
ന്യൂസിലാൻഡിലെ ഓക്‌ലാൻഡിൽ ഫെറി ടെർമിനലിൽ കഴിഞ്ഞ ദിവസം നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവം. 73 -കാരിയായ ഒരു സ്ത്രീ മദ്യലഹരിയിൽ ഓടിച്ച എസ്‌യുവി നിയന്ത്രണം തെറ്റി കടലിൽ വീണു. ബൈക്ക് ഷെൽട്ടറിലേക്കിടിച്ചു കയറിയ വാഹനം റെയിലിംഗ് തകർത്ത് കടലിലേക്ക് വീഴുകയായിരുന്നു. ദൃക്സാക്ഷികളുടെ സമയോചിതമായ ഇടപെടലിൽ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന സ്ത്രീയെ രക്ഷപ്പെടുത്തി. വാഹനം പൂർണമായും കടലിൽ മുങ്ങിപ്പോയി.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. ദൃശ്യങ്ങളിൽ അമിത വേഗതയിൽ നിയന്ത്രണം വിട്ടെത്തിയ വാഹനം റെയിലിംഗ് തകർത്ത് കടലിലേക്ക് വീഴുന്നത് കാണാം. വാഹനം കടലിൽ പതിച്ചതും വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന സ്ത്രീ അത്ഭുതകരമായി വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. എന്നാല്‍ മദ്യ ലഹരിയില്‍ നീന്താനാകാതെ വെള്ളത്തിൽ സാഹസപ്പെട്ട് കിടന്ന ഇവരെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ജീവരക്ഷാ വളയങ്ങൾ എറിഞ്ഞ് കൊടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു. കൂടാതെ സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാൾ താഴെക്കിറങ്ങി ചെന്നാണ് ഇവരെ മുകളിലേക്ക് വലിച്ച് കയറിയത്. ഇതിനിടെ വാഹനം പൂർണമായും കടലിൽ മുങ്ങിപ്പോയി.
വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് വൈഹേക്കെ സ്റ്റേഷൻ സർജന്‍റ് റേ മാത്യൂസ് മാധ്യമങ്ങളോട് പറഞ്ഞു. വാഹനം പൂർണമായും മുങ്ങിപ്പോയതിനാൽ കണ്ടെത്താനായിട്ടില്ല. പോലീസ് നടത്തിയ വൈദ്യ പരിശോധനയിൽ സ്ത്രീ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് കണ്ടെത്തി. ഇവിടെ ശരീരത്തിൽ 290 mcg/L മദ്യത്തിന്‍റെ അളവ് കണ്ടെത്തിയതായാണ് മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നത്. ഇത് നിയമപരമായി അനുവദനീയമായ അളവിനെക്കാൾ കൂടുതലാണ്. അതിനാൽ സ്ത്രീയ്‌ക്കെതിരെ മദ്യലഹരിയിൽ വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു. അപകടത്തിൽ ഫെറി ടെർമിനലിലെ ബൈക്ക് ഷെൽട്ടറിന്‍റെ ഗ്ലാസ്, റെയിലിംഗ് എന്നിവ തകർന്നതായി ഓക്‌ലാൻഡ് ട്രാൻസ്‌പോർട്ട് അറിയിച്ചു.