
തന്റെ ജോലിയുമായി ബന്ധപ്പെട്ട് കിട്ടുന്ന ആനുകൂല്യങ്ങളെ കുറിച്ചും ജോലിയിലെ ഉത്തരവാദിത്തങ്ങളെ കുറിച്ചും സംസാരിക്കുകയാണ് എമിറേറ്റ്സിലെ ഒരു ഒരു ഫ്ലൈറ്റ് അറ്റൻഡന്റ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ എയർലൈനിൽ ഫ്ലൈറ്റ് അറ്റൻഡന്റാകാൻ എന്താണ് വേണ്ടതെന്നും സെറീന വില്യംസ് ബിസിനസ് ഇൻസൈഡറുമായി സംസാരിക്കവെ വെളിപ്പെടുത്തി.
31 -കാരിയായ സെറീന 2013 -ൽ ലണ്ടനിലെ ഈസിജെറ്റിലാണ് തന്റെ ഫ്ലൈറ്റ് അറ്റൻഡന്റായുള്ള കരിയർ ആരംഭിച്ചത്. അതിന് മുമ്പ് അവർ ഒരു ഒരു ബ്യൂട്ടി തെറാപ്പിസ്റ്റ് ആയിരുന്നു. അതിൽ നിന്നും തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഫ്ലൈറ്റ് അൻഡന്റ് ആവുന്നത്. ഈസിജെറ്റിൽ രണ്ട് വർഷം ജോലി ചെയ്ത ശേഷം, കുറച്ച് കൂടുതൽ ലേഓവറുകളുള്ള ഏതെങ്കിലും ക്യാബിൻ ക്രൂവിന്റെ ഭാഗമാവണം എന്ന ആഗ്രഹത്തോടെ അവൾ ബ്രിട്ടീഷ് എയർവേയ്‌സിൽ അപേക്ഷിക്കുകയും അഞ്ച് വർഷം അവിടെ ജോലി ചെയ്യുകയും ചെയ്തു.
2022 -ലാണ്, എമിറേറ്റ്‌സിൽ ജോലി ലഭിച്ചതിനെത്തുടർന്ന് സെറീന യുകെയിൽ നിന്ന് നേരെ ദുബായിലേക്ക് താമസം മാറുന്നത്. ഇവിടെ, ഒരു ബ്യൂട്ടി തെറാപ്പിസ്റ്റ് എന്ന നിലയിലുള്ള തന്റെ മുൻകാല പരിചയം അതിശയിപ്പിക്കുന്ന രീതിയിൽ പ്രയോജനപ്പെട്ടു എന്നാണ് സെറീന പറയുന്നത്.
"സൗന്ദര്യത്തിലെ എന്റെ പശ്ചാത്തലം സഹായകരമായി. എമിറേറ്റ്‌സിൽ, ചുവന്ന ചുണ്ടുകളും ഒപ്പം ബേസിക്കായിട്ടുള്ള മേക്കപ്പ് ധരിക്കേണ്ടതും നിർബന്ധമാണ്- അത് നമ്മുടെ യൂണിഫോമിന്റെ തന്നെ ഭാഗമാണ്" എന്നാണ് അവർ ബിസിനസ് ഇൻസൈഡറിനോട് പറഞ്ഞത്.
ഒരു ഫ്ലൈറ്റ് അറ്റൻഡന്റിന്റെ ജീവിതം ഡ്രിങ്ക്സും ഫുഡ്ഡും വിളമ്പുന്നത് മാത്രമല്ല. അതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അതിലുണ്ട് എന്നാണ് സെറീന പറയുന്നത്. വിമാനത്തിലെ സുരക്ഷാ പരിശോധന, സുരക്ഷാ ഉപകരണങ്ങളുടെ പരിശോധനകൾ എന്നിവയ്ക്കെല്ലാം ഞങ്ങൾ കൂടി ഉത്തരവാദികളാണ്. വിമാനത്തിൽ പലപ്പോഴും മെഡിക്കൽ സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്, ആ സമയത്ത് അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾ അറിഞ്ഞിരിക്കണം എന്നും സെറീന വിശദീകരിക്കുന്നു.
ഒപ്പം സാമ്പത്തികമായി ഉണ്ടായ നേട്ടങ്ങളെ കുറിച്ചും അവർ അഭിമുഖത്തിൽ വെളിപ്പെടുത്തി. താൻ എമിറേറ്റ്സ് എടുത്തുതന്ന താമസസൗകര്യത്തിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ, ഇന്ന് തനിക്ക് ദുബായിയിൽ സ്വന്തമായി അപാർട്‍മെന്റുണ്ട് എന്നും അവൾ പറഞ്ഞു. എമിറേറ്റ്സ് ജീവനക്കാരി എന്ന നിലയിൽ തനിക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ കുറിച്ചും അവർ വാചാലയായി. ദുബായ് തനിക്ക് നമ്പർ വൺ സിറ്റിയാണ് എന്നും സെറീന പറയുന്നു.