
മധ്യപ്രദേശിലെ സെഹോറിൽ നിന്ന് അസാധാരണമായ ഒരു കേസ് വാർത്താ പ്രാധാന്യം നേടി. ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സർക്കാർ വാങ്ങിയ കടം, 109 വർഷങ്ങൾക്ക് ശേഷം കുടുംബം തിരികെ ചോദിച്ച് കേസ് നൽകാൻ ഒരിങ്ങിയിരിക്കുന്നു. കുടുംബം പറയുന്നതനുസരിച്ച്, 1917 -ൽ ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് നൽകിയ 35,000 രൂപയുടെ വായ്പ, പലിശ സഹിതം, ഇന്ന് കോടിക്കണക്കിന് രൂപയുടെ തുകയായി വളർന്നു. ആ പണമാണ് ഇപ്പോൾ കൊച്ചു മകൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സെഹോറിലെ പ്രശസ്ത ബിസിനസുകാരനായ സേത്ത് ജുമ്മ ലാൽ റുത്തിയ 1917 -ൽ, ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് 35,000 രൂപ കടം കൊടുത്തിരുന്നു. യുദ്ധ സമയത്ത്, ബ്രിട്ടീഷ് സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെ അടിയന്തിരമായി പണം ആവശ്യമായി വന്നു. ഈ സമയം സാമ്പത്തിക സഹായത്തിനായി പ്രാദേശിക ഭരണകൂടം സേത്ത് ജുമ്മ ലാലിനെ സമീപിച്ചു. അദ്ദേഹം 35,000 രൂപ കൈമാറുകയും ചെയ്തു. കടം വാങ്ങിയ പണം തിരിച്ച് നൽകുമെന്ന് കാണിച്ച് ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് അന്ന് രേഖകളും കൈമാറി.
ഒന്നാം ലോകമഹായുദ്ധം ബ്രിട്ടൻ ജയിച്ചെങ്കിലും സാമ്പത്തികമായി തകർച്ചയായിരുന്നു ഫലം. അധികം താമസിക്കാതെ രണ്ടാം ലോക മഹായുദ്ധവുമെത്തി. പിന്നാലെ ഇന്ത്യ സ്വതന്ത്രമായി. ലോക രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾ നടന്ന ആ കാലത്ത് കടം വാങ്ങിയ പണം തിരികെ നൽകാൻ ബ്രിട്ടീഷ് ഭരണകൂടം മറന്നു. പിന്നാലെ അവർ ഇന്ത്യ വിട്ടു.
ബ്രിട്ടീഷ് സർക്കാർ ഒരിക്കൽ പോലും കടം തീർക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സേത്ത് ജുമ്മ ലാലിന്‍റെ ചെറുമകനായ വിവേക് റുത്തിയ ഇപ്പോൾ അവകാശപ്പെടുന്നു. 'ചരിത്രപരമായ ഒരു സാമ്പത്തിക ബാധ്യത' വീണ്ടെടുക്കാൻ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണ് താനെന്നും വിവേക് റുത്തിയ പറയുന്നു. പണപ്പെരുപ്പം മാത്രം കണക്കിലെടുക്കുമ്പോൾ, 1917 -ലെ 35,000 രൂപ ഇന്നത്തെ കറൻസിയിൽ ഏകദേശം 1.85 കോടി രൂപയ്ക്ക് തുല്യമായിരിക്കും.
പഴയ കുടുംബ രേഖകളും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഒരു വിൽപത്രവും അദ്ദേഹം ഇതിന്‍റെ തെളിവായി കാണിക്കുന്നു. കടം കൊടുത്ത് 20 വർഷങ്ങൾക്ക് ശേഷം 1937 -ൽ സേത്ത് ജുമ്മ ലാൽ മരിച്ചു. അദ്ദേഹത്തിന്‍റെ മരണശേഷം, അദ്ദേഹത്തിന്‍റെ മകൻ സേത്ത് മനക് ചന്ദ് റുതിയ ബ്രിട്ടീഷുകാർ നൽകിയ രേഖകൾ സൂക്ഷിച്ചു വച്ചു. 2013 -ൽ മനക് ചന്ദിന്‍റെ മരണശേഷം, ആ രേഖകൾ മകൻ വിവേക് റുത്തിയയുടെ കൈയിലെത്തി. ഏകദേശം 22 വർഷത്തോളം രേഖകൾ വീട്ടിൽ തന്നെയുണ്ടായിരുന്നുവെങ്കിലും അടുത്തിടെ ഒരു കുടുംബ ചർച്ചയ്ക്കിടെയാണ് ഈ വിഷയം വീണ്ടും ഉയർന്നുവന്നതെന്ന് അദ്ദേഹം പറയുന്നു.
ബ്രിട്ടീഷ് സർക്കാരിന് നിയമപരമായ നോട്ടീസ് അയയ്ക്കാൻ തയ്യാറെടുക്കുകയാണെന്ന് വിവേക് റുത്തിയ പറയുന്നു. അന്താരാഷ്ട്ര നിയമത്തെ അടിസ്ഥാനമാക്കി, ഒരു പരമാധികാര രാഷ്ട്രത്തിന് അതിന്‍റെ ചരിത്രപരമായ സാമ്പത്തിക ബാധ്യതകൾ അവഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. "ഇത് പണത്തെക്കുറിച്ച് മാത്രമല്ല, മറിച്ച് നീതിയെയും ചരിത്രത്തെയും കുറിച്ചാണ്. 1917 -ലെ 35,000 രൂപയ്ക്ക് ഇന്ന് പലിശ കൂടി ചേർത്താൽ കോടിക്കണക്കിന് രൂപ വിലവരും," വിവേക് ചൂണ്ടിക്കാണിക്കുന്നു.
വിഷയം ഹേഗ് കോടതിയിലോ അന്താരാഷ്ട്ര ജുഡീഷ്യൽ ഫോറത്തിലോ എത്താൻ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ, നൂറ്റാണ്ട് പഴക്കമുള്ള രേഖകളുടെ ആധികാരികതയും നിയമപരമായ സാധുതയും സ്ഥാപിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
റുത്തിയ കുടുംബം സെഹോറിൽ ജീവകാരുണ്യ, സാമൂഹിക സംഭാവനകൾക്ക് പേരുകേട്ടതാണ്. പട്ടണത്തിൽ ഒരു വലിയ തുണി, ധാന്യ സംരംഭം നടത്തിയിരുന്ന വിജയകരമായ ബിസിനസുകാരനായിരുന്നു സേത്ത് ജുമ്മ ലാൽ. നിരവധി സ്കൂളുകളും ആശുപത്രികളും അദ്ദേഹം നിർമ്മിച്ചിരുന്നു.