ഇനി എന്തൊക്കെയാണ് ഈ സലാഡിലെ ചേരുവകൾ എന്നല്ലേ? മൊത്തം 1,962.2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഈ സലാഡിൽ മുട്ട, വിവിധതരം സോസേജുകൾ, കോൾഡ് കട്സ്, ഇറച്ചി വിഭവങ്ങൾ, ചോളം, കാപ്സിക്കം, ലെറ്റ്യൂസ്, സവാള തുടങ്ങിയ 52 ചേരുവകളും പരമ്പരാഗത ഡ്രസ്സിംഗും ഉപയോഗിച്ചിട്ടുണ്ട്.

52 തരം ചേരുവകൾ ഉപയോഗിച്ച് 1,962.2 കിലോഗ്രാം ഭാരമുള്ള ഭീമൻ ട്രഡീഷണൽ സലാഡ് തയാറാക്കി ഗിന്നസ് ലോക റെക്കോർഡ് നേടി ​ഗ്വാട്ടിമലയിലെ ഷെഫുമാരുടെ സംഘം. 'ഫിയാംബ്രെ' (Fiambre) എന്ന് വിളിക്കപ്പെടുന്ന ഈ സലാഡ്, നവംബർ 1, 2 തീയതികളിലെ 'ഓൾ സെയ്ന്റ്സ് ഡേ', 'ഓൾ സോൾസ് ഡേ' ആഘോഷങ്ങളുടെ ഭാഗമായാണ് ഒരുക്കിയത്.

'ടൊളേഡോ അലിമെന്റോസ്' എന്ന ഫുഡ് കമ്പനിയുടെ നേതൃത്വത്തിൽ ഒക്ടോബർ 24 -നായിരുന്നു റെക്കോർഡ് പ്രകടനം. ഷെഫുമാരും വളണ്ടിയർമാരും മണിക്കൂറുകളോളം പരിശ്രമിച്ചാണ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച ഈ വിഭവം തയാറാക്കിയത്.

ഇനി എന്തൊക്കെയാണ് ഈ സലാഡിലെ ചേരുവകൾ എന്നല്ലേ? മൊത്തം 1,962.2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഈ സലാഡിൽ മുട്ട, വിവിധതരം സോസേജുകൾ, കോൾഡ് കട്സ്, ഇറച്ചി വിഭവങ്ങൾ, ചോളം, കാപ്സിക്കം, ലെറ്റ്യൂസ്, സവാള തുടങ്ങിയ 52 ചേരുവകളും പരമ്പരാഗത ഡ്രസ്സിംഗും ഉപയോഗിച്ചിട്ടുണ്ട്.

​ഗ്വാട്ടിമലയിലെ 'സെൻട്രോ കൊമേഴ്‌സിയൽ കയാല'യിൽ വച്ചായിരുന്നു പരിപാടി. ഗ്വാട്ടിമലയിൽ നവംബർ ആദ്യവാരത്തിൽ കുടുംബങ്ങൾ പരമ്പരാഗതമായി തയാറാക്കുന്ന ഒരു ചിൽഡ് സലാഡ് വിഭവമാണ് ഫിയാംബ്രെ. മരിച്ചുപോയ മുൻതലമുറക്കാരുടെ കല്ലറകളിൽ ഭക്ഷണം കൊണ്ടുവെക്കുന്ന പാരമ്പര്യത്തിൽ നിന്നാണ് വ്യത്യസ്ത വിഭവങ്ങൾ സംയോജിപ്പിച്ചുള്ള ഫിയാംബ്രെയുടെ ജനനം എന്ന് വിശ്വസിക്കപ്പെടുന്നു.

ഗിന്നസ് വേൾഡ് റെക്കോർഡ്സ് അഡ്ജുഡിക്കേറ്റർ സുസാന റെയസിന്റെ മേൽനോട്ടത്തിലായിരുന്നു അളവെടുപ്പ്. കുറഞ്ഞത് 500 കിലോഗ്രാം ഭാരം വേണമെന്നിരിക്കെയാണ് 1,962.2 കിലോഗ്രാം തൂക്കം കണ്ടെത്തി റെക്കോർഡ് പ്രഖ്യാപിച്ചത്. റെക്കോർഡ് നേട്ടത്തിന് ശേഷം ചടങ്ങിൽ പങ്കെടുത്തവർക്ക് സലാഡ് രുചിച്ചുനോക്കാൻ അവസരം നൽകി. സലാഡ് വിറ്റഴിച്ചതിൽ നിന്നുള്ള വരുമാനം ​ഗ്വാട്ടിമാലയിലെ യുവ ഷെഫുമാരുടെ ഉപരിപഠന സ്കോളർഷിപ്പിനായി ഉപയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.