
വിദേശത്ത് താമസിക്കുന്ന ചിലരെങ്കിലും അനുഭവിക്കുന്ന പ്രതിസന്ധിയാണ് അവിടെ തന്നെ കഴിയണോ, അതോ ജന്മനാട്ടിലേക്ക് തിരികെ വരണോ എന്നത്. അത്തരത്തിലുള്ള തന്റെ ആശങ്കകൾ പങ്കുവയ്ക്കുകയാണ് ഒരു യുവതി റെഡ്ഡിറ്റിൽ. താനും ഭര്‍ത്താവും ഇന്ത്യയിലേക്ക് മടങ്ങാതെയിരുന്നാൽ, അവര്‍ മോശം വ്യക്തികളാകുമോ എന്നാണ് യുവതി ചോദിക്കുന്നത്.
@gfffgvhjjnki എന്ന യൂസറാണ് ഭാവിയെ കുറിച്ചുള്ള തന്റെ ആശങ്കകൾ പങ്കുവച്ചിരിക്കുന്നത്. 'തനിക്ക് 29 വയസാണ്. ഇന്ത്യക്കാരനെ തന്നെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഞങ്ങൾ രണ്ടുപേരും കാനഡയിൽ നല്ല തുക സമ്പാദിക്കുന്നുണ്ട്. ഞങ്ങൾക്ക് കുട്ടികളില്ല. കുട്ടികൾ വേണം എന്നും ഇല്ല. ആദ്യം ഞങ്ങൾ കരുതിയത് കുറച്ചുകാലത്തേക്ക് മാത്രം കാനഡയിൽ കഴിയാം എന്നാണ്. എന്നാൽ, ഇപ്പോൾ നമ്മുടെ പിആർ കാലാവധി കഴിയാൻ പോവുകയാണ്. അതിനാൽ നമുക്ക് പൗരത്വം നേടുകയോ അല്ലെങ്കിൽ പിആർ പുതുക്കുകയോ ചെയ്യണം. ഇതേക്കുറിച്ച് തന്നെ ഞങ്ങൾ ആലോചിക്കുകയാണ്' എന്നാണ് യുവതി എഴുതുന്നത്.
എങ്ങനെയാണ് തങ്ങളുടെ പ്ലാൻ മാറിയത് എന്നും യുവതി പറയുന്നുണ്ട്. 'ഇവിടുത്തെ ഞങ്ങളുടെ ജീവിതം ഞങ്ങൾക്ക് ഇഷ്ടപ്പെടുന്നുണ്ട്. ഞങ്ങളുടെ മാതാപിതാക്കൾ വർഷത്തിൽ ഒരിക്കൽ ഞങ്ങളെ കാണാൻ വരാറുണ്ട്. പക്ഷേ, കുറച്ച് വർഷത്തിനുള്ളിൽ അവർക്കതിന് കഴിയാതെ വരുമോ എന്ന് ഞങ്ങൾക്ക് ആശങ്കയുണ്ട്. ഇന്ത്യയിലെ ഓരോ കാര്യങ്ങളെ കുറിച്ച് വായിക്കുമ്പോൾ ഞങ്ങൾക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരാനും ഭയമുണ്ട്. ഞങ്ങൾ സമാധാനപരമായി ജീവിക്കാനിഷ്ടപ്പെടുന്നു. നാട്ടിലേക്ക് വന്നാൽ അത് സാധ്യമാകുമോ എന്ന് ഞങ്ങൾക്കറിയില്ല. കാനഡയിൽ തന്നെ കഴിയാൻ തീരുമാനിച്ചാൽ ഞങ്ങൾ മോശക്കാരാകുമോ' എന്നാണ് യുവതിയുടെ ചോദ്യം.
മിക്കവരും യുവതിയോട് പറഞ്ഞത്, എവിടെ ജീവിക്കണം എന്ന നമ്മുടെ തീരുമാനം നമ്മുടേത് മാത്രമാണ്. അത് എടുക്കുന്നതിന് ഒരു കുറ്റബോധവും വേണ്ട. അങ്ങനെ ചെയ്തത് കൊണ്ട് നമ്മൾ മോശക്കാരും ആകില്ല എന്നാണ്. അതേസമയം, എന്തുകൊണ്ടാണ് ഇന്ത്യയിലേക്ക് വരണമെന്ന് തോന്നുമ്പോൾ ഭയക്കുന്നത് മിക്ക രാജ്യങ്ങളിലും പലവിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലേ എന്ന് ചോദിച്ചവരും ഉണ്ട്.