ലഖ്നൗവിലെ ഒരു സ്കൂളിൽ ഫെയർവെൽ പാർട്ടിക്കിടെ പലതവണ ചൗമേൻ കഴിച്ചതിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കുട്ടികൾ അനുചിതമായി പെരുമാറിയതിനാലാണ് ഈ അച്ചടക്ക നടപടിയെന്ന് സ്കൂൾ അധികൃതര്‍.

സ്കൂളിലെ എന്തെങ്കിലും പരിപാടികൾക്ക് കൂടുതൽ ഭക്ഷണം കഴിച്ചാൽ അതിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ കിട്ടുമോ? അങ്ങനെ ഒരു വാർത്തയാണ് ലഖ്നൗവിൽ നിന്നും ഇപ്പോൾ വരുന്നത്. സ്കൂളിൽ നടന്ന ഫെയർവെൽ പാർട്ടിക്കിടെ കുട്ടികൾ പലതവണ ഭക്ഷണം കഴിച്ചു. അതിന്റെ പേരിൽ അവരെ സസ്പെൻഡ് ചെയ്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിൻഹാട്ട് പ്രദേശത്തെ സെന്റ് മേരീസ് സ്‌കൂളിൽ പത്താം ക്ലാസിന്റെ ഫെയർവെൽ പരിപാടിക്കിടെയാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ഭക്ഷണ കൗണ്ടറിൽ പോയി മൂന്നോ നാലോ തവണ ചൗമേൻ കഴിച്ചതായി വിദ്യാർത്ഥികൾ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

സംഭവത്തെക്കുറിച്ച് സ്കൂൾ പ്രിൻസിപ്പൽ അറിയുകയും, പിന്നാലെ ഇങ്ങനെ ഭക്ഷണം കഴിച്ച വിദ്യാർത്ഥികളെ രണ്ട് ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ആയിരുന്നുവത്രെ. സ്കൂളിന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത ഒരു വോയ്‌സ് നോട്ടിലൂടെയാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തെ കുറിച്ച് എല്ലാവരേയും അറിയിച്ചത്.

'ചൗമേൻ കൗണ്ടറിൽ ബഹളം വെച്ച വിദ്യാർത്ഥികൾക്കുള്ളതാണ് ഈ സന്ദേശം. 3-4 തവണ ഭക്ഷണം കഴിച്ചവരെ, പ്രത്യേകിച്ച് കൈ ഉപയോ​ഗിച്ചുപോലും കഴിച്ചവരെ രണ്ട് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്യുന്നു' എന്നാണ് വോയ്‍സ് നോട്ടിൽ പറയുന്നത്. സസ്‌പെൻഷൻ കാലയളവിനുശേഷം വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് മടങ്ങണോ വേണ്ടയോ എന്ന് അതേ ഗ്രൂപ്പ് വഴി അറിയിക്കുമെന്നും സന്ദേശത്തിൽ പറയുന്നു.

എന്നാൽ, വിദ്യാർത്ഥികൾ പതിവുപോലെ പിറ്റേന്ന് സ്കൂളിലെത്തി. പക്ഷേ, അധ്യാപകർ അവരെ തിരിച്ചയക്കുകയായിരുന്നു. ഒടുവിൽ കുട്ടികൾ രക്ഷിതാക്കളോട് വിവരം പറഞ്ഞു. വാർത്ത പുറത്തറിഞ്ഞതോടെ സ്കൂളിന് നേരെ വിമർശനമുണ്ടായി. കഴിഞ്ഞ 25 വർഷത്തിനിടെ ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ല. കുട്ടികൾ അനുചിതമായി പെരുമാറി, അതിനാലാണ് അച്ചടക്ക നടപടി നേരിടേണ്ടി വന്നത് എന്നാണ് സ്കൂളിന്റെ വിശദീകരണം.