
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗാസിയാബാദിൽ നിന്നും ഒരു വാർത്ത വന്നു. ഏകദേശം 30 വർഷം മുമ്പ് കാണാതായ മകനെ ഒരു കുടുംബത്തിന് തിരികെ കിട്ടിയതായിരുന്നു വാർത്ത. യുവാവ് തന്നെയാണ് തന്നെ തട്ടിക്കൊണ്ടുപോയി ഒരു മരുഭൂമിയിൽ ആടിനെ നോക്കാനാക്കുകയായിരുന്നു എന്ന് പറഞ്ഞത്. ഒടുവിൽ, ഒരു ബിസിനസുകാരന്റെ സഹായത്തോടെ അവിടെ നിന്നും രക്ഷപ്പെട്ട് വന്നിരിക്കയാണ് എന്നും ഇയാൾ ആ കുടുംബത്തോട് പറഞ്ഞു.
മകനെ കിട്ടിയ കുടുംബത്തിനും സന്തോഷമായിരുന്നു. എന്നാൽ, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഈ സംഭവത്തിൽ വൻ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. യുവാവിന്റെ പേര് രാജു എന്നല്ല. അയാൾക്ക് ആ കുടുംബവുമായി ഒരു ബന്ധവും ഇല്ല. കാണാതായ മകനെന്ന് പറഞ്ഞ് കുടുംബങ്ങളിലേക്ക് കയറിച്ചെല്ലുന്നത് ആളുടെ സ്ഥിരം പരിപാടിയാണ്. പലനാൾ കള്ളൻ, ഒരുനാൾ പിടിയിൽ എന്ന് പറഞ്ഞപോലെ ഒടുവിൽ പൊലീസ് ഇയാളെ പിടികൂടി.
ഒന്നും രണ്ടുമല്ല, പല സംസ്ഥാനങ്ങളിലായി ഒമ്പത് കുടുംബങ്ങളിലാണ് ഇയാൾ ഈ തട്ടിപ്പ് നടത്തിയത്. ഗാസിയാബാദിലും ഉത്തരാഖണ്ഡിലും ഒരേ സമയം ഇയാൾ ഈ തട്ടിപ്പ് നടത്തി. ഇയാൾ നേരത്തെ പറ്റിച്ച ഏഴ് വീടുകളിൽ രണ്ടെണ്ണം പൊലീസ് കണ്ടെത്തി. ബാക്കി അഞ്ച് കുടുംബങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്.
രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിൽ നിന്നായി ഒമ്പത് കുടുംബങ്ങളെയാണ് ഇന്ദ്രരാജ് റാവത്ത് എന്നയാൾ പറ്റിച്ചത്. ഇയാൾ രാജസ്ഥാൻ സ്വദേശിയാണ് എന്നും പൊലീസ് പറയുന്നു.
ഏതെങ്കിലും കുട്ടികളെ കാണാതായ കുടുംബങ്ങളിലേക്കാണ് ഇയാൾ കയറിച്ചെല്ലുക. കാണാതായ മകനാണ്, ബന്ധുവാണ് എന്നെല്ലാം പറഞ്ഞ് അവിടെ തുടരും. അങ്ങനെ വിവിധ വീടുകളിൽ മാറിമാറിക്കഴിയുകയായിരുന്നത്രെ ഇയാൾ. എന്നാൽ, കഴിഞ്ഞ ദിവസം ഗാസിയാബാദിൽ അവതരിപ്പിച്ച കഥയാണ് പൊളിഞ്ഞത്. ഇയാൾ രാജു അല്ലെന്നും ഇയാളുടെ യഥാർത്ഥ പേര് ഇന്ദ്രരാജ് റാവത്ത് എന്നാണെന്നും പൊലീസ് കണ്ടെത്തി.
2005 -ൽ സ്വന്തം കുടുംബം ഇയാളെ പുറത്താക്കി. മോഷണം തുടർക്കഥയാക്കിയതോടെയായിരുന്നു ഇത്. പിന്നീട് കുറച്ചുകാലം ജോലി ചെയ്തു. എന്നാൽ, മോഷണസ്വഭാവം നിർത്താൻ പറ്റാതായതോടെ പണി നിർത്തി. പിന്നീടാണ് മക്കളെ നഷ്ടപ്പെട്ട വീടുകളിലേക്ക് കള്ളക്കഥയും പറഞ്ഞു ചെല്ലാൻ തുടങ്ങിയത്.
അവിടെ വിശ്വാസം ആർജ്ജിച്ച ശേഷം പണിക്കൊന്നും പോവാതെ കഴിയും. വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കും. പിന്നീട് പിടിക്കപ്പെടുമെന്നാകുമ്പോൾ അടുത്ത സ്ഥലത്തേക്ക് മുങ്ങും ഇതായിരുന്നു ഇയാളുടെ രീതിയെന്നും പൊലീസ് പറയുന്നു.
എന്തായാലും, സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു കഴിഞ്ഞു. കൂടാതെ, ആൾമാറാട്ടം, വഞ്ചന, ഭവനഭേദനം എന്നീ കുറ്റങ്ങളും ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്.
പഠിച്ചപണി പതിനെട്ടും നോക്കി, പക്ഷേ പാളിപ്പോയി; ടാക്സി ഡ്രൈവർ പറ്റിക്കാൻ നോക്കിയ അനുഭവം പറഞ്ഞ് യുവാവ്