
തൻറെ 80 -ാം ജന്മദിനത്തിൽ 10,000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിംഗ് നടത്തി സ്വന്തം പേരിൽ ഒരു ലോക റെക്കോർഡ് തന്നെ നേടിയെടുത്തു കഴിഞ്ഞു ഇന്ത്യക്കാരിയായ ഡോ. ശ്രദ്ധ ചൗഹാൻ. ടാൻഡം സ്കൈഡൈവ് പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത എന്ന ബഹുമതിയാണ് വിരമിച്ച ബ്രിഗേഡിയർ സൗരഭ് സിംഗ് ശെഖാവത്തിന്റെ അമ്മയായ ഡോ. ശ്രദ്ധ ചൗഹാൻ തന്റെ 80 -ാം ജന്മദിനത്തിൽ നേടിയെടുത്തത്.
തലകറക്കം, നട്ടെല്ലിന് തേയ്മാനം എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന വ്യക്തിയാണെങ്കിലും ഡോ. ശ്രദ്ധ ചൗഹാൻ തൻ്റെ ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഡൽഹിയിൽ താമസിക്കുന്ന ഇവർ അവിടെ നിന്നും രണ്ടുമണിക്കൂർ യാത്ര ചെയ്ത് ഹരിയാനയിലെ നാർനോൾ എയർസ്ട്രിപ്പിലെ സ്കൈഹൈ ഇന്ത്യയിൽ എത്തിയാണ് സ്കൈ ഡൈവിങ് നടത്തിയത്. രാജ്യത്തെ ഏക സർട്ടിഫൈഡ് സിവിലിയൻ ഡ്രോപ്പ് സോൺ ആണിത്.
'സ്കൈഹൈ ഇന്ത്യ'യുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിൽ ഡോ. ശ്രദ്ധ ചൗഹാൻ സ്കൈ ഡൈവിംഗ് നടത്തുന്ന ദൃശ്യങ്ങൾ കാണാം. അമ്മയ്ക്ക് പൂർണ്ണപിന്തുണയുമായി മകൻ സൗരഭ് സിംഗും ഒപ്പം ഉണ്ടായിരുന്നു. അമ്മയോടൊപ്പം ധൈര്യം നൽകി ഒപ്പം ചാടിയതും ഇദ്ദേഹം തന്നെയാണ്. ഈ വലിയ നേട്ടത്തെ കുറിച്ച് അദ്ദേഹം പങ്കുവെച്ചത് ഇങ്ങനെയാണ്; 'ഇത് എൻറെ അമ്മയാണ്, 80 വയസ്സായി ഇന്നെനിക്ക് അമ്മയോടൊപ്പം സ്കൈ ഡൈവിംഗ് നടത്താനുള്ള ഭാഗ്യവും ബഹുമതിയും ലഭിച്ചു. പ്രിയപ്പെട്ട അമ്മയ്ക്ക് ജന്മദിനാശംസകൾ.'
അതേസമയം തന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു വലിയ മോഹമായിരുന്നു വിമാനം പോലെ ആകാശത്ത് പറക്കണം എന്നതെന്നും അതിപ്പോൾ തന്റെ പ്രിയപ്പെട്ട മകൻ സാധ്യമാക്കി തന്നു എന്നുമാണ് സ്കൈ ഡൈവിങ്ങിനു ശേഷം ഡോ. ശ്രദ്ധ ചൗഹാൻ പ്രതികരിച്ചത്.