ഇന്ത്യയിൽ തുറിച്ചുനോക്കും, അഭിപ്രായം പറയും, അവിടെ ആർക്കും പരാതിയില്ല, യുവതിയുടെ കുറിപ്പ് വൈറൽ

Published : Feb 25, 2026, 08:36 AM IST
Sanya

Synopsis

സിംഗപ്പൂരിൽ തനിക്ക് ലഭിച്ച സ്വാതന്ത്ര്യത്തെക്കുറിച്ച് സന്യ എന്ന യുവതി പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇന്ത്യയിൽ നേരിടേണ്ടി വരുന്ന തുറിച്ചുനോട്ടങ്ങളെയും അനാവശ്യ കമന്‍റുകളെയും കുറിച്ചാണ് പോസ്റ്റ്.

ഇന്ത്യയിൽ തുറിച്ചുനോട്ടം അല്പം കൂടുതലാണ്. പലപ്പോഴും പുറംരാജ്യങ്ങളിൽ യാത്ര ചെയ്യുന്ന പലരും അതേക്കുറിച്ച് പറയാറുമുണ്ട്. പുറത്ത് പോകുമ്പോഴാണ് ഇതിന്റെയൊക്കെ വ്യത്യാസം അറിയുന്നത് എന്ന്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇത്തരം കാര്യങ്ങളിൽ ഇന്ത്യയും മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് പോസ്റ്റ്. സിംഗപ്പൂരിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് സന്യ എന്ന യുവതിയാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വർഷം സിംഗപ്പൂരിൽ പോയപ്പോൾ താൻ ശ്രദ്ധിച്ചത് അവിടുത്തെ കെട്ടിടങ്ങളോ ഭക്ഷണമോ ആയിരുന്നില്ലെന്ന് സന്യ പറയുന്നു. പകരം, മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ സ്വന്തം ഇഷ്ടപ്രകാരം അവിടെ ജീവിക്കാമെന്നതായിരുന്നു തന്നെ അത്ഭുതപ്പെടുത്തിയ കാര്യമെന്നാണ് അവർ പറയുന്നത്. 'ആരും നിങ്ങളെ തുറിച്ചു നോക്കില്ല. ഹോട്ടലിൽ തനിയെ ഇരുന്ന് ഭക്ഷണം കഴിച്ചാലും ആർക്കും പരാതിയില്ല. ജിമ്മിൽ പോകുന്നതിനെക്കുറിച്ചോ, സാലഡ് ഓർഡർ ചെയ്യുന്നതിനെക്കുറിച്ചോ ആരും കമന്റ് പറയില്ല. മദ്യം ഒഴിവാക്കിയാലും ആരും ചോദ്യങ്ങൾ ചോദിക്കില്ല. ആദ്യം ഇതൊരു പരിചിതമല്ലാത്ത കാര്യമാണല്ലോ എന്ന് തോന്നുമെങ്കിലും പിന്നീട് വലിയൊരു സ്വാതന്ത്ര്യമായി മാറും' എന്നാണ് സന്യ കുറിച്ചത്.

 

 

ഇന്ത്യയിലെ അനുഭവങ്ങളുമായിട്ടാണ് സന്യ സിംഗപ്പൂരിനെ താരതമ്യം ചെയ്തത്. ഇന്ത്യയിൽ, ആരോഗ്യകരമായ ഭക്ഷണം കഴിക്കുമ്പോൾ ‘നീ ഡയറ്റിലാണോ?’ എന്ന ചോദ്യം ഉടൻ വരും. ജിമ്മിൽ പോയാൽ ‘ഇത്രയും ബോഡി ഉണ്ടാക്കിയിട്ട് എന്തിനാ?’ എന്ന കളിയാക്കലായിരിക്കും. മധുരം വേണ്ടെന്ന് വെച്ചാൽ ‘അല്പം എടുത്തോളൂ’ എന്ന് നിർബന്ധം പിടിക്കും. നേരത്തെ ഉറങ്ങിയാൽ ‘നീ ബോറത്തിയായിപ്പോയല്ലോ’ എന്ന കമന്റ് കേൾക്കേണ്ടി വരും. ഇങ്ങനെ ഓരോ തീരുമാനത്തിനും പിന്നിൽ ആളുകൾ അഭിപ്രായം പറയും. ഇത് ചെയ്യുന്ന കാര്യങ്ങളിലുള്ള താൽപ്പര്യം നശിപ്പിക്കുമെന്നും സന്യ പറയുന്നു. സിംഗപ്പൂർ മാത്രമല്ല, മലേഷ്യ, ബാലി, തായ്ലൻഡ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ രീതിയിൽ ആളുകൾ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ കഴിയുന്നവരാണെന്നാണ് സന്യയുടെ അഭിപ്രായം.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇന്ത്യയിൽ പലപ്പോഴും അതിരുകൾ ലംഘിക്കുന്ന തരത്തിലുള്ള കമന്റുകളായി പലതും മാറുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ, ഇത് സിംഗപ്പൂരും ഇന്ത്യയും തമ്മിലുള്ള വ്യത്യാസമല്ലെന്നും മറിച്ച് അപരിചിതരും പരിചയക്കാരും തമ്മിലുള്ള വ്യത്യാസമാണെന്നും ചിലർ വാദിച്ചു. എങ്കിലും, വ്യക്തിപരമായ കാര്യങ്ങളിൽ അനാവശ്യമായി അഭിപ്രായം പറയുന്ന ശീലം നമ്മൾ മാറ്റണമെന്ന് പലരും അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

1917 -ൽ മുത്തച്ഛൻ കടം കൊടുത്ത 35,000 രൂപ, ബ്രിട്ടൻ പലിശ ചേർത്ത് തിരിച്ച് തരണമെന്ന് ഇന്ത്യക്കാരനായ കൊച്ച് മകൻ
കോഫി ഷോപ്പിന്‍റെ പിഴവ്; 17 അക്കമുള്ള ബാലൻസ് നൽകി, യുകെ യുവതിയെ ലോകത്തിലെ 'ഏറ്റവും വലിയ സമ്പന്ന'യാക്കി