
സിംഗപ്പൂരിലെ പ്രശസ്തമായ മറീന ബേ സാൻഡ്സ് റൂഫ്‌ടോപ്പ് ബാറിൽ വച്ച് 20 -കാരിയായ വനിതാ ജീവനക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ ഇന്ത്യൻ യുവതിക്ക് കോടതി 2,500 സിംഗപ്പൂർ ഡോളർ പിഴ ചുമത്തി. ഇന്ത്യൻ വംശജയായ 32 -കാരി സോണിക് അർച്ചന സുശീലിനെതിരെയാണ് ശിക്ഷ വിധിച്ചത്. സംഭവത്തെത്തുടർന്ന് തനിക്ക് ജോലിയും ആറുമാസത്തെ വരുമാനമായ 18,000 ഡോളറും നഷ്ടപ്പെട്ടെന്നും അതിക്രമത്തിന് ഇരയായ യുവതി കോടതിയെ അറിയിച്ചു.
2026 മാർച്ച് 14 ന് പുലർച്ചെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാർച്ച് 13 -ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം ബാറിലെത്തിയ സോണിക് വീട്ടിൽനിന്ന് മദ്യപിച്ച ശേഷമാണ് ബാറിലത്തിയത്. ബാറിൽ വച്ചും ഇവർ മദ്യപിച്ചു. പുലർച്ചെ 12.33 ഓടെ സോണിക് ഒറ്റയ്ക്ക് നൃത്തം ചെയ്യുന്നതിനിടെ ഷിഫ്റ്റ് അവസാനിപ്പിച്ച് മടങ്ങുകയായിരുന്ന ജീവനക്കാരിയും സഹപ്രവർത്തകരും സമീപത്തുകൂടി കടന്നുപോയി. ഈ സമയത്ത് സോണിക് യുവതിയുടെ ശരീരത്തിൽ അനുചിതമായി സ്പർശിക്കുകയും തള്ളുകയും നടുവിരൽ ഉയർത്തി അപമാനിക്കുകയും ചെയ്തെന്ന് വനിതാ ജീവനക്കാരി കോടതിയെ അറിയിച്ചു. ഏകദേശം അഞ്ച് സെക്കൻഡിനുള്ളിലായിരുന്നു ഈ സംഭവമത്രയും നടന്നത്. അസ്വസ്ഥയായ ജീവനക്കാരി ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടി. തുടർന്ന് പൊലീസെത്തി സോണിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പ്രതിക്ക് ഇതിന് മുമ്പ് ക്രിമിനൽ കേസുകളില്ലെന്നും സംഭവത്തിൽ ഖേദിക്കുന്നുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. മാനസിക വിഷമത്തിനുള്ള നഷ്ടപരിഹാരമായി 1,500 ഡോളർ യുവതിക്ക് നൽകിയതായും ചികിത്സാചെലവ് വഹിക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കി. ഇതോടെ പിഴ 2,500 ഡോളറായി ഉയർത്തിയ കോടതി ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് 18,000 ഡോളർ കൂടി നഷ്ടപരിഹാരം നൽകണമെന്ന വാദി ഭാഗത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി, തൊഴിൽ സംബന്ധമായ നഷ്ടപരിഹാര ആവശ്യം മറ്റൊരു നിയമവേദിയിൽ ഉന്നയിക്കാമെന്നും വ്യക്തമാക്കി. ഒക്ടോബർ 29 -നാണ് കോടതി പിഴ വിധിച്ചത്.