
കാനഡയിലെ ഒരു നിശാക്ലബ്ബിൽ നടന്ന തർക്കം ഓൺലൈനിൽ വലിയ ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. വംശീയ വിവേചനം ആരോപിച്ച് ഒരു ഇന്ത്യൻ യുവതി സെക്യൂരിറ്റി ഗാർഡിനോട് ദേഷ്യപ്പെടുകയും, അദ്ദേഹത്തെ 'വിഡ്ഢി' എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. തനിക്കും തന്നോടൊപ്പം ഉള്ളവർക്കും അന്യായമായി പ്രവേശനാനുമതി നിഷേധിച്ചുവെന്ന് ആരോപിച്ചാണ് ഇവർ പ്രശ്നമുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ക്ലബ്ബിൽ വേഗത്തിൽ പ്രവേശനം അനുവദിക്കുന്ന 'സ്‌കിപ്പ്-ദി-ലൈൻ' ടിക്കറ്റുകൾ യുവതിയും സുഹൃത്തുക്കളും വാങ്ങിയിരുന്നു. എന്നാൽ, ഏകദേശം ഒരു മണിക്കൂറോളം ക്യൂവിൽ കാത്ത് നിന്നിട്ടും അവർക്ക് അകത്തേക്ക് പ്രവേശനം ലഭിച്ചില്ലെന്ന് യുവതി ആരോപിച്ചു. തങ്ങളെ തടഞ്ഞുവെച്ചപ്പോൾ, ഇന്ത്യക്കാരല്ലാത്തവർക്ക് യാതൊരു പ്രശ്നവുമില്ലാതെ പ്രവേശനം നൽകിയെന്നും ഇവർ ആരോപിച്ചു. ഇത് വംശീയതയുടെ പേരിൽ നടന്ന പ്രവർത്തിയാണെന്നായിരുന്നു യുവതിയുടെ ആരോപണം. വിശദീകരണം ചോദിച്ചപ്പോൾ, സെക്യൂരിറ്റി ഗാർഡ് മോശമായി പെരുമാറിയെന്നും അവർ പറയുന്നു. തുടർന്ന് അവർ സംഭവം റെക്കോർഡ് ചെയ്യാൻ തുടങ്ങി, അതിനിടെ ആവർത്തിച്ച് സെക്യൂരിറ്റി ഗാർഡിനെ 'വിഡ്ഢി' എന്ന് അധിക്ഷേപിക്കുകയും ഒപ്പം വംശീയ വിവേചനം ആരോപിക്കുകയും ചെയ്തു. ഇതേസമയം സെക്യൂരിറ്റി ഗാർഡ് യുവതിയുടെ അധിക്ഷേപത്തെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നതും വീഡിയോയില്‍ കാണാം.
സമൂഹ മാധ്യമ പ്രതികരണം
പിന്നീട് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച ഒരു കുറിപ്പിൽ യുവതി, 'ഇതാണ് കാനഡയുടെ യാഥാർത്ഥ്യം, കനേഡിയൻമാർ സ്വാഗതം ചെയ്യാൻ മനസ്സുകാട്ടുന്നവരല്ല. എന്നാൽ ഈ സെക്യൂരിറ്റി ഗാർഡ് ഒരു കാരണവുമില്ലാതെ ഞങ്ങളെ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു. എന്‍റെ സുഹൃത്തുക്കളുടെ പക്കൽ സ്‌കിപ്പ്-ദി-ലൈൻ ടിക്കറ്റുകൾ ഉണ്ടായിരുന്നു, എന്നിട്ടും ഞങ്ങൾക്ക് പ്രവേശനം അനുവദിച്ചില്ല. ഞങ്ങൾ ഒരു മണിക്കൂർ കാത്തിരുന്നു. എന്നാൽ കനേഡിയൻ പൗരന്മാരെ അകത്തേക്ക് കടത്തിവിട്ടുവെന്നും യുവതി കുറിച്ചു.
ഈ വീഡിയോ ഓൺലൈനിൽ വലിയ പ്രതികരണങ്ങൾക്ക് കാരണമായി. പാശ്ചാത്യ രാജ്യങ്ങളിലെ കുടിയേറ്റക്കാർക്ക് നിശാക്ലബ്ബുകളിൽ വിവേചനം നേരിടേണ്ടി വരുന്നത് അസാധാരണമല്ലെന്നായിരുന്നു ചിലര്‍ കുറിച്ചത്. അതേമസയം തന്നെ ഗാർഡിനോട് ദേഷ്യപ്പെടുകയും അധിക്ഷേപിക്കുകയും ചെയ്തതിന് നിരവധിപ്പേർ യുവതിയെ വിമർശിച്ചു. മറ്റൊരാളെ വിഡ്ഢി എന്ന് വിളിക്കുന്നതിനലൂടെ യുവതി എന്താണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു ചില കാഴ്ചക്കാർ ചോദിച്ചത്.