുപാട് സാഹചര്യങ്ങൾ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്.
അതേസമയം, വിവിധ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കെതിരെ വംശീയാധിക്ഷേപമുണ്ടാകുന്ന സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.