
യുഎസിലെ ഇല്ലിനോയിസിലെ ഒരു ടാർഗറ്റ് സ്റ്റോറിൽ നിന്നും 1,300 ഡോളര്‍ (ഏകദേശം 1.1 ലക്ഷം രൂപ) വിലയുള്ള സാധനങ്ങൾ മോഷ്ടിച്ച ഇന്ത്യക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. അനയ അവ്ലാനിയെ (46) അറസ്റ്റ് ചെയ്യുന്ന പോലീസിന്‍റെ ബോഡിക്യാം വീഡിയോ യൂട്യൂബിൽ പങ്കുവയ്ക്കപ്പെട്ടു. സ്റ്റോറില്‍ ഏതാണ്ട് ഏഴ് മണിക്കൂറോളം ഇവര്‍ ചെലവഴിച്ചെന്നും അതിനിടെ ഇവര്‍ ഒരു പെട്ടിയോളം സാധനങ്ങൾ ശേഖരിച്ചു. പിന്നീട് പണം നല്‍കാതെ പുറത്തേക്ക് ഇറങ്ങാനുള്ള ശ്രമത്തിനിടെ കടയിലെ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ സംഭവ സ്ഥലത്തെത്തിയ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
2025 മെയ് 1 ന് നടന്ന സംഭവത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പോലീസ് യൂട്യൂബിൽ പങ്കുവച്ചത്. വീഡിയോയില്‍ താന്‍ പണം തരാൻ തയ്യാറാണെന്ന് യുവതി പറയുന്നത് കേൾക്കാം. ഏതാണ്ട് 500 ഡോളറിന്‍റെ സാധനങ്ങൾ യുവതി എടുത്തെന്ന് ജീവനക്കാരന്‍ പോലീസിനോട് പറയുമ്പോൾ അതിലും കൂടുതലെന്ന് യുവതി തിരുത്തുന്നു. അനയ അവ്ലാനിയോട് പോലീസ് ഐഡി കാര്‍ഡുകൾ ഉണ്ടോയെന്ന് ചോദിക്കുമ്പോൾ ഇല്ലെന്നും താനീ രാജ്യത്ത് താമസിക്കാന്‍ പോകുന്നില്ലെന്നും അനയ മറുപടി പറയുന്നു. സംഭാഷണത്തിനിടെ അനയ പണം തരാമെന്ന് പറയുമ്പോൾ പോലീസ് ഉദ്യോഗസ്ഥ 'ഇന്ത്യയിൽ സാധനങ്ങൾ മോഷ്ടിക്കാൻ നിങ്ങൾക്ക് അനുവാദമുണ്ടോ? ഞാൻ അങ്ങനെ കരുതിയില്ലെന്ന്' പറയുന്നതും വീഡിയോയില്‍ കേൾക്കാം.
നിങ്ങളുടെ കുടുംബം എവിടെയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ചോദിക്കുമ്പോൾ അവര്‍ ഇന്ത്യയിലാണെന്നും യുവതി മറുപടി പറയുന്നു. ഒപ്പം പണം തരാന്‍ തയ്യാറാണെന്ന് ആവര്‍ത്തിക്കുന്ന അവര്‍, മറ്റൊരാളെ കാത്ത് നില്‍ക്കുകയായിരുന്നെന്നും ഇത്രയും സാധനങ്ങളുമായി ഓടിപ്പോകാന്‍ ഒരു മനുഷ്യന് പറ്റില്ലെന്നും യുവതി പോലീസ് ഉദ്യോഗസ്ഥയോട് പറയുന്നതും കേൾക്കാം. യുവതിയെ അറസ്റ്റ് ചെയ്ത് ക്രിമിനല്‍ ചാര്‍ജ്ജ് ഇടുമെന്ന് പറയുന്ന പോലീസ് ഉദ്യോഗസ്ഥ ഇടയ്ക്ക് നിങ്ങൾ ഒരേ കാര്യമാണ് ആവര്‍ത്തിക്കുന്നതെന്നും പറയുന്നു. ഇതിനിടെ യുവതി സ്റ്റോറില്‍ നിന്നും സാധനങ്ങളെടുത്ത് തന്‍റെ ബാസ്ക്കറ്റിലേക്ക് ഇടുന്ന സിസിടിവി ദൃശ്യങ്ങൾ ജീവനക്കാരന്‍ പോലീസിന് കാണിച്ച് കൊടുക്കുന്നു. ഒടുവില്‍ പോലീസ് അനയയെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
അനയ അവ്ലാനിയുടെ അറസ്റ്റ് യുഎസിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഇതോടെ ഒരു രാജ്യത്ത് കുടിയേറ്റക്കാരനായിരിക്കെ കടയില്‍ നിന്നും സാധനങ്ങൾ മോഷ്ടിച്ചാല്‍ എന്തായിരിക്കും ശിക്ഷയെന്ന തരത്തിലുള്ള ചര്‌ച്ചകളും പിന്നാലെ നടന്നു. നിരവധി പേരാണ് ഇത്തരക്കാരാണ് രാജ്യത്തിന്‍റെ യശസ് കളങ്കപ്പെടുത്തുന്നത് എന്ന് എഴുതിയത്. അടുത്തിടെയായി ഇന്ത്യക്കാര്‍ ഉൾപ്പെടുന്ന വിദേശ രാജ്യങ്ങളിലെ കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.